ചൊവ്വയില്‍ വൻ പ്രളയമുണ്ടായിട്ടുണ്ട്, അതും 65 അടി വരെ ഉയരത്തില്‍!

അന്യഗ്രഹങ്ങളിലെ ജീവന്‍ തേടുമ്പോഴെല്ലാം ആദ്യം ഓടിയെത്തുന്ന പേരാണ് ചൊവ്വയുടേത്. ഭൂമിയുടേതിന് സമാനമായ നിരവധി പ്രത്യേകതകളാണ് ചൊവ്വയെ അന്യഗ്രഹജീവന്‍ തേടുന്നവരുടെ ഇഷ്ട ഇടമാക്കുന്നത്. ചൊവ്വയില്‍ ജലാംശമുണ്ടെന്നും ഒരുകാലത്ത് ചെറു നദികള്‍ ഒഴുകിയിരുന്നുവെന്നും നേരത്തെ ഗവേഷകര്‍ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ 65 അടി വരെ ഉയരത്തില്‍ വമ്പന്‍ വെള്ളപ്പൊക്കങ്ങള്‍ക്കും ചൊവ്വ സാക്ഷിയായിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. 

ചൊവ്വയിലെ പല പാറകളിലും നടത്തിയ പഠനമാണ് ചുവന്ന ഗ്രഹം ഒരിക്കല്‍ ജലസമ്പന്നമായിരുന്നുവെന്ന് തെളിയിക്കുന്നത്. ഹിമയുഗത്തില്‍ ഭൂമിയില്‍ എങ്ങനെയാണോ മഞ്ഞുപാളികള്‍ നിറഞ്ഞിരുന്നത് സമാനമായ അവസ്ഥയിലൂടെ ചൊവ്വയും കടന്നുപോയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ മഞ്ഞുരുകി വെള്ളമായപ്പോഴാണ് ചൊവ്വയില്‍ വെള്ളപ്പൊക്കമുണ്ടായതെന്നും കണക്കാക്കുന്നു. 

ഇത്തരത്തിലുള്ള വെള്ളപ്പൊക്കത്തിന്റെ ഫലമായാണ് ചൊവ്വയിലെ പാറകള്‍ ഇന്ന് കാണുന്ന നിലയിലേക്ക് പരുവപ്പെട്ടതെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. ചൊവ്വയിലെ 400 മീറ്ററോളം നീളത്തിലുള്ള ഭാഗത്തെ പാറകളിലാണ് വിശദമായ പഠനം നടന്നത്. ചൊവ്വാ പേടകം ക്യൂരിയോസിറ്റിയും മാർസ് റിക്കോണൈസൻസ് ഓർബിറ്ററും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഗവേഷണം. 

ഈ പ്രദേശത്തിന് 3.7 മുതല്‍ 4.1 ബില്ല്യൻ വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ പാറകളില്‍ വ്യത്യസ്തങ്ങളായ ചെളി ഉറഞ്ഞുകൂടിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് വെള്ളത്തിന്റെ ഒഴുക്കിലൂടെ മാത്രമേ സംഭവിക്കൂ എന്നാണ് കരുതപ്പെടുന്നത്. ചൊവ്വയുടെ തറനിരപ്പില്‍ നിന്നും 13 അടി ഉയരത്തിലുള്ള പാറകളില്‍ പോലും ഇത്തരത്തില്‍ ചെളിയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 20 സെന്റിമീറ്റര്‍ കനത്തിലായിരുന്നു പലതിലെയും ഉറഞ്ഞ ചെളിയുടെ സാന്നിധ്യം. 

തുടര്‍ച്ചയായുള്ള വെള്ളത്തിന്റെ ഒഴുക്കിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ് ഈ പാറകളില്‍ പലതിന്റെയും രൂപഘടന. ഇത് പത്ത് മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ ആഴത്തിലുള്ള വമ്പന്‍ വെള്ളപ്പൊക്കങ്ങള്‍ മൂലമാണ് സംഭവിക്കാന്‍ സാധ്യത. ഭൂമിയിലേയും ചൊവ്വയിലേയും ചിലഭാഗങ്ങള്‍ മഞ്ഞുമൂടി കിടന്നിരുന്നു. ഭൂമിയില്‍ ഉത്തരധ്രുവമാണെങ്കില്‍ ചൊവ്വയില്‍ ദക്ഷിണ ധ്രുവമാണ് മഞ്ഞു മൂടിക്കിടന്നിരുന്നത്. മറുഭാഗത്ത് ഊഷ്മാവ് കൂടുതലുമായിരുന്നു. 

ചൊവ്വയില്‍ ഇപ്പോഴും ജലമുണ്ടെന്ന് പറയുന്ന പഠനഫലം ഈ വര്‍ഷമാദ്യം പുറത്തുവന്നിരുന്നു. ചൊവ്വയുടെ ഉപരിതലത്തിലല്ല മറിച്ച് ഉള്ളിലാണ് വെള്ളമുള്ളത്. ഇറ്റാലിയന്‍ നാഷണള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്‌ട്രോഫിസിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വയില്‍ 1.6 കിലോമീറ്റര്‍ ആഴത്തില്‍ 20 കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ജലസാന്നിധ്യമുണ്ട്. എന്നാല്‍ അതേക്കുറിച്ചുള്ള പഠനം എളുപ്പമാകില്ല. കാരണം ഭൂമിയില്‍ നിന്നയക്കുന്ന പേടകങ്ങള്‍ക്കൊന്നിനും ഇത്രയേറെ ആഴത്തില്‍ കുഴിക്കാനുള്ള ശേഷി ഇതുവരെ സാധ്യമായിട്ടില്ല.