തലയോട്ടിക്കുള്ളിൽ ഇലക്ട്രോഡുകള്‍; സിഐഎയുടെത് ക്രൂരത, റിപ്പോർട്ട് പുറത്ത്

തലയോട്ടിക്കുള്ളില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന നായ്ക്കളെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിര്‍മിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 1963ല്‍ നടപ്പിലാക്കിയ സിഐഎയുടെ അതീവ രഹസ്യപദ്ധതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വന്നതോടെയാണ് ഈ വിചിത്ര, ക്രൂരമെന്ന് പറയാവുന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെത്തിയത്. 

ആറ് നായ്ക്കളുടെ തലയോട്ടിക്കുള്ളിലാണ് ഇലക്ട്രോഡുകള്‍ പരീക്ഷണത്തിന്റെ ഭാഗമായി ഘടിപ്പിച്ചത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നല്‍കുന്ന വൈദ്യുത പ്രേരണകളുടെ അടിസ്ഥാനത്തില്‍ നായകളെ ഓടിക്കാനും തിരിക്കാനും നിര്‍ത്താനുമൊക്കെ കഴിഞ്ഞിരുന്നുവെന്നും രഹസ്യപദ്ധതിയെക്കുറിച്ചുള്ള ഫയലിലുണ്ട്. മനസ്സിനെ നിയന്ത്രിക്കാനുള്ള കുപ്രസിദ്ധമായ എംകെഅൾട്ര (MKUltra) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു റിമോട്ട് കണ്‍ട്രോള്‍ നായ്ക്കളെ സിഐഎ സൃഷ്ടിച്ചത്. 

MKUltra പദ്ധതിയുടെ ഭാഗമായി നിരവധി ഗുരുതര പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മയക്കുമരുന്നായ എല്‍എസ്ഡി ഉപയോഗിക്കുന്നവരില്‍ പോലും ഇതിന്റെ ഭാഗമായി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മനസ്സിനെ നിയന്ത്രിക്കാന്‍ മാത്രമല്ല ശത്രുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനും മാനസികമായി തകര്‍ക്കുന്നതിനും പലതരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്. 

സര്‍ക്കാരിന്റെ വിവാദ ഫയലുകള്‍ പുറത്തെത്തിക്കുന്ന ബ്ലാക്ക് വോള്‍ട്ട് എന്ന വെബ്സൈറ്റിന്റെ സ്ഥാപകന്‍ ജോണ്‍ ഗ്രീന്‍ വാല്‍ഡാണ് ഇരുപതുവര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവില്‍ ഈ അതീവരഹസ്യമായ ഫയലുകള്‍ പുറത്തെത്തിച്ചത്. മാനസികമായി തകര്‍ക്കുന്നതിന് മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം വൈദ്യുതാഘാതവും റേഡിയോ തരംഗങ്ങളും സിഐഎ പലരിലും പ്രയോഗിച്ചിരുന്നു. 

നായകളുടെ സ്വാഭാവിക രീതികളെ മറികടന്ന് അവയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമോ? എന്നതായിരുന്നു ഈ പരീക്ഷണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടത്തില്‍ നായകള്‍ക്ക് ഒരു ഹെല്‍മറ്റ് ഘടിപ്പിച്ചായിരുന്നു പരീക്ഷണം. പിന്നീട് നായകളുടെ തലയോട്ടിക്കുള്ളില്‍ ഇലക്ട്രോഡുകള്‍ പിടിപ്പിച്ചു. ചില നായക്കള്‍ തലയിലെ മുറിവിലെ അണുബാധയെ തുടര്‍ന്ന് ചത്തുപോവുകയും ചെയ്തിരുന്നു. 

മൂന്ന് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് നായകളില്‍ ഇത് പരീക്ഷിച്ചത്. നായകള്‍ക്ക് പുറമേ എലികളിലും ഈ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രണം പരീക്ഷിച്ചിരുന്നു. 1967ലേതാണ് ഇത് സംബന്ധിച്ച അവസാന ഫയലുള്ളത്. അതില്‍ ഈ പരീക്ഷണത്തിന്റെ ചില ന്യൂനതകളും ചൂണ്ടിക്കാണിക്കുന്നു. സിഐഎ ഇത്തരം റിമോട്ട് കണ്‍ട്രോള്‍ നായകളെ എവിടെയെങ്കിലും ഉപയോഗിച്ചതായി പുറത്തുവന്ന രേഖകളില്‍ പറയുന്നില്ല.