ഇല്ല ബബിയയ്ക്കൊന്നും സംഭവിച്ചിട്ടില്ല; ഇപ്പോഴും ജീവനോടെയുണ്ട്!

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർഗോഡ് കുമ്പളയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം തടാക ക്ഷേതം. ഒട്ടനവധി പ്രത്യേകതകളുള്ള  ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം ബബിയ എന്ന മുതലയാണ്. തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ സമീപത്തായി എപ്പോഴും ഒരു വിളിപ്പുറത്ത് ബബിയ ഉണ്ടാകും.

സാധാരണ മുതലകളെപ്പോലെ മാംസാഹാര പ്രിയയൊന്നുമല്ല ബബിയ. ക്ഷേത്രത്തിലെ പൂജാരി നൽകുന്ന നിവേദ്യച്ചോറാണ് ബബിയയുടെ ഭക്ഷണം. തടാകത്തിലെ മറ്റു ചെറു ജീവികളെയും മത്സ്യങ്ങളെയുമൊന്നും ബബിയ ഉപദ്രവിക്കാറില്ല. കഴിഞ്ഞ 72 വര്‍ഷമായി ഈ ക്ഷേത്രത്തിലെ അന്തേവാസിയണ് ബബിയ.

മാധ്യമശ്രദ്ധ ഏറെ നേടിയ ഈ ക്ഷേത്രവും ബബിയയും ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. ബബിയ മുതല ചത്തുപോയി എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു മറുപടിയുമായാണ് ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരിക്കുന്നത്.

ബബിയ ഇപ്പോഴും ക്ഷേത്ര തടാകത്തിൽ സുഖമായിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസവും പൂജാരി ചന്ദ്രപ്രകാശ് നമ്പീശൻ നൽകിയ നിവേദ്യം ഭക്ഷിച്ചുവെന്നും ഇവർ വ്യക്തമാക്കി. വ്യാജപ്രചരങ്ങൾക്കെതിരെ ശക്തമായാണ് ഇവർ പ്രതികരിച്ചത്. നിരവധി വിശ്വാസികൾ ആശ്വാസം നൽകുന്നതായിരുന്നു ഈ വാർത്ത. ക്ഷേത്ര ദർശനത്തിനെത്തുമ്പോൾ ബബിയയെ കാണുന്നത് പോലും പുണ്യമായി കരുതുന്നവരാണ് ഇവിടുത്തെ വിശ്വാസികൾ.