വാട്സാപ്-മെസഞ്ചർ ബന്ധിപ്പിക്കുന്നതിലെ രഹസ്യമിതാണ്, സംഭവിക്കാനിരിക്കുന്നതെന്ത്?

നിലവിൽ മൂന്നു വ്യത്യസ്ത സേവനങ്ങളായി നിലകൊള്ളുന്ന ഫെയ്സ്ബുക്കിനെയും വാട്സാപിനെയും ഇൻസ്റ്റാഗ്രാമിനെയും ഒരുമിപ്പിക്കാൻ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നു ആപ്ലിക്കേഷനുകളെ തമ്മിലല്ല, മറിച്ച് അവയിലെ ചാറ്റുകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നതെന്നാണ് ഫെയ്സ്ബുക്കിന്‍റെ വാദം. എന്തായിരിക്കാം ഇത്തരമൊരു നീക്കത്തിനു ഫെയ്സ്ബുക്കിനെ പ്രേരിപ്പിക്കുന്നത്? തീരുമാനം സക്കർബർഗിന്‍റെ ആയതിനാൽ ഈ ചോദ്യം ഏറെ പ്രസക്തമാണ്. 

ഇന്‍റർനെറ്റ് ലോകത്തെ അതികായൻമാരായ ഫെയ്സ്ബുക്കും ഗൂഗിളുമെല്ലാം പ്രതിയോഗികൾക്കു ചെറിയ സാധ്യതകൾ പോലും നൽകാതെ പരിധിയില്ലാതെ വളരുകയാണെന്ന ആരോപണം കാലങ്ങളായി നിലവിലുള്ളതാണ്. ഇത്തരം വലിയ കമ്പനികളെ ചെറിയ കമ്പനികളാക്കണമെന്ന വാദവും ഈ ആരോപണങ്ങളെ ചുവടുപിടിച്ചു ശക്തമായി കൊണ്ടിരിക്കുകയാണ്, ഒരേ മാനേജ്മെന്‍റിനു കീഴിലുള്ള കമ്പനികൾ പോലും പരസ്പര ബന്ധമില്ലാത്ത വ്യത്യസ്ത കമ്പനികളായി പ്രവർത്തിക്കണമെന്നാണ് ഈ വാദത്തിന്‍റെ കാതൽ.

ഇത്തരമൊരു അവസ്ഥ വരികയാണെങ്കില്‍ എഫ്ബിയും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വ്യത്യസ്ത കമ്പനികളായി മാറണം. ഇതിലേക്കെത്തുന്നതിനു മുമ്പേ തന്നെ. മൂന്നു പ്ലാറ്റ്‌ഫോമുകളുടെയും മെസെഞ്ചിങ് സംവിധാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിടുക എന്നതാണ് സക്കർബർഗിന്‍റെ ലക്ഷ്യങ്ങളിലൊന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ, ആരൊക്കെയാണ് ഉപയോക്താക്കള്‍ എന്നതിനെപ്പറ്റി കമ്പനിക്ക് വ്യക്തമായ വിവരവും കിട്ടും. ഏറ്റവും നല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉടമകളായ ഫെയ്‌സ്ബുക്കിന് ഇതു കുട്ടിക്കളി മാത്രമായിരിക്കും. ഇതിലൂടെ, ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷം അവര്‍ക്ക് അനുയോജ്യമായ പരസ്യം കാണിക്കാന്‍ സാധിക്കും എന്നതു തന്നെയാണ് വാണിജ്യപരമായി ഫെയ്‌സ്ബുക്കിന്റെ മെച്ചം.

മൂന്നു ആപ്ലിക്കേഷനുകളും അണിയറയിൽ ഒന്നാകുമെങ്കിലും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള പോലെ തന്നെ അവയുടെ ഉപയോഗം തുടരാം. ഫലത്തിൽ തങ്ങളുടെ മൂന്നു ചാറ്റ് സേവനങ്ങളും കൂടുതൽ ഉപകാരപ്രദമാക്കുകയാണെന്നാണ് ഫെയ്സ്ബുക്കിന്‍റെ നിലപാട്. എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍ മൂന്നു സേവനങ്ങള്‍ക്കും ലഭിക്കുമെന്നും കൂട്ടുകരോടും, കുടുംബക്കാരോടുമൊക്കെ സംവാദിക്കാന്‍ കൂടുതല്‍ ഉതകുന്ന രീതിയിലായിരക്കും ചാറ്റ് സേവനം സജ്ജീകരിക്കുക എന്നും അവര്‍ പറയുന്നു. അതിലൊന്നും ആര്‍ക്കും സംശയം വേണ്ടാ താനും.

എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവുള്ള ഫെയ്സ്ബുക്കിന്‍റെ ഉപയോക്താക്കള്‍ക്കു ആശങ്കകൾ സമ്മാനിക്കുന്നതാണ് പുതിയ സംവിധാനം. ആപ്പുകൾ ഒന്നാകുന്നതോടെ ഉപയോക്താവ് ആരാണെന്നു കമ്പനി അറിയുകയും ഒരു ഉപയോക്താവിന്‍റെ ഡേറ്റ മൂന്നു പ്ലാറ്റ്ഫോമുകളിലും ഒരുപോലെ എത്തുകയും ചെയ്യുമെന്ന ഭീതിയാണ് ഈ ആശങ്കക്കുള്ള അടിസ്ഥാന കാരണം.

ഇപ്പോള്‍ ഒരു വാട്‌സാപ് അക്കൗണ്ട് എടുക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രം മതി. ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്താക്കള്‍ക്ക് ആളറിയാതെ ഒന്നിലേറെ അക്കൗണ്ടുകള്‍ സൃഷ്ടിക്കാം. സ്വന്തം പേരും നല്‍കേണ്ടതില്ല. ഇതെല്ലാം കളഞ്ഞ്, ശരിക്കും ആളറിഞ്ഞുള്ള കളി മതി ഇനി എന്നാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനം.

2014ലാണ് വാട്‌സാപിനെ ഫെയ്‌സ്ബുക്ക് 19 ബില്ല്യന്‍ ഡോളര്‍ നല്‍കി വാങ്ങുന്നത്. അതിനു മുമ്പ് 2012ല്‍, 715 മില്ല്യന്‍ ഡോളറിന് ഇന്‍സ്റ്റഗ്രാമിനെ വാങ്ങിയിരുന്നു. ഈ ആപ്പുകളുടെ സൃഷ്ടാക്കള്‍ തന്നെയായിരുന്നു ഫെയ്‌സബുക്ക് വാങ്ങിയ ശേഷവും അവയുടെ തലവന്മാരും. ഇതുവരെ ഇവ താരതമ്യേന സ്വതന്ത്രമായി ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവയെ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കാന്‍ സക്കര്‍ബര്‍ഗ് ആദ്യകാലം മുതല്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് വാട്‌സാപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്ഥാപകര്‍, സക്കര്‍ബര്‍ഗിനോട് ഉടക്കി ഫെയ്‌സ്ബുക്ക് വിട്ടത് എന്നും ആരോപണം ഉണ്ടായിരുന്നു. ഈ ആപ്പുകള്‍ 'കുടുംബ ആപ്പുകള്‍' (family apps) ആണ് എന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം.