22–ാം വയസ്സിൽ സ്വന്തമായി ഒരു കമ്പനി: അന്നേ ബോസാണ് ഗീതു ശിവകുമാർ

ബോസിനോട് ലീവ് ചോദിക്കാന്‍ കാരണം അവതരിപ്പിച്ചു ബുദ്ധിമുട്ടേണ്ട, കൂട്ടുകാരും വീട്ടുകാരും ഒരുക്കുന്ന ചെറിയ പാര്‍ട്ടികൾ വേണ്ടെന്നു വയ്ക്കേണ്ട. ഓഫിസിലിരുന്നു ബോറടിക്കുമ്പോള്‍ കൂടെ പഠിച്ചവരെയോ പരിചയക്കാരെയോ കൂട്ടി സിറ്റിയിലെവിടെയങ്കിലും പോയൊന്നു ചെറുകറക്കവും നടത്താം. ഒരു കമ്പനിയുടെ സിഇഒ ആയാല്‍ അങ്ങനെ പലതുണ്ട് ഗുണം.

സംഗതി വലിയ റിസ്‌ക് ആണെങ്കിലും ജീവിതം കളറാക്കാന്‍ ഇതിലും മികച്ചൊരു ഓപ്ഷനുണ്ടാകില്ല. അങ്ങനെയൊരു വിജയഗാഥയാണ് ഗീതു ശിവകുമാര്‍ പറയുന്നത്. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ മിക്കവരുടെയും ചിന്ത എങ്ങനെയെങ്കിലും ഒരു നല്ല ജോലിയില്‍ കയറുക അല്ലെങ്കില്‍ ഇപ്പോള്‍ പഠിക്കുന്ന കോളജിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഒരിടത്തേക്ക് ഉപരി പഠനത്തിനായി പോകുക എന്നതായിരിക്കും അല്ലേ. പക്ഷേ ഇവിടെ ഗീതു പഠിച്ചിറങ്ങിയതു തന്നെ പെയ്‌സ് ഹൈടെക് എന്ന സ്വന്തം കമ്പനിയുടെ മേധാവിയായിട്ടാണ്.

പഠിക്കുമ്പോഴേ ജോലി!

സ്‌കൂള്‍ പഠനം പുസ്തകത്തോടു മാത്രമല്ല, അതിനു പുറത്തുള്ള ഒരു ലോകത്തോടൊപ്പം കൂടിയാണ് ഗീതു ചെലവിട്ടത്. അങ്ങനെ തേടിയെത്തിയ അംഗീകാരങ്ങളാണ് 22–ാം വയസ്സില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ തലൈവിയാക്കി മാറ്റിയതും. അതില്‍ വിജയക്കുതിപ്പിനു തുടക്കമിടാന്‍ കാരണമായതും. പന്ത്രണ്ടു വയസ്സുളളപ്പോഴായിരുന്നു ആദ്യ അംഗീകാരം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്കുള്ള ഫെലോഷിപ്പായിരുന്നു അത്. എന്നാലും സാങ്കേതിക വിദ്യയ്‌ക്കൊപ്പം കൂട്ടുകൂടി അതില്‍ സ്വതന്ത്രമായി മുന്നേറണം എന്ന ചിന്ത മനസ്സിലൊരു കനലായി വന്നത് ജപ്പാന്‍ യാത്രയിലായിരുന്നു. പാഠ്യേതര വിഷയങ്ങളിലെ മികവിന് 2012ല്‍ ജപ്പാനിലേക്കുള്ള സംഘത്തില്‍, ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി പോകാന്‍ അവസരം ലഭിക്കുകയുണ്ടായി. പഠനത്തിനൊപ്പം തന്നെ ജോലിയും ഗവേഷണവുമെന്ന, ലോകത്തിന് അന്നും ഇന്നും മാതൃകയായ ജപ്പാന്‍ മോഡല്‍ ഏറെയിഷ്ടമായതോടെ ബിടെകിനു ശേഷം എന്തെന്നതിന് അന്നേ ഉത്തരം കിട്ടി.

