തിരുവനന്തപുരത്തെ ചതുരക്കോട്ട

ഇന്ത്യൻ തീരത്ത് ചരിത്രം കാലുകുത്തിയ കഥയേ നമ്മുടെ  ആദ്യപാഠങ്ങളിലുള്ളൂ.  അധിനിവേശത്തിനെതിരായ ആദ്യ പടപ്പുറപ്പാട് എവിടെനിന്നാണെന്നു ചോദിച്ചാൽ ഉത്തരം മുട്ടും. തെങ്ങുകളുടെ നാട്ടിൽ അഞ്ചുതെങ്ങ് കോട്ടയ്ക്ക് അങ്ങനെയൊരു പ്രാധാന്യമുണ്ട്. തിരുവനന്തപുരത്തുനിന്ന്  തീരദേശപാതയിലൂടെ മുപ്പതു കിലോമീറ്റർ സഞ്ചരിച്ചാൽ മുന്നു നൂറ്റാണ്ടിന്റെ ചരിത്രവുമായി അഞ്ചുതെങ്ങു കോട്ട കാണാം. 

തലസ്ഥാനനഗരിയുടെ ബഹളങ്ങളിൽനിന്നൊഴിഞ്ഞ് വേളി കടപ്പുറത്തേക്ക്. പിന്നെ കൊല്ലത്തേക്കുള്ള തീരദേശപാതയിലൂടെ അലസമായി വണ്ടിയോടിക്കാം. ഇടതുവശത്ത് നീലക്കടൽ. സ്ഥലമുള്ളിടത്തെല്ലാം ചെറുവീടുകൾ. ഇടയ്ക്കിടെ തലയുയർത്തിനിൽക്കുന്ന തെങ്ങുകൾ. വഴിയോരക്കാഴ്ചകൾ ഇതൊക്കയൊണ്. ലക്ഷ്യം കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരായ ആദ്യ സംഘടിത കലാപം നടന്നയിടം കാണുക എന്നതാണ്. അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചായിരുന്നു ആദ്യ സായുധ സമരം. 

റോഡരുകിൽ തന്നെയാണ് കോട്ട. വൻമതിലുകളോ തലയുയർത്തിനിൽക്കുന്ന ഗോപുരങ്ങളോ ഇവിടെയില്ല. ചതുരവടിവിൽ ലളിതമായൊരു മതിൽക്കെട്ട്. റോഡിനപ്പുറത്ത് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. ബ്രിട്ടീഷുകാരുടെ കപ്പലുകൾക്കു സിഗ്നൽ കാണിക്കുകയായിരുന്നു ഈ കോട്ടയുടെ പ്രധാനജോലി. ടിപ്പുസുൽത്താനെതിരെയും മറ്റും പോരാടാൻ ആയുധം ശേഖരിച്ചുവച്ചിരുന്നുവത്രേ ഇവിടെ. 

ആറ്റിങ്ങൽ റാണി 1696 ൽ ബ്രിട്ടീഷുകാർക്ക് കോട്ട നിർമിക്കാൻ അനുമതി നൽകി. അഞ്ചുവർഷത്തിനകം കോട്ട എന്ന അധിനിവേശം സ്ഥാപിക്കപ്പെട്ടു. ആദ്യകാലത്ത് ഫ്രഞ്ചുകാർക്കെതിരെ പടപ്പുറപ്പാടിനാണ് കോട്ടയെ ബ്രിട്ടിഷുകാർ സജ്ജമാക്കിനിർത്തിയിരുന്നതെങ്കിൽ പിന്നീട് നാട്ടുകാർക്കെതിരെയും ആ ചുവരുകളിലെ പീരങ്കികൾ തീയുണ്ടകൾ വർഷിച്ചു. വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ ഈ കോട്ടയ്ക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ട്. 1721 ൽ ആറ്റിങ്ങൽ റാണിയെ കാണാൻ പോയ ബ്രിട്ടീഷുകാരെ നാട്ടുകാർ ആക്രമിച്ചു കൊലപ്പെടുത്തിയതാണ്  ഇന്നാട്ടുകാരുടെ  ആദ്യസായുധസമരം.  തലശ്ശേരിയിൽനിന്നു കൂടുതൽ പട്ടാളത്തെ വരുത്തിയാണത്രേ ബ്രിട്ടീഷുകാർ അടിച്ചൊതുക്കിയത്. 

കടലിനോടു ചേർന്നാണു റോഡ് എന്നു പറഞ്ഞല്ലോ. റോഡിനും കടലിനും ഇടയ്ക്കാണ് കോട്ട.  ചെറിയൊരു ഗോപുരം കടന്നാൽ മതിൽക്കെട്ടിനുള്ളിൽ ഒരു മൈതാനം. നന്നായി പരിപാലിക്കപ്പെടുന്നുണ്ടിവിടം. പുൽത്തകിടി. ചെങ്കല്ലുകൊണ്ടുള്ള കോട്ടമതിൽ. കടലിനോട് ചേർന്നായിട്ടും ശുദ്ധജലം നൽകുന്നൊരു കിണർ, ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങൾ എന്നിവ കോട്ടയിൽ കാണാം. 

കോട്ടയുടെ ചതുരവടിവ് ആ ലൈറ്റ്ഹൗസിനു മുകളിൽ നിന്നാലേ കാണാൻപറ്റൂ. എത്ര തന്ത്രപ്രധാനമായ സ്ഥലത്താണ് സായിപ്പ് കോട്ട പണിതത് എന്നു മനസ്സിലാകണമെങ്കിൽ ലൈറ്റ്ഹൗസ് തന്നെ ശരണം. 

ശ്രദ്ധിക്കേണ്ടത്

സ്വന്തം വാഹനത്തിൽ കോട്ടകാണാനിറങ്ങുന്നതാണു നല്ലത്

വെള്ളക്കുപ്പികൾ പട്ടണത്തിൽ നിന്നു വാങ്ങി സൂക്ഷിക്കണം. ഇവിടെ കോട്ടമാത്രമേ ഉള്ളൂ. ടൂറിസം വികസിച്ചിട്ടില്ല. ആഹാരവും തിരുവനന്തപുരത്തുനിന്നാക്കാം. 

ലൈറ്റ്ഹൗസിന്റെ മുകളിലൂടെ ചുറ്റും നടക്കാം. വളരെ സൂക്ഷിക്കണം.