‘ദൈവവും മരണാനന്തര ജീവിതവുമില്ല, വേണ്ടത് വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ട്’

ജീവിച്ചിരുന്ന കാലത്ത് ഗവേഷകരുടെയും വിദ്യാർഥികളുടെയും സംശയങ്ങൾ പല തരത്തിലുള്ള ചോദ്യങ്ങളായി കേട്ടു പരിചയമുള്ള വ്യക്തിയായിരുന്നു ലോക പ്രശസ്ത ഊർജതന്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്. ഏറെ കേട്ടു പരിചയിച്ച പത്തു അടിസ്ഥാന ചോദ്യങ്ങൾക്ക് തന്‍റെ അവസാന പുസ്തകത്തിലൂടെ ഉത്തരം പറഞ്ഞിരിക്കുകയാണ് ഹോക്കിങ്. ദൈവം, സ്വർഗം, മരണാന്തര ജീവിതം തുടങ്ങിയവയെ കുറിച്ചായിരുന്നു ചോദ്യങ്ങളിൽ കൂടുതലും. മരണാന്തര ജീവിതമോ ദൈവമോ ഇല്ലെന്നാണ് ഹോക്കിങ്ങിന്റെ നിലപാടെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്.

നമ്മൾക്ക് എന്താണോ വേണ്ടത്, അത് വിശ്വസിക്കാൻ നാം ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. ദൈവമില്ലെന്നാണ് ചുരുങ്ങിയ വാക്കുകളിൽ എന്‍റെ വിശ്വാസം. ഈ പ്രപഞ്ചം ആരും സൃഷ്ടിച്ചതല്ല. നമ്മുടെ ഭാവി ആരും നിയന്ത്രിക്കുന്നുമില്ല. ഇതെന്നെ നയിക്കുന്നത് പരമമായ ഒരു തിരിച്ചറിവിലേക്കാണ് – സ്വർഗമോ മരണാന്തര ജീവിതമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മരണാന്തര ജീവിതത്തിലുള്ള വിശ്വാസം ഒരു ആഗ്രഹം മാത്രമാണെന്നാണ് ഞാൻ കരുതുന്നത് – പുറത്തിറങ്ങിയ പുസ്തകത്തിലുള്ളതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

പുസ്തക പ്രകാശന ചടങ്ങിൽ ഹോക്കിങ്ങിന്‍റെ മകൾ ലൂസി ഹോക്കിങും പങ്കെടുത്തു. തന്‍റെ പിതാവിന്‍റെ ശബ്ദം ഒരിക്കൽ കൂടി കേട്ടത് വൈകാരികമായ ഒരു അനുഭവമായിരുന്നുവെന്നും കണ്ണുകള്‍ നിറഞ്ഞതിനാൽ താൻ മുഖം തിരിച്ചെന്നും അവർ പറഞ്ഞു. 

ദൈവത്തെ കുറിച്ച് ഹോക്കിങ് പറഞ്ഞ്

‘എങ്ങനെയാണീ പ്രപഞ്ചമുണ്ടായത് എന്നതിന്റെ ഉത്തരം നൽകാൻ ഇന്നേറെ തെളിവുകൾ നിരത്തി ശാസ്ത്രത്തിന് സാധിക്കും. അതിനിടയിലേക്ക് വെറുതെ ദൈവത്തെ തിരുകിക്കയറ്റേണ്ട ആവശ്യമില്ല. ശാസ്ത്രത്തിന്റെ കയ്യിൽ എല്ലാറ്റിനും ഉത്തരമുണ്ട്. ഈ പ്രപഞ്ചത്തിൽ ദൈവമില്ല...’ പറഞ്ഞത് മറ്റാരുമല്ല, അൻപത് വർഷത്തിലേറെയായി ഒരു വീൽചെയറിലിരുന്നു അദ്ഭുതങ്ങൾ കാണിച്ച് വിടപറഞ്ഞ, പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ പോലും തിരുത്തിക്കുറിച്ച കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ–സ്റ്റീഫൻ ഹോക്കിങ്. 

ദൈവത്തെ കുറിച്ച് പണ്ടൊരിക്കൽ ഹോക്കിങ് ഇങ്ങനെ പറഞ്ഞു: ‘ദൈവമെന്ന വാക്ക് ഞാൻ ഉപയോഗിക്കാറുണ്ട്. അത് ഐൻസ്റ്റീനൊക്കെ പ്രയോഗിച്ചിരുന്നതു പോലെത്തന്നെയാണ്. അതായത് പ്രകൃതിയുടെ ശാസ്ത്രനിയമങ്ങളെ വിശദീകരിക്കാൻ...അല്ലാതെ എല്ലാം നിയന്ത്രിക്കുന്ന ദൈവമൊന്നുമില്ല. ശാസ്ത്രമാണ് സത്യം...’

സ്റ്റീഫൻ ഹോക്കിങ് ദൈവവിശ്വാസം സംബന്ധിച്ച് നിരവധി തവണ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരിക്കൽ ഇങ്ങനെ പറഞ്ഞു, ‘ശാസ്ത്രം വികസിക്കാത്ത കാലത്ത് പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്ന് ജനം വിശ്വസിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ പ്രപഞ്ചോൽപത്തി സംബന്ധിച്ച് ഇന്ന് ശാസ്ത്രം വിശ്വാസയോഗ്യമായ ഒട്ടേറെ തെളിവുകൾ നൽകുന്നുണ്ട്. ഈ ലോകത്ത് ദൈവമില്ലെന്നതാണു സത്യം, ഉണ്ടെങ്കിൽത്തന്നെ മനുഷ്യന് അറിയാവുന്നതിൽ കൂടുതലൊന്നും അദ്ദേഹത്തിന് അറിയാനും പോകുന്നില്ല...’