അമേരിക്കയിൽ അന്റാർട്ടിക്കിനെ വെല്ലുന്ന തണുപ്പ്; അതിശൈത്യത്തിനു പിന്നിൽ?

അമേരിക്ക അതിശൈത്യത്തെ നേരിടുകയാണ്. ധ്രുവപ്രദേശങ്ങളെ വെല്ലുന്ന തണുപ്പാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. അമേരിക്കൻ നഗരമായ ഷിക്കാഗോയാണ് ഇപ്പോൾ തണുപ്പിൽ മുന്നിൽ നിൽക്കുന്നത്. അലാസ്ക്കയേയും അന്റാർട്ടിക്കയേയുംമൊക്കെ പിന്തള്ളിലാണ് ഷിക്കാഗോ നഗരം മുന്നിലെത്തിയത്. ഷിക്കാഗോയിലെയും മിഷിഗണിലേയും തടാകങ്ങളും നദികളും തണുത്തുറഞ്ഞ നിലയിലാണ്. ആർട്ടിക് മേഖലയിൽ നിന്നു വരുന്ന ശീതക്കാറ്റ് അഥവാ പോളാർ വെർട്ടക്സ് എന്ന പ്രതിഭാസമാണ്  ഈ കൊടും തണുപ്പിനു പിന്നിൽ. ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്കു സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ മേഖലയാണ് പോളാർ വോർട്ടെക്സ്. ആർട്ടിക് മേഖലയിൽനിന്നുവരുന്ന ഈ തണുത്ത കാറ്റാണ് കൊടും തണുപ്പിന് കാരണം.

യുഎസിലും യൂറോപ്പിലും കടുത്ത ഹിമപാതവും –65 ഫാരൻഹീറ്റ് വരെ താഴ്ന്ന താപനിലയുമാണ് പോളാർ വോർട്ടെക്സ് മൂലം ഉണ്ടായിരിക്കുന്നത്. ആർട്ടിക്കിൽനിന്നുള്ള ഈ തണുപ്പ് പടിഞ്ഞാറന്‍ കാറ്റിന്റെ ദുർബലപ്പെടൽ നിമിത്തം തെക്കൻ പ്രദേശങ്ങളായ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്.

അതിശൈത്യം വീശുന്ന യുഎസിലെ മിനിപൊലിസ്, സെന്റ് പോൾ മേഖലയിൽ –45 മുതൽ –65 ഡിഗ്രി ഫാരൻഹീറ്റ് (ഏകദേശം –53 ഡിഗ്രി സെൽഷ്യസ്) വരെ താപനിലയെത്തിയേക്കാമെന്നാണു മുന്നറിയിപ്പ്. 1800കളിലാണു മിനിപൊലിസിൽ ഇത്രയും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. ദേഹം മുഴുവൻ മൂടുന്ന കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചുമിനിറ്റിനുള്ളിൽ ആ ശരീരഭാഗം തണുത്തുറഞ്ഞു പോകുമെന്നും മുന്നറിയിപ്പുണ്ട്.

ഡക്കോട്ട മുതൽ പെന്‍സിൽവാനിയ വരെയുള്ള സംസ്ഥാനങ്ങളിൽ 50 മില്യനിലധികം ജനങ്ങളെ അതിശൈത്യം ബാധിച്ചേക്കാമെന്നാണു റിപ്പോർട്ടുകൾ. മാത്രമല്ല, നിലവിൽ അതീവ തണുപ്പുള്ള മേഖലയായ അന്റാർട്ടിക്ക, അലാസ്ക എന്നിവിടങ്ങളിൽ ഈ സമയം തണുപ്പ് കുറവായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇല്ലിനോയി, മിഷിഗൺ, വിസ്കോൺസിൻ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിക്കാഗോയിൽ ബുധൻ രാത്രി –26 ഡിഗ്രി ഫാരൻഹീറ്റായിരിക്കും താപനില. 30 വർഷങ്ങൾക്കുമുൻപാണ് ഷിക്കാഗോയിൽ ഇത്രയും താഴ്ന്ന നിലയിൽ താപനില എത്തിയത്. തണുത്ത കാറ്റും വീശുന്നതിനാൽ –55 ഡിഗ്രിയുടെ തണുപ്പ് അനുഭവപ്പെടുമെന്നു ദേശീയ കാലാവസ്ഥാ  വിഭാഗം അറിയിച്ചു.

ബ്രിട്ടന്റെ പലഭാഗങ്ങളും കനത്ത മഞ്ഞുവീഴ്ചയിലാണ്. സ്കോട്ട്ലൻഡിലും നോർതേൺ അയർലൻഡിലുമാണു കനത്ത മഞ്ഞുവീഴ്ച ജനജീവിതം ദുഷ്കരമാക്കിയത്. പലയിടങ്ങളിലും പത്തു സെന്റീമീറ്ററിലധികം കനത്തിൽ മഞ്ഞുവീഴ്ചയുണ്ടായി. റോഡ് ഗതാഗതത്തെയാണ് ഇത് ഏറെ ദോഷകരമായി ബാധിച്ചത്. പല സ്ഥലങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ പലഭാഗത്തും സമാനമായ കാലാവസ്ഥ തുടരുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം. പല സ്ഥലങ്ങളിലും മഞ്ഞിനൊപ്പം കനത്ത കാറ്റും മഴയും നാശം വിതയ്ക്കുന്നുണ്ട്.