ചരിത്രം കുറിച്ച് ചൈന, ചന്ദ്രനിൽ കൃഷി തുടങ്ങി, ആദ്യ ചിത്രങ്ങൾ പുറത്ത്

ബഹിരാകാശ ലോകത്തെ അദ്ഭുതപ്പെടുത്തി ചൈനീസ് ഗവേഷകർ ചന്ദ്രനിലെ ഇരുണ്ട ഭാഗത്ത് പരുത്തി ചെടിയുടെ വിത്തുകൾ മുളപ്പിച്ചു. ചന്ദ്രനിൽ ഇത് ആദ്യമായാണ് ഭൂമിയിൽ നിന്നുള്ള ഒരു വിത്തു മുളപ്പിക്കുന്നത്. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്‌ട്രേഷൻ വിക്ഷേപിച്ച പേടകം ചാങ്–4ൽ വെച്ചാണ് ആദ്യമായി പരുത്തിചെടി മുളപൊട്ടിയത്. ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ട ചിത്രങ്ങൾ അദ്ഭുതത്തോടെയാണ് പുറത്തുള്ള ബഹിരാകാശ ഗവേഷകർ വീക്ഷിക്കുന്നത്.

ചാങ്–4 ലാൻഡ് ചെയ്ത ഒൻപതാം ദിവസമാണ് ചന്ദ്രനിലും പരുത്തികൃഷി ചെയ്യാമെന്ന് ചൈനീസ് ഗവേഷകർ ലോകത്തെ അറിയിച്ചിരിക്കുന്നത്. പരുത്തി കൃഷി വിജയിച്ചതോടെ ഉരുളക്കിഴങ്ങ് കൃഷിയും പരീക്ഷിക്കുമെന്ന് ചൈനീസ് ഗവേഷകർ പ്രഖ്യാപിച്ചു കഴിഞ്ഞു. ബഹിരാകാശ രംഗത്തെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ചൈനീസ് ഗവേഷകർ നടത്തി വിജയിച്ചിരിക്കുന്നത്.

‘ജെയ്ന്റ് ലീഫ് ഫോർ മാൻകൈൻഡ്’ എന്നാണു ഈ നേട്ടത്തെ ചില രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഭൂമിയിൽ നിന്നുള്ള ഒരു ചെടി, അല്ലെങ്കിൽ ജീവനുള്ള വസ്തു ചന്ദ്രന്റെ ഉപരിതലത്തില്‍ പിറക്കുന്നത് ഇത് ആദ്യമായാണ്. നാസ ഉൾപ്പടെയുള്ള ലോകോത്തര ബഹിരാകാശ ഏജന്‍സികൾക്ക് പോലും സാധിക്കാത്ത നേട്ടമാണ് ചൈനീസ് ഗവേഷകർ സ്വന്തമാക്കിയത്.

പരുത്തി വിത്തിനു പുറമെ, എണ്ണക്കുരു, ഉരുളക്കിഴങ്ങ് തുടങ്ങി നിരവധി കൃഷികൾ അടുത്ത ദിവസങ്ങളിൽ പരീക്ഷിക്കും. ചാങ്–4 പേടകത്തിന്റെ സഹായത്തോടെ അടുത്ത 100 ദിവസത്തിനുള്ളിൽ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് നടത്താൻ പോകുന്നത്. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനിൽ ലാൻഡ് ചെയ്തത്.

പാത്രത്തിൽ അടച്ച നിലയിലാണ് പരുത്തി വിത്തുകൾ ചന്ദ്രനിലെത്തിച്ചത്. പരുത്തി വിത്തുകളോടൊപ്പം ചെറു പ്രാണികളുടെ മുട്ടകൾ, മണ്ണ്, യീസ്റ്റ് എന്നിവയും ഉണ്ടായിരുന്നു. ചന്ദ്രനിൽ കൃത്രിമ ജൈവിക അന്തരീക്ഷം സൃഷ്ടിച്ചാണ് പരുത്തി വിത്തുകൾ മുളച്ചത്.

ചൈനയുടെ ചാന്ദ്രയാൻ പദ്ധതിയുടെ ഓരോ വിവരവും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയ്ക്കും കൈമാറുന്നുണ്ട്. ചൈനയുടെ പദ്ധതി വിജയിച്ചെന്നും പേടകം കൃത്യമായി തന്നെ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നുമാണ് ഭൂരിഭാഗം ഗവേഷകരും പറയുന്നത്. ചൈനയെ വിമർശിക്കുന്നവരാണ് ചാന്ദ്രയാൻ പദ്ധതിയെ വിമർശിക്കുന്നതെന്നുമാണ് എതിര്‍ ഭാഗത്തുള്ള ഗവേഷകർ പറയുന്നത്.

ചൈനയുടെ ചാങ്–4 പേടകം നൽകുന്ന വിവരങ്ങൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നുണ്ടെന്ന് നാസ ഗവേഷകരും പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ സഹകരിക്കുന്നത്.

യന്ത്രക്കൈയുള്ള റോബോട്ട് ‘റോവർ’ ആണ് ചന്ദ്രനിൽ ഇറങ്ങി പഠനം നടത്തുന്നത്. അജ്ഞാതമായ ഉൾപ്രദേശങ്ങളിലാണ് റോവർ പ്രവർത്തിക്കുന്നത്. എന്നാൽ ഭൂമിയെ അഭിമുഖീകരിക്കുന്ന നിരപ്പുള്ള പ്രദേശത്തേക്കാൾ പർവതങ്ങളും കുഴികളുമുള്ള ഉൾപ്രദേശങ്ങൾ റോവറിനു വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. പുത്തൻ കണ്ടെത്തലുകൾ നടത്താനായാൽ, ബഹിരാകാശ വൻശക്തിയാകാനുള്ള ചൈനയുടെ മോഹങ്ങളുടെ കൂടി വിജയമാകുമിത്.

ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ടഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി. ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.

അമേരിക്ക ശ്രമിക്കുക പോലും ചെയ്യാത്ത ഒരുകാര്യമാണ് തങ്ങൾ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ബഹിരാകാശ രംഗത്തെ പരീക്ഷണങ്ങളുടെ കാര്യത്തിൽ യുഎസിന് കനത്ത വെല്ലുവിളിയായി നിലകൊള്ളുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് ഈ നേട്ടം. സ്വന്തം ബഹിരാകാശ സേന എന്ന ആശയത്തിലേക്കു വരെ യുഎസ് പ്രസിഡന്‍റ് ട്രംപിനെ നയിച്ചത് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈ മേഖലയിലുയർത്തുന്ന കനത്ത വെല്ലുവിളിയാണ്. എന്നാൽ ചാങ് 4 ന്റെ ഭാവി ദൗത്യങ്ങളെ കുറിച്ച് ചൈനീസ് ഗവേഷകർക്ക് ആശങ്കയുണ്ട്. പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല.