സമ്പൂർണ നക്ഷത്രഫലം 2019 – അനിഴം : കാണിപ്പയ്യൂർ

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ പൊതുവേ കഴിഞ്ഞ വർഷം അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങളും അനിഷ്ടങ്ങളും ഒഴി‍ഞ്ഞുമാറി  അനുകൂലമായിട്ടുള്ള അന്തരീക്ഷം വന്നുചേരുവാനുള്ള യോഗമുണ്ട്. പൂർണ രീതിയിൽ അത് ലക്ഷ്യപ്രാപ്തിയിലെത്തും എന്ന  അമിത ആത്മവിശ്വാസം വേണ്ട.  ജീവിതോപാധിക്ക് അനുകൂലമായിട്ടുള്ള വിധത്തിൽ  ഉദ്യോഗം ലഭിക്കും.  പ്രവർത്തിച്ചു വന്നിരുന്നതും വിവിധ മേഖലകളിൽ ഏറ്റെടുത്തു നടത്തേണ്ടിയിരുന്നതുമായ കാര്യങ്ങളിലെല്ലാം തന്നെ ഉപേക്ഷ വിചാരിക്കാതെ ആത്മാർഥമായിപ്രവർത്തിക്കേണ്ടതാണ് . ഇതിനുള്ളൊരു പരിണതഫലം  2020 ൽ തീർച്ചയായിട്ടും ഉണ്ടാകും.  സ്ഥാനക്കയറ്റം ലഭിക്കുകയോ ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കുകയോ മേലധികാരികളുടെ ജോലികളെല്ലാം ചെയ്തു തീർക്കേണ്ടി വരുമെങ്കിലും അതിനനുസരിച്ചുള്ളൊരു ആനുകൂല്യങ്ങള്‍  2020 ലേ ലഭ്യമാകുകയുള്ളു .  ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം തന്നെ  ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. 

വ്യാവസായികമായിട്ടുള്ള മേഖലകളിൽ  ഒരു പരിധിയിലധികം പണം മുതൽ മുടക്കിയാൽ അതിൽ നിന്നും ആദായം അതിനനുസൃതമായിട്ട് ഉണ്ടാവുകയില്ല . വിദേശത്തുള്ളവർക്ക് ഉദ്യോഗം നഷ്ടപ്പെടുമോ എന്ന ആശങ്ക ഒഴിഞ്ഞുമാറി ഒറ്റയ്ക്ക് താമസിക്കാൻ തക്കവണ്ണമുള്ള  ഒരു ഉദ്യോഗം കിട്ടും. ചിലപ്പോൾ  കുടുംബാംഗങ്ങളെ ജന്മനാട്ടിൽ മാറ്റിപ്പാർപ്പിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം.  വസ്തുതർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യം ഉണ്ടാവും. 

പഠിച്ച വിഷയങ്ങൾ ഒന്നുകൂടി ആത്മാർഥമായി ഉരുവിട്ടു പഠിക്കുന്ന പക്ഷം പരീക്ഷയിൽ ഏറെക്കുറെ അനുകൂലമായ വിജയം കൈവരിക്കും. പലപ്പോഴും നിലവിലുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതി ഒഴിവാക്കണോ എന്ന ഒരു ആശങ്കയൊക്കെ ഉണ്ടാകുമെങ്കിലും അധ്യാപകരില്‍ നിന്നും ആത്മവിശ്വാസം ആർജിക്കുന്നത്തിലൂടെയും  ഈശ്വരപ്രാർഥനകളിലൂടെയും   വിജയപ്രതീക്ഷകൾ അനുകൂലമായിത്തീരും.  തൃപ്തികരമായിട്ടുള്ള ഒരു ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കുവാനുള്ള യോഗം കാണുന്നുണ്ട്. അന്യനാട്ടിലോ വിദേശത്തോ ഒരു ഉദ്യോഗം ലഭിച്ചാൽ പോലും  ജീവിതച്ചെലവ് വർധിക്കുന്നത് വഴി തൽക്കാലത്തേക്ക് വിദേശ ഉദ്യോഗത്തിനുള്ള അവസരം നിരസിക്കേണ്ടതായ സാഹചര്യങ്ങൾ വന്നു ചേരാം . വാക്കും പ്രവൃത്തിയും ഫലപ്രദമാക്കി തീർക്കുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടിവരും. 

 വഞ്ചനയിലകപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സാമ്പത്തിക വിഷയത്തിൽ നിർബന്ധമായിട്ടും നിയന്ത്രണം വേണം. പണം കടം കൊടുക്കുക, കടം വാങ്ങിക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോവുക, കുറി ചേരുക എന്നിവ യാതൊരു കാരണവശാലും അരുതാത്തതാണ്. വാക്കുകളില്‍ അബദ്ധം ഉണ്ടാവാതെ സൂക്ഷിക്കണം. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യം ഉണ്ടാവും.  സംയുക്ത സംരംഭങ്ങളിൽ നിന്നും യുക്തിപൂർവം പിന്മാറി മറ്റൊരു പ്രസ്ഥാനത്തിന് വഴിയൊരുക്കുവാനുള്ള സാഹചര്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയാവും നന്നാവുക. ജാഗ്രതയോടു കൂടിയതായിട്ടുള്ള പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. 

സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കുവാൻ  ക്ഷമയും വിനയവും പക്വതയും നിർബന്ധമായിട്ടും വേണ്ടതാണ്. പ്രമേഹ നാഡിരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുവാനുള്ള യോഗമുള്ളതിനാൽ യോഗയും പ്രാണായാമവുമൊക്കെ നിർബന്ധമായിട്ടും സ്വീകരിക്കേണ്ടതായ സാഹചര്യം കൂടി ഉണ്ടായിത്തീരും. വഞ്ചനാ മനോഭാവത്തോടു കൂടിയതായിട്ടുള്ള ചിലരുടെ പ്രതികരണത്തിൽ നിന്നും യുക്തിപൂർവം പിന്മാറുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. ഭയഭക്തി ബഹുമാനത്തോടെയും  ഈശ്വരപ്രാർഥനകളോടു കൂടി എല്ലാകാര്യങ്ങളെയും സമീപിക്കുക . മാതാപിതാക്കളുടെ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടും സംരക്ഷണം സ്വീകരിച്ചും കൊണ്ടും അവരുടെ ഉപദേശപ്രകാരം കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ ഏറെക്കുറെ തൃപ്തികരമായിട്ടുള്ള അന്തരീക്ഷം സംജാതമാകുകയും   ഈയൊരു വർഷം അനിഴം നക്ഷത്രക്കാർക്ക് ഗുണകരമായിത്തീരുകയും ചെയ്യും.