നിലാവുള്ള രാത്രി, സമയം 11.30 ; ചരിത്രം കുറിയ്ക്കാൻ ഇന്ത്യ, ലോകത്ത് ആദ്യ സംഭവം!

ജനുവരി 24, നിലാവുള്ള രാത്രി, രാത്രി 11.30: ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ മറ്റൊരു പരീക്ഷണത്തിനുള്ള കൗൺഡ് ഡൗൺ തുടങ്ങി കഴിഞ്ഞു. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പോളാർ സാറ്റ്‍ലൈറ്റ് ലോഞ്ച് വെഹിക്കിളിൽ മറ്റൊരു വൻ പരീക്ഷണം കൂടി നടത്താൻ പോകുകയാണ് ഐഎസ്ആർഒ. ഈ ദൗത്യത്തിൽ ഇന്ത്യയുടെ തന്നെ രണ്ടു ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയോടു അടുത്താണ് വിക്ഷേപണം നടക്കുക. ഇന്ത്യയിൽ രാത്രി വിക്ഷേപണം അപൂർവ്വമാണ്.

പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ (ഡിആർഡിഒ) ഉപഗ്രഹം മൈക്രാസോറ്റ്–ആർ (ചിത്രങ്ങൾ പകർത്താൻ), വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായി കലാംസാറ്റ് എന്നിവയാണ്  വിക്ഷേപിക്കുന്നത്. പ്രതിരോധ വിഭാഗത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ള മൈക്രോസാറ്റ്–ആർ ന്റെ ഭാരം 130 കിലോഗ്രാമാണ്. ദൗത്യത്തിന് പിഎസ്എൽവിയുടെ പുതിയ പതിപ്പാണ് ഉപയോഗിക്കുന്നത്. വിക്ഷേപിച്ച് 15 മിനിറ്റിന് ശേഷം ഭൂമിയിൽ നിന്നു 274 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് മൈക്രോസാറ്റ്–ആർ വിക്ഷേപിക്കുക.

പിഎസ്എൽവി–സി44 റോക്കറ്റ് നാലു ഘട്ടങ്ങളായാണ് പ്രവർത്തിക്കുക. റോക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും പിണ്ഡം കൂട്ടുന്നതിനുമായി നാലാം ഘട്ടത്തിൽ അലുമിനിയം ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രവർത്തനം നിർത്തിവെച്ചതിനു ശേഷം വേണ്ടിവരുന്ന സമയത്ത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ് നാലാംഘട്ടത്തിലെ പിഎസ്4 എൻജിൻ.  ലോകത്ത് തന്നെ ഇത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് ഐഎസ്ആർഒ ചെയര്‍മാൻ കെ. ശിവൻ പറഞ്ഞു. നിലവിൽ നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികളൊന്നും ഈ പരീക്ഷണം നടത്തിയിട്ടില്ല.

ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനം നിറയ്ക്കാനുള്ള ശേഷി തന്നെയാണ് പിഎസ്എൽവി റോക്കറ്റിന്റെ ഏറ്റവും വലിയ കരുത്തും. റോക്കറ്റിന്റെ നാലാം ഘട്ടം ഭ്രമണപഥ വേദിയായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്‌ലൈറ്റാണ് കലാംസാറ്റ്. വിദ്യാർഥികളും സ്പെയ്സ്കിഡ്സ് ഇന്ത്യയും ചേർന്ന് നിർമിച്ചതാണ് കലാംസാറ്റ്.

പിഎസ്എൽവി സി–44 വിക്ഷേപണം എങ്ങനെ?

സാധാരണയായി വിക്ഷേപണ റോക്കറ്റിന്‍റെ ഓരോ ഘട്ടവും വേർപ്പെട്ടു ഭൂമിയിൽ തന്നെ തിരിച്ചു പതിക്കുകയാണ് പതിവ്. എന്നാൽ ഉപഗ്രഹത്തെ അതിന്‍റെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിക്കുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലാദ്യമായി ഉപഗ്രഹത്തിന്‍റെ ദൗത്യം പൂർത്തിയാകുന്ന കാലയളവു വരെ നാലാം ഘട്ടവും ഒപ്പമുണ്ടാകും. സോളാർ പാനലുകളോടു കൂടിയതാകും നാലാം ഘട്ടം. ഉപഗ്രഹത്തിന്‍റെ ഭ്രമണപഥത്തിനനുസരിച്ചു സഞ്ചരിക്കാൻ ഇവ സഹായകരമാകും. ലോകത്തിലെ ഒരു ബഹിരാകാശ ഏജൻസിയും നാളിതുവരെ ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല.