നരകവാതിൽ കടന്ന് (മനുഷ്യന്റെ ജന്മനാട്ടിൽ 6)

       സെന്റ് മോണിക്ക ഗസ്റ്റ്ഹൗസിന്റെ ഉൾഭാഗം പഴയ കൊളോണിയൽ ബംഗ്ലാവുകളെ ഓർമ്മിപ്പിക്കും. തടികൊണ്ടുള്ള ഗോവണികളും പലകയടിച്ച തട്ടിൻപുറവും നിറമുള്ള ജനൽ ഗ്ളാസുകളും. നിലത്തു വിരിച്ച ചുവന്ന ടൈലുകളുടെ നിറം മങ്ങിയിരിക്കുന്നു. ആദ്യം കാണുന്ന മുറിയിൽ നിന്ന് ഒരു ഗോവണി മുകളിലേക്ക് കയറിപ്പോകുന്നു. അതിനോടു ചേർന്ന് താഴേക്ക് വീതികുറഞ്ഞ ഒരു വഴിയുണ്ട്. ഒരാൾക്ക് കഷ്ടിച്ച് ഞെരുങ്ങി കടക്കാവുന്ന ഗുഹാദ്വാരം പോലെ ഒരു വഴി. അത് ഒരു ചെറിയ വാതിലിൽ എത്തി നിൽക്കുന്നു. വാതിലിന് നാലരയടി ഉയരം കാണും. അതായത്, സാമാന്യം ഉയരമുള്ള ഒരാൾക്ക് തലകുനിച്ചേ വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കാനാവൂ.

 കുനിഞ്ഞ് വാതിലിലൂടെ കടന്നു. ശ്വാസം നിലച്ചു പോകുന്ന കാഴ്ചയിലേക്കാണ് ഞാൻ കടന്നു ചെന്നത്. വാതിലിന്റെ അതേ ഉയരം മാത്രമുള്ള ഒരു മുറി. അതിന്റെ നടുവിൽ ഒരാൾക്ക് നടക്കാനുള്ള സ്ഥലം കഴിഞ്ഞാൽ ഇരുവശത്തും ഉയർത്തിക്കെട്ടിയ സിമന്റ് തറ. മുറിക്ക് ആകെയുള്ളത് ഒരു കിളിവാതിൽ മാത്രം. നടുവിലെ നടപ്പാത ഒരു ഓവ് കൂടിയാണ്. അത് എവിടെയോ പുറത്തേക്ക് തുറക്കുന്നുണ്ടാവാം. ഈ കുടുസു മുറിയിലാണ് 120ലേറെ മനുഷ്യാത്മാക്കൾ മൂന്നുദിവസം കഴിഞ്ഞിരുന്നത്. അടിമകളായി പിടിക്കപ്പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയും 'മന:ശക്തി' പരീക്ഷണത്തിനായി മൂന്നുദിവസം അടച്ചിടുന്നത് ഈ കുടുസുമുറിയിലായിരുന്നു. ടോയ്‌ലറ്റ് സൗകര്യമൊന്നുമില്ല മുറിയ്ക്കുള്ളിൽ. താഴെ കാണുന്ന ഓവിൽ എല്ലാവരുടെയും മുന്നിൽ വെച്ചുതന്നെ മലമൂത്രവിസർജ്ജനം നടത്തണം. 

