മനുഷ്യരേക്കാള്‍ നിവര്‍ന്നു നടന്നവരാണ് നിയാണ്ടർത്താൽ; പഠിച്ചത് തിരുത്തേണ്ടി വരുമോ?

നിയാണ്ടർത്താൽ മനുഷ്യരെകുറച്ച് പാഠപുസ്തകങ്ങളില്‍ പഠിച്ച പലതും തിരുത്തേണ്ടി വരുമെന്ന് പുതിയ ഗവേഷണഫലം. ആധുനിക മനുഷ്യരേക്കാള്‍ നിവര്‍ന്നു നില്‍ക്കുകയും നടക്കുകയും ചെയ്തിരുന്നവരാണ് നിയാണ്ടർത്താൽ മനുഷ്യരെന്നാണ് പുതിയ കണ്ടെത്തല്‍. ആധുനിക മനുഷ്യരെക്കാല്‍ നിവര്‍ന്നുള്ള നില്‍പ്പ് മാത്രമല്ല വലുതും ശക്തവുമായ ശ്വാസകോശങ്ങളും അവര്‍ക്കുണ്ടായിരുന്നു. 

പൂര്‍വ്വികരില്‍ നിന്നും മനുഷ്യരിലേക്കുള്ള പരിണാമത്തെ കാണിക്കുന്ന സ്ഥിരം ചിത്രങ്ങളിലെ സാന്നിധ്യമാണ് നിയാണ്ടർത്താൽ മനുഷ്യര്‍. ആധുനിക മനുഷ്യനേക്കാള്‍ കുനിഞ്ഞു നില്‍ക്കുന്ന നിയാഡര്‍താലിന്റെ ചിത്രമായിരിക്കും അത്. ആ ധാരണ തെറ്റാണെന്നാണ് പുതിയ ഗവേഷണം തെളിയിക്കുന്നത്. നിയാണ്ടർത്താൽ മനുഷ്യരുടെ വാരിയെല്ലുകള്‍ക്കുള്ളിലായിരുന്നു നട്ടെല്ലിന്റെ സ്ഥാനം. ഇത് അവയുടെ നെഞ്ച് കൂടുതല്‍ പുറത്തേക്ക് തള്ളുന്നതിന് സഹായിക്കുകയാണ് ചെയ്തത്. 

ആധുനിക മനുഷ്യന്റെയും നിയാണ്ടർത്താൽ മനുഷ്യരുടെയും നെഞ്ചിന്റെ രൂപത്തില്‍ മാറ്റമുണ്ട്. ആധുനിക മനുഷ്യന്റെ നെഞ്ചിന്റെ മുകള്‍ഭാഗം വീതി കൂടിയും താഴേക്ക് പോകും തോറും വീതി കുറഞ്ഞുമാണിരിക്കുന്നത്. എന്നാല്‍ നിയാണ്ടർത്താൽ മനുഷ്യരുടെ നെഞ്ചിന്റെ മുകള്‍ഭാഗം വീതി കുറഞ്ഞും താഴേക്ക് പോകുംതോറും വീതി കൂടിയുമാണുള്ളത്. ഇത് അവക്ക് കൂടുതല്‍ ശക്തിയേറിയതും വലിപ്പമുള്ളതുമായ ശ്വാസകോശങ്ങൾ ഉണ്ടായിരുന്നുവെന്നതിന് തെളിവായാണ് കരുതപ്പെടുന്നത്. 

60,000 വര്‍ഷം മുൻപ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യന്റെ എല്ലുകളുടെ സിടി സ്‌കാന്‍ രൂപമാണ് പുതിയ ചിന്തകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 1983ല്‍ വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ മലനിരകളില്‍ നിന്നാണ് 60,000 വര്‍ഷം മുൻപ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ യുവാവായ 'മോഷെ'യുടെ അസ്ഥികൂടം ലഭിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയുടേയും സി.ടി സ്‌കാനിന്റേയും സഹായത്തിലാണ് മോഷെയുടെ അസ്ഥികൂടത്തിന്റെ ബാക്കി ഭാഗം ഗവേഷകര്‍ യോജിപ്പിച്ചത്. 

അടുത്തിടെ നടന്ന ഗവേഷണങ്ങളില്‍ നിന്നും നിയാണ്ടർത്താൽ മനുഷ്യരും ആധുനിക മനുഷ്യരും ഇടകലര്‍ന്ന് ജീവിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പം നിയാഡര്‍താലുകളുടെ തലച്ചോറിനുമുണ്ടായിരുന്നു. സ്വന്തമായ സംസ്‌ക്കാരവും ജീവിതരീതിയുമുണ്ടായിരുന്ന നിയാണ്ടർത്താൽ മനുഷ്യര്‍ ഒപ്പമുള്ളവര്‍ മരിക്കുമ്പോള്‍ സംസ്‌ക്കാരം നടത്തിയിരുന്നു. ആധുനിക മനുഷ്യര്‍ക്കൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് നിയാണ്ടർത്താൽ മനുഷ്യരുടെ വംശമറ്റുപോയതെന്നാണ് കരുതപ്പെടുന്നത്.