ഇത് ബാങ്കോക്ക് തട്ടുകട!

സോംടാം, കാവോ പാഡ്, കാവോ മുൻ ഗായ്, പ്ലാ പാവോ.... സിംഗ ബിയറിന് ടച്ചിങ്സ് ആയി സ്ക്രാംബിൾഡ് എഗ്ഗ്  തേടി ബിഎംഡബ്ലിയു ടവറിനടുത്തുള്ള

കരിന്തേൾ വറുത്തത്

ഭക്ഷണത്തെരുവിൽ ചെന്നപ്പോൾ കേട്ട പേരുകൾ. ഇന്ത്യാഗേറ്റിലെ ബാറിൽ സ്ക്രാംബിൾഡ് എഗ്ഗിന് വില നൂറ് തായ് ബാത്ത്. ബാർ ബോയിയായ നേപ്പാളിപ്പയ്യനാണ് പറഞ്ഞത്, സ്ട്രീറ്റിൽ 20 ബാത്തിന് നല്ല രുചികരമായ തായ് സ്ക്രാംബിൾഡ് എഗ്ഗ് കിട്ടുമെന്ന്. എന്നാൽ, ബാങ്കോക്ക് തട്ടുകടകളെ പരിചയപ്പെട്ടിട്ടു തന്നെ കാര്യം എന്നുറപ്പിച്ച് ബിഎംഡബ്ലിയു ടവറിനടുത്തുള്ള ഭക്ഷണത്തെരുവിലേക്ക് മാർച്ച് ചെയ്തു.

ഭക്ഷണത്തെരുവുകളുടെ നഗരം

ചെമ്മീനും ഭക്ഷ്യയോഗ്യമായ പുഴുക്കളും

ബാങ്കോക്കില തെരുവോര ഭക്ഷണശാലകൾ പട്ടായയിലെ മസാജ് പാർലറുകൾ പോലെ തിരക്കേറിയയിടമാണ്.   ബാങ്കോക്കിലെത്തുന്ന  ടൂറിസ്റ്റുകളുടെ  യാത്രാക്രമത്തിലെ  പ്രധാന ഇനമാണ് തായ് തെരുവു ഭക്ഷണം.  ഇത് സന്ദർശകർക്ക് തായ്‌ലൻഡിലെ സവിശേഷ പരമ്പരാഗത പാചകരീതികൾ നേരിൽ കാണാൻ കിട്ടുന്ന അവസരം കൂടിയാണ്.  2015–ലെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും നല്ല തെരവോര ഭക്ഷണം ലഭിക്കുന്ന പട്ടണം ബാങ്കോക്കാണ്. ഞങ്ങളുടെ ബസ് പാർക്ക് ചെയ്തിരുന്ന BMW. ടവറിനടുത്ത്  തന്നെ വലിയൊരു തെരുവോര ഫൂഡ് മാർക്കറ്റ്  ഉണ്ടായിരുന്നു. പാമ്പ്, തേൾ, പാറ്റ, ഞണ്ട്, നീരാളി, ചെമ്മീൻ, കൂന്തൾ, മുട്ട തുടങ്ങി ഏതാണ്ടെല്ലാ വിഭവങ്ങളും അവിടെയുണ്ട്.  അതിശയകരമായ വിലക്കുറവിൽ.  അതും സവിശേഷ തായ് രുചിയിൽ.

തെരുവോര ഭക്ഷണശാല

അവിടെ ഞങ്ങൾ ഭക്ഷണം വിളമ്പിയ  തായ് സുന്ദരി നല്ല സംസാരപ്രിയയായിരുന്നു.  ഇംഗ്ലിഷ് അറിയാം.  പാചകത്തിനിടയിൽ അവർ ബാങ്കോക്ക് തെരുവോരത്തെ ഭക്ഷണപ്പെരുമയെക്കുറിച്ച് വാചാലയായി.

‘നെല്ലരിയാണ് ഞങ്ങളുടെ മുഖ്യാഹാരം.  ചോറിനോടൊപ്പം കായ്കനികൾ, മത്സ്യം, മാം സം, മുട്ട തുടങ്ങിയവയും തായ്‌ലൻഡുകാർ കഴിക്കും.  പോഷകസമൃദ്ധവും രുചികരവുമായ തായ് വിഭവങ്ങൾക്ക് ബാങ്കോക്കിനകത്തും പുറത്തും ധാരാളം ആവശ്യക്കാരുണ്ട്...’

വിൽപനക്കാരിയുടെ വിവരണത്തിനിടയിൽ അവിടെ പ്രദർശിപ്പിച്ചിരുന്ന വിഭവങ്ങളിലേക്ക് കണ്ണുകളെത്തി. വെറുതെ രസത്തിനുവേണ്ടി തെരുവ് ഭക്ഷണം രുചിക്കാനെത്തിയതാണ്.  എന്നാൽ, അവിടെ നിരത്തിവച്ച കരിന്തേളും മറ്റും അകത്താക്കാൻ അൽപം ഭയം ഉണ്ടായിരുന്നു.  സഹയാത്രികനായ മണ്ണൂത്തി വെറ്ററിനറി കോളജിലെ മുൻ മീറ്റ് ടെക്നോളജി പ്രഫസർ ഡോ. ജെ.അബ്രഹാം ധൈര്യം നൽകി. വലിയ ചൂടിൽ പൊരിച്ചെടുക്കുന്നതോടെ വിഷാംശം പ്രോട്ടീൻ ആയതിനാൽ ഡിനേച്ചർ ചെയ്യപ്പെടും പോലും.  അതോടെ ധൈര്യമായി.  ബാങ്കോക്ക്  തെരുവ് ഭക്ഷണശാലയിൽ പൊരിച്ച കരിന്തേളിന് നൂറ് മുതൽ 250 ബാത്ത് വരെ വിലയുണ്ട്.

ഫ്ലോട്ടിങ് മാർക്കറ്റിലെ ഭക്ഷണ വള്ളങ്ങൾ

ബാങ്കോക്ക് തെരുവോരങ്ങളിൽ നിന്നു ലഭിക്കുന്ന ഭക്ഷണം എല്ലായിടത്തും ഒരുപോലാവില്ല.  വിൽപ്പനക്കാരിൽ പലരും ഏതെങ്കിലും ഒന്നോ രണ്ടോ വിഭവങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരായിരിക്കും.  ഭക്ഷണപ്രിയർ അവരെ തേടിയെത്തും,  അവർ ഏതു തെരുവിലായാലും. ഇവർക്കാർക്കും ‘മെനു’ കാർഡ‍് ഇല്ല.  ചിലർ ‘പ്രികുക്ക്ഡ് ഭക്ഷണം’ വിതരണം ചെയ്യുമ്പോൾ  മറ്റു ചിലർ ഓർഡർ അനുസരിച്ച് (Food to order) ഭക്ഷണം വിളമ്പുന്നവരാണ്. ഫൂഡ് ടു ഓർഡർ വിഭാഗത്തിൽ പേരുകേട്ട തായ് വിഭവമാണ് ‘കാഫ്റോ മ്യൂ (Kaphro Mu).  തുളസിയില  ചോറിൽ മിൻസ്ഡ് പോർക്ക് ചേർത്തതാണ് വിഭവം.    ‘പലാഡുക്ക് പഹറ്റ് (Paladuk Phat) ആണ് മറ്റൊരു വിഭവം.  പൊരിച്ചെടുത്ത കറ്റ് ഫിഷൽ റെഡ് കറി പേസ്റ്റ്  ചേർത്തത്.  ‘പഹറ്റ് ഖാന’ (Phat Khana)യാണ് രുചികരമായ മറ്റൊരിനം  തെരുവ് ഭക്ഷണം.

