കഴിഞ്ഞ കാലത്തേക്കുറിച്ച് ആശയവിനിമയം നടത്തുന്ന ഒറാങ്ങ് ഉട്ടാനുകൾ!

ലോകത്തെ ഏറ്റവും ദുര്‍ബലരായ കുരങ്ങു വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമി ഭരിക്കുന്ന ജീവികളായി വളര്‍ന്ന മനുഷ്യരെ ഇതിന് ഏറ്റവുമധികം സഹായിച്ചത് കൃത്യമായ ആശയവിനിമയ ശേഷിയാണ്. ഭാഷയെന്ന ശക്തമായ മാധ്യമത്തിലൂടെ കഴിഞ്ഞകാലത്തെക്കുറിച്ചും, ഭാവിയെക്കുറിച്ചുമെല്ലാം വ്യക്തമായി സംസാരിക്കാനും ആശയവിനിമയം നടത്താനും ഈ ഭാഷ  സഹായിച്ചു. ഡിസ്പ്ലേസിഡ് റഫറന്‍സ് എന്നറിയപ്പെടുന്ന ഈ ഭാഷാവൈദഗ്ധ്യത്തിന്‍റെ നേരിയ അംശമെങ്കിലും മറ്റൊരു സസ്തനി വർഗത്തില്‍ ആദ്യമായി കണ്ടെത്തുന്നത് ഒറാങ്ങ് ഉട്ടാനുകളിലാണ്. തേനീച്ചകളും മറ്റും ഭക്ഷണ സ്രോതസ്സും ദിശയും പരസ്പരം മനസ്സിലാക്കി കൊടുക്കാന്‍ ഡിസ്പ്ലേസിഡ് റഫറന്‍സിനോട് സാമ്യമുള്ള ആശയവിനിമയമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനെ മനുഷ്യരുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല.

സുമാത്രയിലെ ഒറാങ്ങ് ഉട്ടാനുകളുടെ മുന്നറിയിപ്പ്

ഇന്തോനീഷ്യയിലെ സുമാത്ര ദ്വീപിലെ മഴക്കാടുകളിലുള്ള പെണ്‍ ഒറാങ്ങ് ഉട്ടാനുകളിലാണ് കഴിഞ്ഞു പോയ കാലത്ത്തേതേക്കുറിച്ച് ഓര്‍ക്കാനും അതേക്കുറിച്ചു വ്യക്തമായി ആശയവിനിമയം നടത്താനുമുള്ള കഴിവ് ഗവേഷകര്‍ കണ്ടെത്തിയത്. വേട്ടക്കാരായ മൃഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഒറാങ്ങ് ഉട്ടാനുകള്‍ പയോഗിക്കുന്ന ശബ്ദസന്ദേശങ്ങളാണ് ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നത്. കടുവ പോലുള്ള മൃഗങ്ങളെത്തുമ്പോള്‍ അസ്വസ്ഥരാകുമെങ്കിലും പൂർണ നിശബ്ദത പാലിക്കുന്ന പെണ്‍ ഒറാങ്ങ് ഉട്ടാനുകള്‍ ഇവ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഇതേക്കുറിച്ചു പറയാനാണ് ശബ്ദസന്ദേശങ്ങള്‍ ഉപയോഗിക്കുന്നത്.

മറ്റൊരു മൃഗത്തിലും കാണാന്‍ കഴിയാത്ത സവിശേഷതയാണ് ഇതിലൂടെ ഒറാങ്ങ് ഉട്ടാനുകളില്‍ കാണാന്‍ കഴിഞ്ഞത്. കാരണം കടുവ പ്രദേശത്തുള്ളപ്പോള്‍ ഒച്ച വയ്ക്കുകയാണ് മിക്ക മൃഗങ്ങളും ചെയ്യുന്നത്. ഇതാകട്ടെ പലപ്പോഴും വിപരീത ഫലം സൃഷ്ടിക്കുകയും ഇരയിലേക്കു വേട്ടക്കെത്തുന്ന മൃഗത്തിന്‍റെ ശ്രദ്ധയെത്താന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ സുമാത്രയിലെ ഒറാങ്ങ് ഉട്ടാനുകള്‍ വേട്ടക്കാരായ മൃഗങ്ങള്‍ അടുത്തുള്ളപ്പോള്‍ നേരിയ ശബ്ദം പോലും സൃഷ്ടിക്കില്ല. അതേസമയം അസ്വസ്ഥരാകുന്ന ഇവര്‍ മൂത്രമൊഴിക്കുകയും കാഷ്ഠിക്കുകയും ചെയ്യും. കടുവ പോയി 20 മിനിട്ടിനു ശേഷമാണ് ഇവ ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുന്നത്.

