വിവാദങ്ങൾക്കിടെ, ഭീതിയോടെ അവർ പറന്നിറങ്ങി, ഭൂമിയിലേക്ക്

സംഭവഭരിതമായ ആറു മാസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതമായി ഭൂമിയിലെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. റഷ്യന്‍ റോക്കറ്റായ സോയുസാണ് സഞ്ചാരികളെ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറക്കിയത്. റോക്കറ്റുകളിലെ തകരാറു മൂലം യാത്ര മുടങ്ങിയതും ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ച ക്യാപ്‌സൂളിലെ ദ്വാരവും തുടങ്ങി തകരാറ് പരിഹരിക്കാന്‍ നടത്തിയ സ്‌പേസ് വോക്ക് വരെ ഈ സംഘത്തിന്റെ യാത്ര പതിവില്‍ നിന്നും കൂടുതല്‍ സാഹസികമാക്കി. ഇതോടെ തിരിച്ചുള്ള യാത്ര ഭീതിയോടെയായിരുന്നു. 

നാസയുടെ സെറീന ആനണ്‍ ചാന്‍സലര്‍, റഷ്യയുടെ സെര്‍ജി പ്രൊകൊപേവ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അലക്‌സാണ്ടര്‍ ജെസ്റ്റ് എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഡിസംബര്‍ 20ന് ഭൂമിയിലെത്തിയത്. 197 ദിവസങ്ങള്‍ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ശേഷമായിരുന്നു അവരുടെ തിരിച്ചിറക്കം. 

സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിച്ച ക്യാപ്‌സൂളിലാണ് ദ്വാരം കണ്ടെത്തിയത്. ഇത് മര്‍ദവ്യത്യാസത്തിനിടയാക്കുകയും പരിശോധനകള്‍ക്കൊടുവില്‍ ദ്വാരം അടക്കുകയുമായിരുന്നു. ദുരൂഹമായ ഈ ദ്വാരത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോയുസ് ബഹിരാകാശ പേടകത്തിലുണ്ടായ രണ്ട് മില്ലിമീറ്റര്‍ മാത്രം വലുപ്പമുള്ള ദ്വാരമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടത്. പേടകം നിര്‍മിക്കുന്ന റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് ഈ ദ്വാരം സഞ്ചാരികള്‍ ആരെങ്കിലും ഡ്രില്‍ ചെയ്തപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് പറഞ്ഞത് കൂടുതല്‍ വിവാദത്തിനിടയാക്കി. 

എന്നാല്‍ അത്തരമൊരു സാധ്യതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അപ്പോഴത്തെ കമാന്‍ഡറായിരുന്ന ഡ്രൂ ഫസ്റ്റല്‍ തള്ളിക്കളഞ്ഞു. സഞ്ചാരികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ഈ പരാമര്‍ശം പിന്നീട് റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ പിന്‍വലിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഭൂമിയില്‍ വെച്ച് നിര്‍മാണത്തിലിരിക്കെ അബദ്ധത്തില്‍ സംഭവിച്ച ദ്വാരം മൂടിവെക്കാന്‍ ശ്രമിക്കുകയും ക്യാപ്‌സൂള്‍ ബഹിരാകാശത്തെത്തിയപ്പോള്‍ ദ്വാരം വെളിവാകുകയും ചെയ്തുവെന്ന സൂചനകളും ലഭിച്ചിരുന്നു. 

197 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ മൂവര്‍സംഘം ഇതിനിടെ 3152 തവണയാണ് ഭൂമിയെ വലംവെച്ചത്. ആകെ സഞ്ചരിച്ചതാകട്ടെ 134 ദശലക്ഷം കിലോമീറ്ററും. ഡോ. ആനണ്‍ ചാന്‍സലര്‍ക്കും ഡോ. പ്രൊകൊപേവിനും ഇത് ആദ്യ ബഹിരാകാശ യാത്രയാണ്. എന്നാല്‍ 362 ദിവസം ബഹിരാകാശത്ത് ചിലവിട്ട് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റെക്കോഡ് തിരുത്തിയ ശേഷമാണ് കമാന്‍ഡര്‍ ജെസ്റ്റ് തിരിച്ച് ഭൂമിയിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് ജെസ്റ്റ് വിജയകരമായി ബഹിരാകാശ യാത്ര നടത്തുന്നത്. 

ബഹിരാകാശ പേടകത്തില്‍ കഴിഞ്ഞതിനിടെ 300 വിവിധ ശാസ്ത്ര പരീക്ഷണങ്ങളാണ് സംഘം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം തൊട്ട് അര്‍ബുദത്തിന്റെയും പാര്‍ക്കിന്‍സണിന്റെയും മറവിരോഗത്തിന്റെയും വരെ പരീക്ഷണങ്ങള്‍ ഇതിലുള്‍പ്പെടും.