വണ്ടിക്കു മുന്നിൽ ചാടി വീണു തുള്ളൽ ഇനി വേണ്ട, നിർത്തിയില്ലെ ങ്കിൽ ...

മരച്ചില്ലകളുമായി ഓടുന്ന വണ്ടിക്കു മുന്നിൽ ചാടി വീണു തുള്ളുന്ന യോ-യോ ബഡീസ് ബ്രേക്കിടുക. ഇത്തരം വിഡിയോയുമായി ഇനി യു ട്യൂബിലേക്കു ചെന്നാൽ ഉള്ള അക്കൗണ്ട് വരെ പോകും. കഷ്ടപ്പെട്ടു തുള്ളിയും തള്ളിയും സമ്പാദിച്ചിരിക്കുന്ന ലൈക്കുകളും സബ്സ്ക്രൈബർമാരും പോയ വഴി കാണില്ല. യു ട്യൂബിന്റെ നയനവീകരണം വഴിയാണ് ഇന്നലെ വരെ ചുമ്മാ പിള്ളേരുകളി എന്നു കരുതിയിരുന്ന പലതും അതിരുവിട്ട അപകടക്കളികളായി മാറിയത്. 

തനിക്കും മറ്റുള്ളവർക്കും അപകടത്തിനു വഴിവച്ചേക്കാവുന്ന ചാലഞ്ചുകളും തമാശകളും പരിപൂർണമായി വിലക്കിയിരിക്കുകയാണ് യു ട്യൂബ്. വിഡിയോയിലുള്ളവരുടെ സുരക്ഷ മാത്രമല്ല, കാണുന്ന പ്രേക്ഷകരുടെ സുരക്ഷയും മാനസികനിലയും കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന ഇത്തരം തമാശകളും (Pranks) ചാലഞ്ചുകളും ഇനി വച്ചുപൊറുപ്പിക്കില്ല എന്നു യു ട്യൂബ് തീർത്തു പറയുന്നു.

നെറ്റ്ഫ്ലിക്സ് സിനിമയായ ബേഡ്ബോക്സിലെ കഥാപാത്രത്തെ അനുകരിച്ച് കണ്ണുകെട്ടി വാഹനം ഡ്രൈവ് ചെയ്ത കൗമാരക്കാരി കഴിഞ്ഞ ദിവസം യുഎസിൽ അപകടത്തിൽപ്പെട്ടിരുന്നു. ബേഡ്ബോക്സ് ചാലഞ്ച് എന്നു പേരിട്ടിരിക്കുന്ന ഈ കണ്ണുകെട്ടിക്കളി യുഎസിൽ പടർന്നുപിടിച്ചിരിക്കുകയാണ്. ഇത്തരം സാഹസങ്ങൾ അരുതെന്നു നെറ്റ്ഫ്ലിക്സ് നേരിട്ട് പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നെങ്കിലും ഒന്നിനും ഒരു കുറവുമില്ല. 

സോഷ്യൽ മീഡിയയിൽ ലൈക്കിനു വേണ്ടിയാണ് ഇവയൊക്കെ അരങ്ങേറുന്നത് എന്നതിനാലാണ് യു ട്യൂബ് നിർണായക ചുവടുവയ്പ് നടത്തിയിരിക്കുന്നത്.