തെരുവോര ഭക്ഷണശാല

ബാങ്കോക്കിൽ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും എപ്പോഴും തിരക്കിലാണ്.  ഒരിടത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ അവർക്ക് നേരമില്ല. അതുകൊണ്ടാവണം പലരും നടന്നാണ് ഭക്ഷണം കഴിക്കുന്നത്. അവർക്ക് നടന്നു കഴിക്കാൻ പാകത്തിന് എളുപ്പം ചൂടാറാത്ത ‘ഫോം ഫൂഡ് കൺടെയ്നേഴ്സിൽ’ (Foam Food Containers) കടക്കാർ ഭക്ഷണം നൽകും.

തെരുവ് ഭക്ഷണ പാചകക്കാരി

ബാങ്കോക്ക് തെരുവോരത്തെ സ്ഥിരം ഭക്ഷണശാലകൾക്കു പുറമേ വിശേഷാവസരങ്ങളിലും ഉത്സവസ്ഥലത്തും  മാത്രം കാണുന്ന മൊബൈൽ വെയിറ്റർമാരും മൊബൈൽ ബാറുകളും ഉണ്ട്. മോട്ടോർ ബൈക്കിന്റെ സൈഡ് കാറാണ് ഇങ്ങനെ ഭക്ഷണശാലയായി രൂപാന്തരപ്പെടുന്നത്.

ഫ്ലോട്ടിങ് മാർക്കറ്റിൽ നിന്ന് തുടക്കം

രസകരമാണ് ബാങ്കോക്കിലെ സവിശേഷം തെരുവുഭക്ഷണ സംസ്കാര ചരിത്രം. നമ്മുടെ നാട്ടിലെപ്പോലെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം ഭക്ഷണപ്പൊതിയാക്കിയായിരുന്നു ജോലിക്കായി പുറത്തു പോകുന്നവർ കഴിച്ചിരുന്നത്.  തായ് ഗ്രാമങ്ങളിൽ ഇപ്പോഴും അങ്ങനെതന്നെ. എന്നാൽ വൻ നഗരങ്ങളായുള്ള വളർച്ചയിൽ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ ജനങ്ങൾ അവരുടെ ഭക്ഷണ രീതി പതുക്കെ തെരുവു ഭക്ഷണ സംസ്കാരത്തിലേക്ക് മാറുകയായിരുന്നു.

തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റിലാണ് തെരുവു ഭക്ഷണ രീതി  ആദ്യം തുടങ്ങിയത്.  അയുത്തായ (AYUTHAYA) ഭരണകാലഘട്ടമായ 1350–1767 കാലത്താണ് ഈ മാറ്റം വലിയതോതിൽ സംഭവിച്ചത്.  ഫ്ലോട്ടിങ് മാർക്കറ്റിൽ നിന്നു ഈ ഭക്ഷണ രീതി ‘നദി ഭക്ഷണം’ എന്ന നിലയിൽ ജലഗതാഗതഗയാത്രക്കാരിലേക്കു പടർന്നു. രാമൻ അഞ്ചാമൻ തായ് രാജാവിന്റെ  കാലത്താണ് ഈ തെരുവ് ഭക്ഷണ രീതി സർക്കാർ അംഗീകരിച്ചതും അതിനുവേണ്ടി  മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയതും. 

ചിക്കുവ സ്ലൈസ് ചെയ്തത്

അതോടെ തെരുവ് ഭക്ഷണം തായ്‌ലൻഡിൽ  എല്ലായിടത്തും നല്ല ജനസമ്മിതിയുള്ള ഭക്ഷണ രീതിയായി അംഗീകരിക്കപ്പെട്ടു.  1960 കളിൽ ആരംഭിച്ച നഗര വളർച്ചയോടൊപ്പം തെരുവോര ഭക്ഷണശാലകളും  ബാങ്കോക്കിൽ വളർന്നു വലുതായി.   1970 ആ യപ്പോഴേക്കും  തായ് തെരുവ്  ഭക്ഷണത്തിന്റെ രുചി അറിഞ്ഞവർ പലരും വീട്ടുഭക്ഷണം ഉപേക്ഷിക്കുന്ന നില വന്നു.  അതോടെ വീടുകളിൽ ഭക്ഷണം പാചകം ചെയ്യാതായി.  അക്കാലത്ത് സ്ഥിരമായി ഭക്ഷണം പുറത്തുനിന്നും വാങ്ങുന്ന  ഭാര്യമാർ അറിയപ്പെട്ടിരുന്നത് ‘പ്ലാസ്റ്റിക് ബാഗ് ഹൗസ് വൈഫ്’ എന്നായിരുന്നു.  കാരണം െതരുവ് വാണിഭക്കാർ ഇവർക്ക് ഭക്ഷണം പാർസലായി നൽകിയിരുന്നത് മേൽത്തരം പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു.

