നദി വറ്റി വരണ്ടപ്പോള്‍ പ്രത്യക്ഷമായത് കപ്പൽ നിറയെ നിധി, സ്വര്‍ണ നാണയങ്ങൾ

ഡാന്യൂബ് നദിയിലെ ജലനിരപ്പ് റെക്കോഡ് നിലയിലേക്ക് താഴ്ന്നപ്പോള്‍ തീരത്ത് പൊന്തിവന്നത് നൂറ്റാണ്ടുകള്‍ക്ക് മുൻപ് മുങ്ങിയ ചരക്കു കപ്പല്‍. 16-17 നൂറ്റാണ്ട് കാലത്തെ ആയുധങ്ങളും നാണയങ്ങളുമുള്ള കപ്പല്‍ പതിനെട്ടാം നൂറ്റാണ്ടിലെപ്പോഴോ ആണ് മുങ്ങിയതെന്നാണ് കരുതപ്പെടുന്നത്. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ഡാന്യൂബിന്റെ തീരത്തു നിന്നാണ് ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരിക്കുന്നത്. 

ദിവസങ്ങള്‍ നീണ്ട പര്യവേഷണങ്ങള്‍ക്കൊടുവില്‍ ഫെറന്‍സി മ്യൂസിയത്തിലെ ഗവേഷകരാണ് ഈ അപൂര്‍വ്വ നിധിശേഖരം കണ്ടെത്തിയത്. സ്വര്‍ണ നാണയങ്ങളും പൗരാണിക ആയുധങ്ങളും അടങ്ങുന്ന ഈ ശേഖരം ആദ്യം കണ്ടെത്തിയത് അമേച്വര്‍ പുരാവസ്തു ഗവേഷകനാണെന്ന് ഫെറന്‍സി മ്യൂസിയം ഡയറക്ടര്‍ അറിയിച്ചു. 

രണ്ടായിരത്തോളം നാണയങ്ങളാണ് കപ്പലില്‍ നിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഹാബ്‌സ്ബര്‍ഗ് രാജവംശത്തിലെ ഏക വനിതാ ഭരണാധികാരിയായിരുന്ന മരിയ തെരേസയുടെ കാലത്തുള്ള 1743ലെ നാണയങ്ങള്‍ വരെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 17-18 നൂറ്റാണ്ട് കാലത്ത് ഹംഗറയില്‍ പ്രചാരത്തിലുണ്ടായിരുന്ന 22 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങളും കപ്പലില്‍ നിന്നും കണ്ടെത്തി. ലഭിച്ച പുരാവസ്തുക്കളുടെ പ്രദര്‍ശനം 2020 ഓടെ നടത്താനാണ് ഗവേഷകരുടെ തീരുമാനം. 

കഴിഞ്ഞ കുറച്ചുമാസങ്ങളായി കഠിനമായ വരള്‍ച്ചയെ തുടര്‍ന്ന് ഹംഗറിയിലെ നദികളുടെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു. ഓഗസ്റ്റില്‍ ഡാന്യൂബ് നദിയിലെ ജലനിരപ്പ് റെക്കോഡ് നിലയായ 0.61 മീറ്റര്‍ വരെ കുറഞ്ഞിരുന്നു. ഇതിന് മുൻപ് 2003ല്‍ 0.51 മീറ്റര്‍ കുറഞ്ഞതായിരുന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പ്. 

ഡാന്യൂബ് നദിയിലെ ജലനിരപ്പ് കുറഞ്ഞത് കപ്പല്‍ ഗതാഗതത്തേയും ദോഷകരമായി ബാധിച്ചു. കിഴക്കന്‍ യൂറോപ്പിനേയും പടിഞ്ഞാറന്‍ യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന സുപ്രധാന കപ്പല്‍ മാര്‍ഗമാണ് ഡാന്യൂബ് നദി വഴിയുള്ളത്. ഹംഗറി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെ തങ്ങളുടെ കപ്പലുകള്‍ രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ മേഖലയിലൂടെ സഞ്ചരിക്കുന്നത് തടഞ്ഞിരുന്നു. രണ്ട് ആഴ്ചയോളമായി പല വമ്പന്‍ ചരക്കുകപ്പലുകളും ബുഡാപെസ്റ്റില്‍ പിടിച്ചിട്ടിരിക്കുകയാണ്.