അടിമകളെ സൂക്ഷിച്ചിരുന്ന അറയുടെ മുന്നിലെ ബോർഡ് 

ആ വിസർജ്യങ്ങൾ കഴുകിക്കളയുന്നത് വൈകുന്നേരങ്ങളിൽ ഈ ഇരുട്ടുമുറിയിലേക്ക് വേലിയേറ്റ സമയത്ത് ഒഴുകിയെത്തുന്ന കടൽ വെള്ളമാണ്. ഓവിലൂടെ കയറി വരുന്ന കടൽ വെള്ളം ഇറങ്ങിപ്പോകുന്നതു വരെ അടിമകൾ എന്ന മനുഷ്യജന്മങ്ങൾ വെള്ളത്തിൽ കഴിയണം. എന്നിട്ട് വെള്ളം ഇറങ്ങിപ്പോകുമ്പോൾ നനഞ്ഞ സിമന്റ് തറയിൽ കിടന്നുറങ്ങുകയും വേണം. എനിക്ക് അഞ്ചുമിനിറ്റു പോലും ഇരുട്ടിന്റെ ആ ഗുഹയിൽ നിൽക്കാൻ കഴിഞ്ഞില്ല. ശ്വാസം നിലച്ചു പോകുന്ന ഒരു വിങ്ങൽ ഹൃദയത്തെ പൊതിഞ്ഞു. രാപകൽ ഭേദമെന്യേ, കാൽ കുത്താൻ പോലും ഇടമില്ലാത്ത,നിവർന്നു നിൽക്കാൻ പോലും കഴിയാത്ത ഈ മുറിയ്ക്കുള്ളിൽ  മൂന്നു ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ ഹതഭാഗ്യരെക്കുറിച്ചു ചിന്തിച്ചപ്പോൾ കണ്ണുനിറഞ്ഞു. 300 വർഷങ്ങൾക്കിടയിൽ എത്രയോ ലക്ഷം പേരാണ് ഇവിടെ തുറുങ്കിലെന്ന പോലെ അടയ്ക്കപ്പെട്ടത്! ശ്വാസം കിട്ടാത്ത മുറിയിൽ, വിസർജ്യങ്ങളോടൊപ്പം നനഞ്ഞ സിമന്റ് തറയിൽ കഴിഞ്ഞുകൂടിയ എത്രയോ പേർ മാറാരോഗങ്ങൾ പിടിപെട്ട് മരിച്ചിട്ടുണ്ടാവണം! മനുഷ്യർ ഇത്രയൊന്നും ക്രൂരന്മാരാവാൻ പാടില്ല.

അടിമകളെ സൂക്ഷിച്ചിരുന്ന അറ

തലകുനിച്ച് മുറിയുടെ പുറത്തിറങ്ങി. ഇക്കുറി തലകുനിഞ്ഞത് ഭാഗ്യഹീനരായ ആ ലക്ഷക്കണക്കിന് മനുഷ്യരുടെ ഓർമ്മയിലാണ്. ചരിത്രം പോലും തലകുനിച്ചു പോകും, സൻസിബാറിലെത്തുമ്പോൾ. സെന്റ്‌മോണിക്ക ഗസ്റ്റ്ഹൗസിൽ നിന്നു പുറത്തിറങ്ങുമ്പോൾ തല പെരുത്തിരുന്നു. അവിടെ, വരാന്തയിൽ രണ്ടും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികൾ ഇരിക്കുന്നതു കണ്ടു. മാതാപിതാക്കൾ  സുരക്ഷിതമായി ഇവിടെ ഇരുത്തിയിട്ട് ജോലിക്ക് പോയിരിക്കുകയാവാം. സെന്റ് മോണിക്കയിലെ കാവൽക്കാരന്റെ പരിരക്ഷയിലാണ് രണ്ടുപേരും. സുന്ദരിക്കുട്ടികൾ. പക്ഷേ കൊടിയ ദാരിദ്ര്യം അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാം. നിറം മങ്ങിയ വസ്ത്രങ്ങൾ കാലപ്പഴക്കത്താൽ കീറിത്തുടങ്ങിയിരിക്കുന്നു. കൈയിലുള്ള ബിസ്‌ക്കറ്റും മിഠായിയും നീട്ടിയപ്പോൾ ചെറിയ കുട്ടി ആവേശത്തോടെ കൈനീട്ടി. ബിസ്‌ക്കറ്റ് പായ്ക്കറ്റ് തുറന്ന് കഴിച്ചുതുടങ്ങി. ചേച്ചിക്കുട്ടിയും സഹായത്തിനെത്തി. രണ്ടുപേർക്കും ക്യാമറയ്ക്ക്  മുന്നിൽ പോസ് ചെയ്യാനും മടിയില്ല.

അടിമകളെ സൂക്ഷിച്ചിരുന്ന അറയിൽ, അവരെ ബന്ധിച്ചിരുന്ന ചങ്ങല

ഗസ്റ്റ്ഹൗസിൽ നിന്നിറങ്ങിയാൽ ഇടതുവശത്ത് കാണുന്നത് യൂറോപ്യൻ ശൈലിയിലുള്ള പള്ളിയാണ്. ആ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന മരത്തിൽ കെട്ടിയിട്ടാണ് 'അടിമ'കളുടെ രണ്ടാമത്തെ ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയിരുന്നത്. ഇരുട്ടറയിൽ മൂന്നു ദിവസം കിടത്തിയ ശേഷം 'അടിമ'യെ നേരെ എത്തിക്കുന്നത് മരച്ചുവട്ടിലേക്കാണ്. തുടർന്ന് മരത്തിൽ കെട്ടിയിട്ട് ചാട്ട കൊണ്ടുള്ള അടിയാണ്. അടികൊണ്ട് നിലവിളിക്കാത്ത 'അടിമ'യെ വാങ്ങാൻ ആവശ്യക്കാരേറെ ഉണ്ടാവും നല്ല വിലയും കിട്ടും. ആ കൊടുംക്രൂരതയ്ക്ക് സാക്ഷിയായ മരം മുറിച്ചു നീക്കി അവിടെ പള്ളി പണിതത് 1879ലാണ്. സൻസിബാറിലെ മൂന്നാമത്തെ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന എഡ്‌വേഡ്‌  സ്റ്റിയർ ആണ് പള്ളി പണിയാൻ തീരുമാനിച്ചതും ഡിസൈൻ തയ്യാറാക്കിയതും. ഗോഥിക് - ഇസ്ലാമിക് വാസ്തുശില്പ ശൈലികൾ ഒരേ കെട്ടിടത്തിൽ പരീക്ഷിക്കുകയാണ് സ്റ്റിയർ ചെയ്തത്. എങ്കിലും, വീഞ്ഞ് 

സൂക്ഷിക്കാനുപയോഗിക്കുന്ന തടികൊണ്ടുള്ള ബാരലുകളുടെ ആകൃതിയാണ് അടിസ്ഥാനപരമായും പള്ളിയ്ക്കുള്ളത്.

സെന്റ് മോണിക്ക ഗസ്റ്റ് ഹൗസിന്റെ  ഉള്ളിൽ  

അടിമവ്യാപാരം നിർത്തലാക്കിയതിന്റെ സന്തോഷസൂചകമായാണ് ബിഷപ്പ് പള്ളി നിർമ്മാണത്തിന് ഉത്തരവിട്ടത്. അടിമകളെ കെട്ടിയിട്ട് അടിച്ച മരം നിന്നിടത്തായിരിക്കണം അൾത്താര എന്നും ബിഷപ്പ് തീരുമാനിച്ചിരുന്നു. സ്റ്റോൺടൗണിലെ എല്ലാ കെട്ടിടങ്ങളും പവിഴപ്പുറ്റുകൾ കൊണ്ടു നിർമ്മിച്ചപ്പോൾ, കോൺക്രീറ്റാണ് പള്ളി നിർമ്മാണത്തിന് ഉപയോഗിച്ചത് എന്നതും എടുത്തുപറയേണ്ട  പ്രത്യേകതയാണ്. കാന്റർബറി കത്തീഡ്രൽ എന്നറിയപ്പെടുന്ന പള്ളി കിഴക്കൻ ആഫ്രിക്കയിലെ ക്രിസ്ത്യൻ ശൈലിയിൽ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളിലൊന്നാണ്. പള്ളി നിർമ്മാണത്തിനിടയിൽ തമാശയുണ്ടായി. അടിമവേലയിൽ നിന്നു മോചിപ്പിക്കപ്പെട്ടവരെയാണ്  ബിഷപ്പ് കെട്ടിടം പണി ഏല്പിച്ചത്. ഇടയ്ക്ക് അദ്ദേഹം കുറച്ചു ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. തിരികെ വന്ന ബിഷപ്പ് കണ്ടത് കോൺക്രീറ്റ് തൂണുകൾ തലകുത്തി നിർത്തി മേൽക്കൂര പണിതിരിക്കുന്നതാണ്. ഇനിയിപ്പോൾ അതങ്ങനെ തന്നെ നിൽക്കട്ടെ എന്ന് ബിഷപ്പ് കരുതി. ഇപ്പോഴും പള്ളിക്കുള്ളിലുണ്ട്, തല തിരിഞ്ഞ 12 തൂണുകൾ.

സെന്റ് മോണിക്ക ഗസ്റ്റ് ഹൗസിനു മുന്നിൽ കണ്ട കുഞ്ഞു സുന്ദരികൾ 

പള്ളിയിലേക്ക് നടന്നു. പാരീസിലും ലണ്ടനിലും മറ്റും കണ്ടിട്ടുള്ള പള്ളികളുടെ അതേ ശൈലിയാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. ആഫ്രിക്കൻ ശൈലിയാകട്ടെ,കിളിവാതിലുകൾ പോലെയുള്ള ഭാഗങ്ങളിലാണ്  പ്രധാനമായും കാണാനാവുന്നത്. പള്ളിക്കുള്ളിൽ ആരുമില്ല. ഇരുന്നു പ്രാർത്ഥിക്കാനായി തടി ബെഞ്ചുകൾ നിരത്തിയിട്ടുണ്ട്. വൃത്താകൃതിയിലാണ് അൾത്താര. അൾത്താരയിലും തടികൊണ്ടുള്ള പാനലിങും ഗ്ലാസ് പെയിന്റിങ്ങുകളുമുണ്ട്. 

സെന്റ് മോണിക്ക ഗസ്റ്റ് ഹൗസ് -ഇതിന്റെ താഴെയാണ് അടിമകളെ സൂക്ഷിച്ചിരുന്ന അറ

അൾത്താരയുടെ നിലത്ത് ചുവന്ന വൃത്തത്തിനുള്ളിൽ വെളുത്ത മാർബിൾ പ്രതലം കാണാം. ഇവിടെയാണ് ക്രൂരതകൾക്ക് സാക്ഷിയായ മരം നിന്നിരുന്നത്. ചുറ്റും കാണുന്ന ചുവപ്പ് വൃത്തം  അടിമകളുടെ ശരീരത്തിൽ നിന്നും ചാട്ടവാറടിയേറ്റ് ഒഴുകിയിരുന്ന രക്തത്തിന്റെ പ്രതീകമാണ്.

 അൾത്താരയുടെ തൊട്ടുമുമ്പ് ഇടതുവശത്തു കാണുന്ന മരക്കുരിശിനു പിന്നിലും ഒരു കഥയുണ്ട്. ലോകസഞ്ചാരിയും പര്യവേക്ഷകനും സ്‌കോട്ടിഷ് മിഷിനറി പ്രവർത്തകനുമായിരുന്ന ഡോ. ഡേവിഡ് ലിവിങ്സ്റ്റണുമായി ബന്ധപ്പെട്ടതാണ്  ആ കഥ. മിഷനറി പ്രവർത്തനങ്ങൾക്കും പുതിയ വൻകരകൾ കണ്ടെത്തുന്നതിനുമായി ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ഡോ. ഡേവിഡ് ലിവിങ്സ്റ്റൺ 1864ൽ സൻസിബാറിലുമെത്തി.

ഏതാനും ആഴ്ചകൾ അദ്ദേഹം സൻസിബാറിൽ തങ്ങി. പിന്നെ ബ്രിട്ടനിലേക്ക് മടങ്ങി. 1860ൽ വീണ്ടും ലിവിങ്സ്റ്റൺ സൻസിബാർ സന്ദർശിച്ചു. അതേവർഷം തന്നെ നൈൽനദിയുടെ ഉത്ഭവമന്വേഷിച്ച് പുറപ്പെടുകയും ചെയ്തു. സാംബിയയിലെ ചിറ്റാംബോ എന്ന സ്ഥലത്ത് ഇതു സംബന്ധിച്ച പ്രവർത്തനങ്ങളുമായി കഴിഞ്ഞുവരവേ അദ്ദേഹത്തിന് കഠിനമായ അൾസറും മലേറിയയും പിടിപെട്ടു. 1873 മെയ് 2 മരണമടയുകയും ചെയ്തു.

ഡേവിഡ് ലിവിങ്‌സ്റ്റണിന്റെ ഹൃദയത്തിൽ നിന്ന് ജനിച്ച ആ മരക്കുരിശ് 

മരണാനന്തരം ലിവിങ്ങ്സ്റ്റന്റെ സഹായികളായ സൂസിയും ചുമയും ചേർന്ന് അദ്ദേഹത്തിന്റെ ഹൃദയം പുറത്തെടുത്ത് ചിറ്റാംബോയിൽ ഒരു മരത്തിനു താഴെ കുഴിച്ചിട്ടു. എന്നിട്ട് മൃതദേഹം ടാൻസാനിയയിലെ ബെഗമോയോ തുറമുഖത്തെത്തിച്ച് ബ്രിട്ടനിലേക്കു കപ്പലിലയച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബേയിൽ 1874 ഏപ്രിൽ 18ന് അദ്ദേഹത്തിന്റെ  മൃതദേഹം അടക്കുകയും ചെയ്തു.

കാന്റർബറി കത്തീഡ്രലിനുള്ളിൽ 

ഹൃദയം അടക്കം ചെയ്തിരുന്നത് ഒരു മരത്തിനു കീഴിലാണെന്നു പറഞ്ഞല്ലോ. ആ മരത്തിന്റെ ശാഖ മുറിച്ച് നിർമ്മിച്ച മരക്കുരിശാണ് സൻസിബാറിലെ  പള്ളിയുടെ ചുവരിൽ കാണുന്നത്.  സൻസിബാറിലെ അടിമ വ്യാപാരത്തിനും അടിമ  വ്യവസ്ഥിതിക്കുമെതിരെ ശബ്ദിച്ചയാളെന്ന നിലയിൽ ലിവിങ്സ്റ്റണു നൽകാൻ കഴിയുന്ന ഏറ്റവും സുന്ദരമായ ഓർമ്മക്കുറിപ്പല്ലേ , തന്റെ ഹൃദയം നൽകി വളർത്തിയ മരത്തിൽ നിന്നു നിർമ്മിച്ച ഈ കുരിശ്!

കാന്റർബറി കത്തീഡ്രലിനുള്ളിലേക്ക് 

പള്ളിയുടെ തൊട്ടുപിന്നിലായി ബിഷപ്പ് എഡ്‌വേഡ്‌  സ്റ്റിയറിന്റെ ശവകുടീരം കാണാം. 1882 ആഗസ്റ്റ് 26നാണ് അദ്ദേഹം അന്തരിച്ചത്. 1864 മുതൽ മരിക്കുന്നതുവരെ സൻസിബാറിലെ ബിഷപ്പായിരുന്നു സ്റ്റിയർ. ലിവിങ്സ്റ്റണെപ്പോലെ തന്നെ, ജീവിത കാലം മുഴുവൻ അടിമത്തത്തിനെതിരെ ശബ്ദിച്ചയാളാണ് സ്റ്റിയറും. സ്വാഹിലിഭാഷ പഠിച്ച് ബൈബിൾ സ്വാഹിലിയിലേക്ക്  തർജ്ജമ ചെയ്തിട്ടുമുണ്ട്, അദ്ദേഹം. പള്ളിയുടെ പുറത്ത് ഒരു മരത്തിനോട് ചേർന്ന് ഒരു കുഴി കാണാം. അതിനുള്ളിൽ പരസ്പരം ചങ്ങലയാൽ ബന്ധിക്കപ്പെട്ട നാലുപേരുടെ പ്രതിമകൾ.

സൻസിബാറിലെ ഒരു പഴയ കെട്ടിടവും പഴയ കാറും 

ഇതേ സ്ഥലത്താണ് പണ്ട് അടിമകളെ വ്യാപാരം ചെയ്തിരുന്നത്. രാവിലെ മുതൽ രാത്രി വരെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട് അവരവിടെ നിൽക്കും. ഇടയ്‌ക്കെപ്പോഴെങ്കിലും നല്ല വില പറയുന്നയാൾക്ക് അടിമയെ കൈമാറും. ആരും വില പറയാത്ത അടിമയ്ക്ക് ഈ കുഴിയിൽ പല ദിവസങ്ങൾ തന്റെ ദൗർഭാഗ്യത്തെ ശപിച്ച് കഴിയേണ്ടി വരും.

ഒരു സൻസിബാർ നഗരക്കാഴ്ച 

ആന്റണി ഗോംലി എന്ന ശില്പി നിർമ്മിച്ച ഈ ശില്പങ്ങളിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങല അടിമവ്യാപാരകാലത്തേത് തന്നെയാണ്. എത്രയോ ഹതഭാഗ്യരുടെ കണ്ണുനീരും വേദനകളും ഏറ്റുവാങ്ങിയ ചങ്ങലക്കണ്ണികളായിരിക്കും അത്. 'പ്രിസൺ ഐലന്റ് പോകണോ?'- സുരേഷ് ചോദിച്ചു. സൻസിബാറിൽ നിന്ന് 5.6 കിലോമീറ്റർ അകലെയുള്ള 'ചങ്ഗു' എന്ന ദ്വീപിനെയാണ് പ്രിസൺ ഐലൻഡ് എന്നു വിളിക്കുന്നത്.

സൻസിബാറിൽ താമസിച്ച ഹോട്ടലിൽ നിന്നുള്ള കടലിന്റെ കാഴ്ച 

1860 കളിൽ, പ്രശ്‌നക്കാരായ അടിമകളെ താൽക്കാലികമായി പാർപ്പിക്കാനാണ് ഈ ദ്വീപിൽ ജയിലുകൾ നിർമ്മിച്ചത്. എന്നാൽ പകർച്ച വ്യാധി പിടിപെട്ടവരെ  പാർപ്പിക്കുന്ന ദ്വീപാകാനായിരുന്നു ചെങ്ഗുവിന് യോഗം.സൻസിബാറിൽ നിന്ന് ചെങ്ഗു എന്ന പ്രിസൺ ഐലൻഡിലേക്ക് പോകാൻ സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് ലഭിക്കും. കരയിൽ നിന്നാൽ ദൂരെ, പൊട്ടുപോലെ ദ്വീപ് കാണാം.ഞങ്ങൾ  സ്ലേവ് മാർക്കറ്റിൽ നിന്നിറങ്ങി, ബോട്ടുകൾ നിരയായി പാർക്ക് ചെയ്തിരിക്കുന്നിടത്തെത്തി. അപ്പോഴേക്കും മഴ, അതിന്റെ എല്ലാ ഭീകരതയോടും കൂടി പെയ്തുതുടങ്ങിയിരുന്നു.

(തുടരും)

MORE IN WORLD ESCAPES