ചൈനയ്ക്ക് രാത്രി വെളിച്ചമേകാൻ 3 കൃത്രിമ ചന്ദ്രൻ; കോടികൾ ലാഭം!

ലോകത്തെ ഒട്ടുമിക്ക പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. ബഹിരാകാശ സാധ്യതകൾ കഴിവതും ഉപയോഗപ്പെടുത്തുന്നതിലും ചൈന മുന്നില്‍ തന്നെ. തെരുവുവിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രനെ ബഹിരാകാശത്ത് എത്തിക്കാനാണ് ചൈനയുടെ പുതിയ പദ്ധതി.

കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നതിന്റെ രൂപരേഖയും ലാഭ നേട്ടങ്ങൾ വരെ ചൈനീസ് വിദഗ്ധർ കണക്കാക്കി കഴിഞ്ഞു. ചൈനീസ് നഗരങ്ങൾക്കും തെരുവുകൾക്കും രാത്രിയില്‍ വെളിച്ചം നല്‍കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 2020ൽ പദ്ധതി നടപ്പിലായാൽ തെരുവു വിളക്കുകള്‍ക്കു പകരം കൃത്രിമ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന സയന്‍സ് സൊസൈറ്റിയുടെ തലവന്‍ വു ചുങ്‌ഫെങ് പറഞ്ഞത്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ദു നഗരത്തിനാണു കൃത്രിമ ചന്ദ്രന്റെ ആദ്യഘട്ടത്തിലെ പ്രയോജനം ലഭിക്കുക. ഇതിനായി ഇല്ലൂമിനേഷൻ സാറ്റ്‌ലൈറ്റ് നിർമാണം തുടങ്ങി. നിലവിലെ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചമേകാൻ കൃത്രിമ ചന്ദ്രനു കഴിയുമെന്നാണ് അവകാശവാദം. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോള്‍ കൃത്രിമ ചന്ദ്രന്റെ വെളിച്ചം രക്ഷാപ്രവർത്തനത്തിന് കൃത്രിമ ചന്ദ്രന്റെ പ്രകാശം ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്.

കൃത്രിമ ചന്ദ്രൻ പദ്ധതി നടപ്പിലായാൽ ആദ്യ ഘട്ടത്തില്‍ തന്നെ വർഷം 17 കോടി ഡോളർ ലാഭമുണ്ടാക്കാൻ സാധിക്കും. 50 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന് വെളിച്ചം നൽകാൻ ശേഷിയുള്ളതാണ് കൃത്രിമ ചന്ദ്രൻ. ആദ്യഘട്ട പദ്ധതി വിജയിച്ചാൽ രണ്ടു ചന്ദ്രനുകളെ കൂടി വിക്ഷേപിക്കും.

അതേസമയം, രാത്രി പകലാക്കാനുള്ള ചൈനീസ് പദ്ധതിക്കെതിരെ വ്യാപക പരാതികളും ഉയർന്നിട്ടുണ്ട്. കൃത്രിമ ചന്ദ്രനെ ഉപയോഗിച്ച് രാത്രി പകലാക്കി മാറ്റിയാൽ ഭൂമിയിലെ ആവാസ വ്യവസ്ഥ തന്നെ മാറുമെന്നും ജീവികളെയും സസ്യങ്ങളെയും ഇത് ബാധിക്കുമെന്നും ആരോപണമുണ്ട്. രാത്രിയിൽ ഇരപിടിക്കാൻ ഇറങ്ങുന്ന ജീവികളെ പോലും ഇത് ബാധിക്കുമെന്നാണ് ഗവേഷകര്‍ ആരോപിക്കുന്നത്.