സമ്പൂർണ നക്ഷത്രഫലം 2019 – വിശാഖം : കാണിപ്പയ്യൂർ

വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ നിർണായ തീരുമാനങ്ങളിൽ  അനുകൂല വിജയം കൈവരിക്കുന്നതു വഴി ജീവിതത്തിന് വഴിത്തിരിവുണ്ടാകും . ചില കർമപദ്ധതികളിലേർപ്പെടുവാനും തന്മൂലം വിജയപ്രതീക്ഷകളെല്ലാം അനുകൂലമാക്കിത്തീർക്കുവാനും സാമ്പത്തികപുരോഗതിക്കും യോഗം കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായിട്ട് അനുഭവിച്ചു വന്നിരുന്ന കഷ്ടനഷ്ടങ്ങളെല്ലാം തന്നെ അതിജീവിക്കാം.  കടങ്ങളൊക്കെ ഉണ്ടെങ്കിൽ അതെല്ലാം കൊടുത്തു തീർക്കാൻ തക്കവണ്ണം ഉള്ള സാഹചര്യങ്ങള്‍ കൂടി ഉണ്ടായിത്തീരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. ഒരുപക്ഷേ അവരോടൊപ്പം മാസങ്ങളോളം അന്യദേശത്ത്   താമസിക്കുവാനുള്ള സാഹചര്യങ്ങള്‍  സമാധാനത്തിനു വഴിയൊരുക്കുവാൻ യോഗമുണ്ട്. 

കാർഷികമായിട്ടുള്ള മേഖലകളിൽ നിന്നും ആദായം വർധിക്കുന്നതു വഴി വിപുലമായിട്ടുള്ള പദ്ധതികളിൽ  ആധുനിക സംവിധാനം അവലംബിക്കുകയും  ക്രമാനുഗതമായ പുരോഗതിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുവാനും യോഗമുണ്ട്. വ്യാപാരം, വിപണനം, വിതരണം എന്നീ മേഖലകളിൽ സ്വന്തമായ പ്രസ്ഥാനം തുടങ്ങി  ആദായം അനുഭവത്തിൽ വന്നുചേരുവാനും യോഗമുണ്ട്.  നിലവിലുള്ള ഗൃഹത്തിനേക്കാൾ വിസ്തൃതിയുള്ള ഒരു ഭൂമി വാങ്ങി ഗൃഹം നിർമ്മിക്കുവാനുള്ള ആശയം വന്നുചേരുവാനും ഭൂമി വാങ്ങിക്കുവാനുമുള്ള സാധ്യത കൂടി കാണുന്നുണ്ട്.  2021– 2022 കാലങ്ങളിലൊക്കെത്തന്നെ ഗൃഹനിർമ്മാണം പൂർത്തീകരിക്കത്തക്ക വിധത്തിലായിരിക്കും ഉണ്ടായിത്തീരുക.

 വിദേശത്ത് താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ അങ്ങോട്ട് കൊണ്ടുപോകുവാൻ തക്കവണ്ണം ഒരു ഉദ്യോഗമാറ്റം ഉണ്ടായിത്തീരും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധ്യത കാണുന്നു. ബൃഹത് പദ്ധതികൾ വിഭാവനം ചെയ്യുവാനും അതിനുള്ള കൃത്യമായ രൂപീകരണ ആശയങ്ങൾ അവലംബിക്കുവാനുള്ള  സാഹചര്യങ്ങള്‍ വന്നുചേരും.  മറ്റു ചിലർക്ക് ഉദ്യോഗം ഉപേക്ഷിച്ച് ഒരു വര്‍ഷത്തെ പാഠ്യപദ്ധതിക്കു ചേരുവാനുള്ള സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. 

 വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. നിരവധി കാര്യങ്ങൾ അനുകൂലമാക്കിത്തീർക്കുവാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാം. മക്കൾക്ക് ചില ഗുണദോഷങ്ങൾ അനുവർത്തിക്കുവാനും അവരെ ധ്രുവീകരിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടായിത്തീരുവാനുള്ള യോഗം കാണുന്നുണ്ട്. സാഹസപ്രവൃത്തികളിൽ നിന്നും നിർബന്ധമായും ഈ വർഷം പിന്മാറേണ്ടതാണ്. സാഹസപ്രവൃത്തികൾ നടത്തുന്നവര്‍ വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും നിർബന്ധമായിട്ടും വേണ്ടതായിട്ടുള്ള ഒരു കാലമാണ്.   നാഡിരോഗപീഡകളുണ്ടെങ്കിൽ  ഈ സാഹസപ്രവൃത്തികള്‍ യാതൊരു കാരണവശാലും അരുതാത്തതാണ്. 

സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ സാമ്പത്തികമായിട്ടുള്ള സഹായം ചെയ്യുവാനിടവരുമെങ്കിലും തിരിച്ചു ലഭിക്കും എന്നൊരു വിശ്വാസത്തോടുകൂടി സാമ്പത്തിക സഹായം ചെയ്യേണ്ടതില്ല. ദാനം കൊടുത്തു എന്നു വിചാരിച്ചു പ്രവർത്തിക്കേണ്ടതായ സാഹചര്യങ്ങളാണ് ഉണ്ടായിത്തീരുക. ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായിട്ട് സാമ്പത്തികമായിട്ടുള്ള സഹായം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവാം .  മറ്റു ചില സ്ഥാപനങ്ങളിൽ നിന്നും സഹായങ്ങൾ വന്നുചേരുവാനും യോഗം കാണുന്നുണ്ട്. വ്യവസ്ഥകൾ പാലിച്ചു ചെയ്യുന്ന പ്രവർത്തനങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുന്നതുവഴി സൽകീർത്തിക്കു യോഗം കാണുന്നു.മാർച്ചു മാസം മുതൽ മൂന്നും നാലും മാസത്തിനുള്ളിൽ പിതാവിന് അസുഖം വർധിക്കുവാനും  ആശുപത്രിവാസത്തിനും യോഗം കാണുന്നുണ്ട്. ഇതിനോടനുബന്ധമായി മാതാപിതാക്കളെ സംരക്ഷിക്കത്തക്ക വിധത്തിൽ അതിനനുസൃതമായ സ്ഥലത്തേക്ക് ഉദ്യോഗ മാറ്റത്തിനു പരിശ്രമിക്കുകയും അതു ലഭിക്കാത്തപക്ഷം നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്ന് ശ്രമിക്കുകയും ചെയ്യുന്നത് ഗുണകരമായിത്തീരും .മുൻപുണ്ടായിരുന്ന പ്രസ്ഥാനത്തിനേക്കാൾ സ്വതന്ത്രമായിട്ടും വളരെ നല്ല നിലയിലുള്ള ജോലി ചെയ്യുവാനും  സ്ഥാനക്കയറ്റത്തിനും സാധ്യത ഉണ്ട്. ചെയ്യുന്ന കാര്യങ്ങൾ പൂർണ ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്നതിൽ അധികാരം, അനുഭവജ്ഞാനം, പുതിയ ഭരണസംവിധാനം എന്നിവ അവലംബിക്കുന്നത് ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കുന്നതിനും വിശാഖം നക്ഷത്രക്കാർക്ക് 2019ൽ അനുഭവയോഗ്യമായിട്ടുള്ള ഫലങ്ങളായി പറയുന്നു.