‘മുന്നില്‍ മരണം, തിരിച്ചുവരവില്ല, തികച്ചും ആത്മഹത്യാപരം; ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ല’

ബഹിരാകാശ ഗവേഷകരുടെ എല്ലാ പ്രതീക്ഷകളും ഇപ്പോൾ ചൊവ്വയിലാണ്. നാസയും ഐഎസ്ആർഒയും ഇഎസ്എയും എന്തിന് സ്വകാര്യ ബഹിരാകാശ ഏജൻസികള്‍ പോലും ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി എലോൺ മസ്ക് തന്നെയാണ്. ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രമാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് പറഞ്ഞു.

ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എലോൺ മസ്ക് പറഞ്ഞു. ഞാൻ ചൊവ്വയിൽ പോകുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എവറസ്റ്റ് കീഴടക്കാൻ പോയിട്ടുള്ള നിരവധി പേർ മരിച്ചിട്ടുണ്ട്. എന്നിട്ടും അവിടേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വെല്ലുവിളികൾ നേരിട്ടാണ് അവരെല്ലാം എവറസ്റ്റിലെത്തുന്നത്. ഇതു പോലെ തന്നെയാണ് ചൊവ്വയിലേക്കുള്ള യാത്രയും. ചൊവ്വയിൽ കാലുകുത്തുക എന്നത് എന്റെ ആഗ്രഹമാണെന്നും മസ്ക് പറഞ്ഞു.

ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്' ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രണിതെന്ന് പറയാം.

ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് 2022 ആകുമ്പോഴേക്കും ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ സ്വപ്‌നം. 'ആദ്യത്തെ ചൊവ്വാ/ ഗ്രഹാന്തര പേടകമാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. പേടകം തയ്യാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും. അടുത്തവര്‍ഷം ആദ്യ പകുതിയോടെ തന്നെ ചൊവ്വാ പേടകം തയ്യാറാകുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. 

ഫാല്‍ക്കണ്‍ റോക്കറ്റില്‍ വലിയ മാറ്റം വരുത്താന്‍ എലോണ്‍ മസ്‌ക്

ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ രൂപഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് സ്‌പേസ് എക്‌സ് സ്ഥാപകനായ ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. സ്‌പേസ് എക്‌സിന്റെ ചൊവ്വാ ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് ബിഗ് ഫാല്‍ക്കണ്‍ എക്‌സ്. 

ഏത് രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നത് സംബന്ധിച്ച് എലോണ്‍ മസ്‌ക് വിശദമാക്കുന്നില്ല. അതേസമയം ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാംഘട്ടം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും മസ്‌ക് സൂചന നല്‍കുന്നുണ്ട്.

ഫാല്‍ക്കണ്‍ 9 രണ്ടാംഘട്ടത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ചെറു ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്ന് നവംബര്‍ ആദ്യത്തില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇത് പ്രകാരമാണെങ്കില്‍ ഫാല്‍ക്കണ്‍ 9ന്റെ രണ്ടാം ഘട്ടം പുനരുപയോഗിക്കാവുന്ന രീതിയിലായിരിക്കും നിര്‍മിക്കുക. അതേസമയം ഈ പദ്ധതി പൂര്‍ണ്ണമായും മാറ്റിയെന്ന സൂചനയാണ് പുതിയ ട്വീറ്റിലൂടെ ഇലോണ്‍ മസ്‌ക് നല്‍കുന്നത്. 

ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികള്‍ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാര്‍ക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക. #dearMoon എന്നാണ് ഒരാഴ്ച്ച നീളുന്ന ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. 

മസ്‌കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്‌നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്. ഇതുപയോഗിച്ച് 2022ല്‍ മനുഷ്യനില്ലാത്ത ദൗത്യവും 2024ല്‍ മനുഷ്യര്‍ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്‌കിന്റെ പദ്ധതി. മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറിൽ ‍(ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടണ്‍ ചരക്കും നൂറ് യാത്രികരെ വരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും ഈ പേടകം. മസ്‌കിന്റെ ട്വീറ്റോടെ ഈ പദ്ധതിയില്‍ എന്തെല്ലാം മാറ്റം വരുമെന്ന് വ്യക്തമല്ല.