ഭക്ഷ്യയോഗ്യമായ ചെറു പ്രാണികൾ

ഇന്ന് നാം കാണുന്ന തായ് തെരുവോര ഭക്ഷണ  സംസ്കാരം രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനത്താൽ സംഭവിച്ചതാണ്. അത് തായ് ജനതയുടെ ജീവിതശൈലി, കാർഷിക രീതി, ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനരീതി എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു.  അടുത്തകാലത്ത് സംഭവിച്ച അതിവേഗ നഗരവൽകരണം ഈ മേഖലയിൽ പലർക്കും  പുതിയ തൊഴിലവസരങ്ങൾ നൽകി. തായ്‌ലൻഡിൽ വിനോദസഞ്ചാരികളായെത്തിയ വിദേശ ടൂറിസ്റ്റുകളും അവരുടെ രുചിഭേദങ്ങളും തെരുവോര ഭക്ഷണവൈവിധ്യവൽകരിക്കുന്നതിന് കാരണമായി.

തായ് ന്യൂഡിൽസ്

തെരുവോര തായ് വിഭവങ്ങൾ

ന്യൂഡിൽസ് വിഭങ്ങളാണ് ബാങ്കോക്ക് തെരുവോരത്ത് ഏറ്റവുമധികം വിറ്റഴിയുന്നത്.  ‘പാഡ് തായ് റാറ്റ് നാ’ (Pad thai Rat Na) ഗ്രേവിയോടൊപ്പം ചിക്കനോ, ബീഫോ, പോർക്കോ, പച്ചക്കറികളോ ചേർത്ത  ഫ്ലാറ്റ് ന്യൂഡിൽസ്  ആണ് ഒരിനം.  ‘റെഡ് നാസ് റ്റ്വിൻ’  (Red Nas Twin), ഫാറ്റ് സി – ഒ’ (Phat Si -Io), ‘ഫ്ലാറ്റ് ന്യൂഡിൽസ് ഡ്രെ ഫ്രൈ’, ‘ചൈനീസ് ന്യൂഡിൽസ് സൂപ്പ്, ‘ഫെർമെറ്റൻഡ് തായ് റൈസ് ന്യൂഡിൽസ്, ഖാംമോംചിൻ’ (Khamom Chin) എന്ന എരിവും പുളിയുമുള്ള ‘തായ് കറി’ എന്നിവയ്ക്കു പുറമേ  ‘എഡിബിൾ  ഇൻസെറ്റ്സ്’ വിഭാഗത്തിൽപ്പെടുന്ന ഷഡ്പദങ്ങളും അവയുടെ ലാർവ, മുട്ട, തേൾ എന്നിവയെല്ലാം ലൈംഗികശേഷി വർധക (Aphrodiciyak) വിഭവങ്ങൾ എന്ന ലേബലിലും ബാങ്കോക്ക് തെരുവോരത്ത് സുലഭമാണ്.

തായ്‌ലൻഡിൽ സർവസാധാരണമാണ് ‘സോം ടാം’ (Som tam) എന്ന പച്ച പപ്പായ സലാഡ്. ഗ്രിൽഡ് ചിക്കന്റെ ഏറ്റവും നല്ല കോംബിനേഷൻ, ‘തോം യുനി കൂങ്’ (Tom Yuni Kung) എന്ന ചെമ്മീൻ സൂപ്പ്, ‘ഖായോ ഫാറ്റ്’ (Khao Phat) എന്ന ഫ്രൈഡ് റൈസ്, ജപ്പാനിസ് ‘ചിക്കുവ’ (Chikkuva) ‘ജർമൻ സോസേജ്’ എന്നിവയാണ് ബാങ്കോക്ക് തെരുവോരങ്ങളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന മറ്റു വിഭവങ്ങൾ.  ഇതിനും പുറമെ മലയക്കാരുടെ ‘റോട്ടി കാനായ്’ (Roti Canai), സിംഗപ്പൂരിയൻ, ‘റോട്ടി പറാട്ട’ (Roti Prata) എന്ന മുസ്‌ലിം വിഭവങ്ങൾ മാത്രം വിൽക്കുന്ന കടകളും ബാങ്കോക്ക് തെരുവോരത്ത് കണ്ടു.

ടോം യം ഗൂങ് സൂപ്പ്

തെരുവോര പാനിയങ്ങൾ

നല്ല രുചിയുള്ള തായ് പാനീയങ്ങളും ബാങ്കോക്ക് തെരുവോരത്ത് ലഭ്യമാണ്.  ‘ചാ യെൻ’ (Cha Yen) എന്ന ചായയാണ്  ഇതിൽ മുഖ്യം.  നമ്മുടെ മസാല ചായയ്ക്ക് തുല്യമാണ് തായ്‌ലൻഡ് ചാ യെൻ.  കടുപ്പമുള്ള ചായയിലേക്ക് ഓറഞ്ഞ്, ബ്ലാസം, പൊടിച്ച പുളിങ്കുരു തൊണ്ട്, മസാല എന്നിവ ചേർത്തുണ്ടാക്കുന്ന  ‘ചാ യെൻ’  തണിപ്പിച്ചാണ് വിളമ്പുന്നത്.  സിലോൺ വെറൈറ്റി ചായ ഇല ഉപയോഗിച്ച്  ഉണ്ടാക്കുന്ന  ‘ചാ യെൻ’ ചിലർ പാൽ ചേർത്തും കുടിക്കാറുണ്ട്.

‘കഫേ ബ്രോൺ’ (Kafae Boran) ആണ് തായ് ലൻഡിലെ പരമ്പരാഗത കാപ്പി.  നല്ല കടുപ്പമുള്ള ഈ കാപ്പിക്ക് ബാലിദ്വീപിലെ വിലയേറയ ‘ലുവാക്ക് കാപ്പി’യുടെ രുചി തോന്നി.

‘ചുവന്ന മൂരിക്കുട്ടൻ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ‘ക്രാറ്റിങ് ‍‍ഡായിങ്’ എന്ന എ നർജി ഡ്രിങ്ക് ആണ് മറ്റൊരു ബാങ്കോക്ക് തെരുവ് പാനീയം.  ‘ലാ ഒ വാ ഒ’ എന്ന  റൈസ് വോഡ്കയാണ്  ബാങ്കോക്കിലെ  നാടൻ വാറ്റുചാരായം.   ബാലിദ്വീപിലെ പോലെ ‘മൂൺഷൈൻ’ എന്ന ഓമനപ്പേരിലാണ് അത് ഇവിടെ അറിയപ്പെടുന്നത്. 

‘ലിയോ മായി ഖോങ് എന്ന മാൾട്ട് വിസ്കിയാണ് മറ്റൊരിനം.  അരിയിൽ നിന്നും  വാറ്റിയെടുക്കുന്ന ഇതിന്റെ രുചി റമ്മിന്റേതാണ്.  ‘നാം മനോ’ എന്ന ലൈം  ജ്യൂസും, ‘സാതോ എന്ന പരമ്പരാഗത റൈസ്‍ വൈനുമാണ് ബാങ്കോക്ക് തെരുവോരത്തെ  മറ്റു പാനീയങ്ങൾ. ബസ് വിമാനത്താവളത്തിലേക്ക് പോകാൻ സമയമായപ്പോൾ ഒരു കാര്യം വ്യക്തമായി, തായ്‌ലൻഡിന്റെ തെരുവോര ഭക്ഷണത്തെ അറിയാൻ മാത്രമായി വരണം. ഒരു ഫൂഡി ട്രാവലറായി. .