മരുഭൂമിയിലെ മഞ്ഞു വീഴ്ച; അരിസോണയിൽ സൃഷ്ടിച്ച അദ്ഭുതം!

ഉഷ്ണമേഖലാ മരുഭൂമിയും മഞ്ഞും അത്ര ചേര്‍ച്ചയില്ലാത്ത വാക്കുകളാണ്. രാത്രിയില്‍ പല മരുഭൂമികളിലും കൊടും തണുപ്പ് അനുഭവപ്പെടുമെങ്കിലും അവിടെ മഞ്ഞു പെയ്യുക എന്നത് ഏറെക്കുറെ അസാധാരണമായ കാര്യമാണ്. എന്നാൽ യുഎസിലെ അരിസോണ മരുഭൂമിയില്‍ അതു സംഭവിച്ചു. കള്ളിമുള്‍ച്ചെടികളും മണല്‍പ്പരപ്പുമെല്ലാം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദൃശ്യങ്ങളാണ് അരിസോണയില്‍ നിന്നു ഇപ്പോള്‍ പുറത്തു വരുന്നത്. മറ്റേതോ ലോകത്തു ചെന്ന പ്രതീതിയാണ് ഈ കാഴ്ച സൃഷ്ടിക്കുന്നതെന്ന് പ്രദേശം സന്ദര്‍ശിച്ചവര്‍ പറയുന്നു.

അരിസോണയിലെ പല പ്രദേശങ്ങളിലും മഞ്ഞു പെയ്തതിന് ഒപ്പമാണ് മരുഭൂമിയിലും മഞ്ഞു വീഴ്ചയുണ്ടായത്. അത്യപൂർവമായി എത്തുന്ന ഈ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശത്ത് കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം സ്വതവേ മഞ്ഞു വീഴ്ച ശക്തമാകാറുള്ള അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ തീരെ കുറവായിരുന്നു. ഉദാഹരണത്തിന് അരിസോണയിലെ ടസ്കണ്‍ മേഖലയില്‍ ഡിസംബര്‍ 1നു വീണത് 0.4 അടി മഞ്ഞാണ്. ഇത്രയും മഞ്ഞു മാത്രമാണ് ന്യൂയോര്‍ക്കും ഫിലാഡല്‍ഫിയയും ഉള്‍പ്പടെയുള്ള മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും വീണത്.

Image Credit: twitter/Arizona Illustrated

അരിസോണയുടെ സമീപ സംസ്ഥാനമായ ന്യൂ മെക്സികോയിലെ അല്‍ബുകര്‍ക്കിയില്‍ ഡിസംബര്‍ നാലിനു മാത്രം ഉണ്ടായ മഞ്ഞ് വീഴ്ച രണ്ടടിയാണ്. ശൈത്യകാലത്ത് വടക്കന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ തണുപ്പും തെക്കന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞു വീഴ്ച കൂടുതൽ ഉണ്ടായതുമായ പ്രതിഭാസം കാലാവസ്ഥാ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 2017 ലും സമാനമായ  അവസ്ഥ അമേരിക്ക നേരിട്ടിരുന്നു. ശൈത്യകാലത്ത് ഏറ്റവും കുറവ് 10 ഡിഗ്രി സെല്‍ഷ്യസ് ചൂടനുഭവപ്പെടുന്ന ന്യൂ മെക്സിക്കോയിലും അരിസോണയിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത് മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

അരിസോണ മരുഭൂമിയിലെ സമീപകാല ചരിത്രത്തിലുള്ള ആദ്യത്തെ മഞ്ഞുവീഴ്ചയാണ് ഈ ശൈത്യകാലത്തുണ്ടായത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയും ഇതായിരിക്കുമെന്ന് കരുതുന്നു. ഏതായാലും പ്രദേശത്ത്  കാലാവസ്ഥ വീണ്ടും സാധാരണ നിലയിലേക്കെത്തിയതോടെ മഞ്ഞുരുകാന്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ മരുഭൂമിയിലെ മണല്‍പരപ്പ് വെള്ളപുതപ്പിനടിയില്‍ നിന്നു വെളിയില്‍ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.