ഗജ ഭീഷണിയായില്ല, ജിസാറ്റ്–29നുമായി ബാഹുബലി കുതിച്ചു

ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-29 ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു. റോക്കറ്റുകളിലെ ബാഹുബലി എന്നറിയപ്പെടുന്ന ജിഎസ്എൽവി-മാർക്ക്- 3യാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ജിസാറ്റ്–29നെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ കൊടുങ്കാറ്റ് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും കൂടാതെയായിരുന്നു വിക്ഷേപണം. കൃത്യം 2.50 നു തന്നെ കൗണ്ട്ഡൗൺ തുടങ്ങി. 5.08നു ഉപഗ്രഹവുമായി ബാഹുബലി കുതിച്ചു.

3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്–29ന്‍റെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയുടെ നിരവധി പദ്ധതികൾ ലക്ഷ്യം കാണാനാകും. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള അറുപത്തിയേഴാമത്തെ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ഇന്ത്യയിൽ നിർമ്മിച്ച മുപ്പത്തിമൂന്നാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്–29

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ശക്തിപകരുന്നതാണ് ജിസാറ്റ്–29. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകും. ഗ്രാമങ്ങളിൽ പോലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രുക്കളുടെ കപ്പലുകളെ നിരീക്ഷിക്കാനും ജിസാറ്റ്–29 ഉപയോഗപ്പെടുത്തും. ‘ജിയോ ഐ’ ക്യാമറ തന്നെയാണ് ജിസാറ്റ്–29 ന്റെ ഏറ്റവും വലിയ ഫീച്ചർ. മികച്ച ആശയവിനിമയം സാധ്യമാക്കാൻ ലേസർ ടെക്നോളജിയും ഉൾപ്പെടുത്തിയിട്ടുണ്ട്.