ബ്രസീലില്‍ കണ്ടെത്തിയത് ലോകത്തിലെ അപൂർവയിനം പക്ഷിയെ!

വര്‍ഷങ്ങള്‍ക്കു ശേഷം നടത്തിയ മാസങ്ങള്‍ നീണ്ട തിരച്ചിലടുവില്‍ വംശനാശം സംഭവിച്ചിരിക്കാമെന്നു ഗവേഷകര്‍ വിലയിരുത്തിയ പക്ഷിവർഗത്തെയാണ് വീണ്ടും കണ്ടെത്തിയത്. ഡിസംബര്‍ 12, 14 തീയതികളിലായാണ് സ്ട്രെസെമാന്‍സ് ബ്രിസ്റ്റില്‍ഫ്രണ്ട് എന്ന കുഞ്ഞന്‍ പക്ഷി ഗവേഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ഇനത്തില്‍ പെട്ട വിരലില്‍ എണ്ണാവുന്ന പക്ഷികള്‍ മാത്രമാണ് ഇപ്പോൾഅവശേഷിക്കുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

രണ്ട് ദിവസങ്ങളിലും ഗവേഷകര്‍ കണ്ടെത്തിയത് ഒരേ പെണ്‍ പക്ഷിയെ തന്നെയാണ്.  ഇവയെ വീണ്ടും കണ്ടെത്തിയതോടെ ഈ പക്ഷിവർഗത്തെ സമ്പൂർണ വംശനാശത്തില്‍ നിന്നു രക്ഷിക്കാനാകുമെന്ന വിശ്വാസം ഗവേഷകരില്‍ തിരികെയെത്തിയിരിക്കുകയാണ്. പെട്ടെന്നു കണ്ടെത്താന്‍ കഴിയുന്ന വലിപ്പമോ നിറമോ ഈ പക്ഷിക്കില്ല. അതുതന്നെയാണ് ബ്രസീലിലെ ഇടതൂര്‍ന്ന കാടുകളില്‍  നിന്നുള്ള ഇവയുടെ കണക്കെടുപ്പ് കടുപ്പമേറിയതാക്കുന്നതും.

കിഴക്കന്‍ ബ്രസീസിലെ ചെറിയൊരു പ്രദേശത്തു മാത്രമാണ് ബ്രിസ്റ്റില്‍ ഫ്രണ്ട് ഇനത്തില്‍ പെട്ട പക്ഷികള്‍ കാണപ്പെടുന്നത്. 1830 കളിലാണ് ഈ പക്ഷിയെ തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് പ്രദേശത്തുണ്ടായ വന നശീകരണവും നഗരവൽക്കരണവും പക്ഷികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചെന്നാണു കരുതുന്നത്. 1830 ന് ശേഷം പിന്നെ ഈ പക്ഷി ജൈവശാസ്ത്രജ്ഞര്‍ക്കു പിടികൊടുക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്. ജര്‍മ്മന്‍ ബ്രസീലിയന്‍ ഒര്‍ണിതോളജിസ്റ്റ് ഹെല്‍മുട്ട് സിക് 1935 ല്‍ ആണ് പക്ഷിയെ പിന്നെ കണ്ടെത്തിയത്. ഇതിനു ശേഷം വീണ്ടും അന്‍പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1995 ല്‍ വീണ്ടും പക്ഷി പ്രത്യക്ഷപ്പെട്ടു. ഇതോടെ പക്ഷിയെ അതീവ വംശനാശ ഭീഷണി നേരിടുന്നവയായി ഗവേഷകര്‍ പ്രഖ്യാപിച്ചു. 

വടക്കുകിഴക്കന്‍ മേഖലയായ മിനാസ് ഗരീസിലാണ് ഇപ്പോള്‍ ബ്രിസ്റ്റില്‍ ഫ്രണ്ട് പക്ഷികളുടെ ചെറിയൊരു കൂട്ടമുള്ളത്. ഇവയുടെ സംരക്ഷണത്തിനായാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രമം തുടരുന്നതും. പക്ഷികള്‍ ഇപ്പോഴും ഭൂമുഖത്തുണ്ട് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും ഇവയുടെ ഭാവിയെ ചൊല്ലിയുള്ള ആശങ്ക അവസാനിക്കുന്നില്ലെന്ന് അമേരിക്കന്‍ ബേര്‍ഡ് കണ്‍സര്‍വന്‍സി ഗവേഷകയായ ആമി അപ്ഗ്രെന്‍ പറയുന്നു. ഇപ്പോള്‍ ഒരു പക്ഷിയെ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവയെ കൂടി കണ്ടെത്തി അവയുടെ ആവാസമേഖല തിരിച്ചറിഞ്ഞു  സംരക്ഷണം ഉറപ്പാക്കാന്‍ ഇനിയും ഏറെ നാളത്തെ ശ്രമത്തിലൂടെ മാത്രമെ സാധിക്കൂവെന്നും ആമി പറയുന്നു.