ഗീതു ശിവകുമാർ

അന്നേ ബോസാണ്

ബാര്‍ട്ടന്‍ഹില്‍ ഗവണ്‍മെന്റ് എൻജിനീയറിങ് കോളജില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. അന്നുതൊട്ടേ കോളജിലെ കുട്ടികളും അവരുടെ കൂട്ടുകാരും പരിചയക്കാരും വഴി വരുന്ന ചെറിയ ചെറിയ സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകളൊക്കെ ചെയ്തു തുടങ്ങിയിരുന്നു. നല്ലൊരു പോക്കറ്റ് മണിയും അന്നേ കൈയിലെത്തിയിരുന്നു. അത് എത്രമാത്രം വലുതായിരുന്നുവെന്ന് കോളജ് പഠന ശേഷം വന്ന ജോബ് ഓഫറുകള്‍ കണ്ടപ്പോള്‍ ഗീതു മനസ്സിലാക്കിയിരുന്നു. കാരണം, പഠന സമയത്ത് പാര്‍ട്ട് ടൈം ആയി പ്രോജക്ടുകള്‍ ചെയ്ത് നേടിയെടുത്തിരുന്നു തുകയുടെ അത്രയും ശമ്പളം ഒരു കമ്പനിയും വാഗ്ദാനം ചെയ്തില്ല. പ്രോജക്ടുകളുമായി നടന്നപ്പോള്‍ ക്ലാസില്‍ കയറാന്‍ സമയം കിട്ടിയില്ലെങ്കിലും അതിലൊരിക്കലും സങ്കടപ്പെടേണ്ടി വന്നിട്ടില്ല ഗീതുവിന്. കാരണം, കോളജിനു വേണ്ടി ന്യൂസ് ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്തതോടെ അംഗീകാരമായി, കോളജില്‍ സ്റ്റാറായി. ഇതോടെയാണ് ജപ്പാന്‍ യാത്ര കൈവന്നതും. എങ്കിലും ഗീതു ശ്രദ്ധേയയാകുന്നത് ടെക്‌നോപാര്‍ക്കും ഐടി മിഷനും സംയുക്തമായി നടത്തിയ ഐടി ഫെസ്റ്റില്‍ മികച്ച വെബ് ഡെവലപ്പറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്.

ഗീതു ശിവകുമാർ

വീട്ടില്‍ കണ്‍ഫ്യൂഷനായിരുന്നു, പക്ഷേ!-

പഠിക്കുന്ന സമയത്തെ പ്രോജക്ടുകള്‍ക്കെല്ലാം വീട്ടില്‍ വലിയ പിന്തുണയായിരുന്നെങ്കിലും ജോബ് ഓഫറുകളൊക്കെ വേണ്ടെന്നു വച്ച് സ്വന്തമായി കമ്പനി മതിയെന്നു തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അത്ര സന്തോഷമൊന്നും ആയിരുന്നില്ല. അച്ഛന്‍ ശിവകുമാര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. അമ്മ സുജ. കവടിയാറിലാണ് താമസം. അവര്‍ ഇരുവരേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതോടെ കാര്യം ശരിയായി. 23 വയസുള്ള ഗീതുവിന് കീഴില്‍ ഇരുപത്തിയഞ്ച് ജീവനക്കാരാണ് കവടിയാറിലെ പേസ് ഹൈടെക് എന്ന സ്ഥാപനത്തിലുള്ളത്.

അന്നും ഇന്നും അവരാണ് മനസ്സില്‍!

ചെറുപ്പം മുതല്‍ക്കേ വായിക്കുന്നതും അറിയാന്‍ ശ്രമിക്കുന്നതുമെല്ലാം സ്വന്തമായി കമ്പനികള്‍ തുടങ്ങിയവരുടെ കഥയാണ്. സ്വന്തം വഴി തെളിച്ച് നടന്നവരെക്കുറിച്ചറിയാൻ വലിയ കൗതുകമാണ്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍...തുടങ്ങിയ സ്ഥാപനങ്ങളൊക്കെ തുടങ്ങിയത് എങ്ങനെയെന്ന കഥയൊക്കെ ഒരുപാട് വട്ടം വായിച്ചിട്ടുണ്ട്. കമ്പനി എത്ര വലുതാണ് ചെറുതാണ് എന്നതല്ല, അതിനോട് എത്രമാത്രം പാഷനോടെയാണ് നില്‍ക്കുന്നത് അവര്‍ എങ്ങനെയാണ് അത് തുടങ്ങിയത് എന്ന് വായിക്കുന്നത് എന്നും ഊർജമായിരുന്നു.

ഗീതു ശിവകുമാർ

സ്വന്തമായൊരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തിക്കൊണ്ടുപോകുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ നമുക്ക് അങ്ങേയറ്റം സ്വാതന്ത്ര്യത്തോടെ കരിയറില്‍ തീരുമാനങ്ങളെടുക്കാനാകുകയെന്നത് വലിയ കാര്യമാണ്. ആ തീരുമാനങ്ങള്‍ സമ്മാനിക്കുന്ന അവസരങ്ങള്‍ അനുഭവിക്കുന്നതിന്റെ ത്രില്‍ വേറെ തന്നെയാണ്. ശമ്പളത്തിന്റെ കാര്യമായാലും, സാധാരണ ജോലി ചെയ്യുന്ന പോലെ ഒരു നിശ്ചിത തുക ആയിരിക്കില്ല. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതലയായിരിക്കും. അല്ലെങ്കില്‍ കുറവ്. രണ്ടായാലും മനസ്സിലുണ്ടാക്കുന്നത് കൂടുതല്‍ വ്യക്തതയോടെ ആത്മാര്‍ഥതയോടെ മുന്നോട്ടു പോകാനുള്ള ഊര്‍ജമാണെന്ന് ഗീതു പറയുന്നു.

ഇനി

ഗീതു ശിവകുമാർ

ഇപ്പോള്‍ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ കൂടിയുണ്ട് നമുക്ക്. ആഭ്യന്തര രംഗത്തും നല്ല മുന്നേറ്റമാണ്. വരും വർഷങ്ങളിൽ പത്തു രാജ്യങ്ങളില്‍ കൂടി കമ്പനിക്ക് ഓഫിസ് തുടങ്ങിക്കൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നാണ് ആഗ്രഹം.