തുടര്‍ച്ചയായി നടത്തിയ നിരീക്ഷണങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ശരാശരി 7 മിനിറ്റിന്‍റെ താമസം ഒറാങ്ങ് ഉട്ടാനുകളിലുണ്ട് എന്ന് വ്യക്തമായി. ഇതില്‍ നിന്നാണ് ഒറാങ്ങ് ഉട്ടാനുകളുടെ കാര്യങ്ങൾ ഓർത്തെടുത്ത് ആശയവിനിമയം നടത്താനുള്ള കഴിവ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ചെറിയ കുട്ടികളുള്ള അമ്മമാരാണ് ഇത്തരത്തില്‍ കടുവ പോയ ശേഷം ശബ്ദമുണ്ടാക്കുന്നത്. ഇത് അൽപസമയം മുന്‍പു കടന്നു പോയ അപകടകരമായ സാഹചര്യത്തെക്കുറിച്ചുള്ള വിവരം കുട്ടികള്‍ക്ക് അമ്മമാര്‍ കൈമാറുന്നതാണെന്നു ഗവേഷകര്‍ പറയുന്നു. ഇതിലൂടെ കടുവ അപകടകാരികളായ ജീവികളാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാകുന്നു. ഇത് കുട്ടികള്‍ക്കു മനസ്സിലാകാന്‍ വേണ്ടിയാണ് കടുവ കടന്നു പോയി അധികം വൈകാതെ തന്നെ ഈ ശ്ബദം പുറപ്പെടുവിക്കുന്നതും.

തങ്ങള്‍ക്ക് മുന്‍കാലങ്ങളിലുണ്ടായ അനുഭവങ്ങളുടെയും, ലഭിച്ച അറിവുകളുടെയും ഓര്‍മകളില്‍ നിന്നാണ് ഈ മുന്നറിയിപ്പു നല്‍കാന്‍ ഒറാങ്ങ് ഉട്ടാന്‍ അമ്മമാര്‍ക്കു കഴിയുന്നത്. ഇങ്ങനെ കഴിഞ്ഞ കാലത്തെ ഓര്‍മകള്‍ അപഗ്രഥനം ചെയ്യാനും, അതേക്കുറിച്ചു മറ്റൊരാളോടു പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുമുള്ള കഴിവ് മനുഷ്യരിലല്ലാതെ കണ്ടെത്തിയിരിക്കുന്നത് ഒറാങ്ങ് ഉട്ടാനുകളില്‍ മാത്രമാണ്. തങ്ങള്‍ പറയുന്നത് കടുവയെ കുറിച്ച് തന്നെയാണെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുന്നതിനു വേണ്ടിയാണ് കടുവ കടന്നു പോയി അധികം വൈകാതെ തന്നെ ഈ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു മുന്നറിയിപ്പു  നല്‍കുന്നത്. കൂടുതല്‍ വൈകിയാല്‍ ഒരു പക്ഷേ എന്തിനെക്കുറിച്ചാണ് ഈ മുന്നറിയിപ്പെന്നു കുട്ടികള്‍ തിരിച്ചറിയാതെ പോകുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

മനുഷ്യകുട്ടികള്‍ അമ്മയുടെ സഹായത്തോടെ ജീവിക്കുന്ന അത്രയും കാലം തന്നെ ഒറാങ്ങ് ഉട്ടാന്‍ കുഞ്ഞുങ്ങളും അമ്മയോടൊപ്പം ചിലവഴിക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ നിരവധി അറിവുകള്‍ അമ്മമാര്‍ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്നുണ്ട്. ഇതില്‍ ഒരുദാഹരണം മാത്രമാണ് കടുവയെക്കുറിച്ചുള്ള മുന്നറിയിപ്പ്. അതിനാല്‍ തന്നെ മറ്റെന്തെല്ലാം കാര്യങ്ങളില്‍ കൂടി ഓര്‍മ്മയില്‍ നിന്നു സംസാരിക്കാന്‍ ഒറാങ്ങ് ഉട്ടാനുകള്‍ക്കു കഴിയുമെന്നു മനസ്സിലാക്കാന്‍ വിശദമായ ഗവേഷണം ആവശ്യമാണ്. ഇതാകട്ടെ വനത്തിലെ ഒറാങ്ങ് ഉട്ടാനുകളില്‍ മാത്രമെ സാധ്യമാകൂ. സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന ഒറാങ്ങ് ഉട്ടാനുകള്‍ക്ക് അതിജീവനം ഒരു വെല്ലുവിളി അല്ലാത്തതിനാല്‍ അവയില്‍ ഇത്തരം ആശയവിനിമയം ശേഷി കണ്ടെത്താനാകില്ല.