ചുമരിനോടു ചേർത്തു നിർത്തി കുത്തികൊന്നു, രാജകുമാരന്റേത് രാഷ്ട്രീയ കൊല

ജര്‍മ്മന്‍ കലാചരിത്രകാരനായ ഫ്രഡ്രിക് ക്ലോപ്ഫ്ളഷ് 1877 ലാണ് ആ ശവകുടീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. ബിസി 1940 വര്‍ഷം വരെ പഴക്കം കണക്കാക്കുന്ന രാജകുമാരന്റേതെന്ന് കരുതുന്ന ആ ശവകുടീരം അന്നു മുതൽ ഇന്നുവരെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നുളള വെങ്കലയുഗത്തിലെ അജ്ഞാതനായ ആ രാജകുമാരന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. 

രാജകീയ മേലങ്കിയില്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണ പിന്നുകള്‍, കഠാരി, പടവാളുകള്‍, കല്ലുകൊണ്ടുള്ള അധികാര ചിഹ്നം, കളിമണ്‍ പാത്രം തുടങ്ങി ശവകുടീരത്തില്‍ നിന്നും ലഭിച്ചതെല്ലാം അന്നത്തെ കാലത്തെ രാജകുടുംബാംഗമാണ് മരിച്ചതെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു. കൂടുതല്‍ വിശദമായ പരിശോധനകളില്‍ യുവാവായ രാജകുമാരന്റേതാണ് ഈ മൃതദേഹാവശിഷ്ടങ്ങളെന്ന് കണ്ടെത്തി. 

2012ല്‍ നരവംശശാസ്ത്രജ്ഞര്‍ കൂടുതല്‍ തെളിവുകള്‍ക്കായി പരിശോധന നടത്തിയെങ്കിലും പരിക്കുകളെ കുറിച്ചൊന്നും അധികം വിവരം ലഭിച്ചില്ല. എന്നാല്‍ പുതിയ പഠനം രാജകുമാരന്റെ ശരീരത്തിലേറ്റ പരുക്കിന്റെ അടക്കമുള്ള വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പ്രധാനമായും മരണകാരണമായേക്കാവുന്ന മൂന്ന് കുത്തുകളാണ് ശരീരത്തിനേറ്റത്. 

കുറഞ്ഞത് 15 സെന്റിമീറ്റര്‍ നീളമുള്ള കഠാര ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. നട്ടെല്ലിനോട് ചേര്‍ന്ന് തോളെല്ലുകള്‍ക്ക് താഴെയായി കുത്തേറ്റിട്ടുണ്ട്. ഇത് ചുമരിനോട് ചേര്‍ത്തു നിര്‍ത്തി വയറ്റില്‍ കുത്തിയാലുണ്ടാകുന്ന പരിക്കിന് സമാനമാണെന്നാണ് കണ്ടെത്തല്‍. പരിചയസമ്പന്നനായ ഒരു റോമന്‍ ഗ്ലാഡിയേറ്റര്‍ എതിരാളിയെ വധിക്കുന്ന രീതിയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. 

വിശ്വസ്ഥരായ അനുയായികള്‍ പോലുമാകാം കൊലപാതകത്തിന് പിന്നില്‍. അങ്ങനെയെങ്കില്‍ ലഭ്യമായതില്‍ വെച്ച് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ കൊലപാതകത്തിന്റെ തെളിവുകളാകാം കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും ലഭിച്ചതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ക്ലോപ്ഫ്ളഷിന്റെ രാജകുമാരന്‍ പുരാവസ്തു ഗവേഷരെ വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.