ഈ രാജ്യത്ത് പ്ലാസ്റ്റിക് എത്തുന്നത് കള്ളക്കടത്തിലൂടെ!

ഭൂമിയില്‍ ഏറ്റവുമധികം പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നവയാണ് പ്ലാസ്റ്റിക് സഞ്ചികള്‍. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കാനും, ഒഴിവാക്കാനുമെല്ലാം ഇന്നു ലോക രാജ്യങ്ങള്‍ ശ്രമിച്ചു വരികയാണ്. എന്നാല്‍ ഈ നിരോധനം പത്തു വര്‍ഷം മുന്‍പ് ഫലപ്രദമായി നടപ്പാക്കിയ ഒരു രാജ്യമുണ്ട്. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട. ആഫ്രിക്കയിലെ തന്നെ, ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പാരിസ്ഥിതിക സൗഹൃദ രാജ്യമായി കണക്കാക്കാവുന്ന രാജ്യം കൂടിയാണ് റുവാണ്ട.

ബംഗ്ലാദേശാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് സഞ്ചി നിരോധിച്ച രാജ്യം. പിന്നീട് ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും ഈ സമ്പൂർണ നിരോധന നിയമം കൊണ്ടുവന്നു. എന്നാല്‍ ഇവിടങ്ങളിലെല്ലാം ഈ നിയമം നടപ്പാക്കല്‍ പലപ്പോഴും പരാജയപ്പെടുകയാണ്. ഇന്ത്യയില്‍ തന്നെ ഇപ്പോഴും പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരവധി സ്ഥലത്തു കാണാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും വിജയം കൈവരിച്ച റുവാണ്ട പ്രസക്തമാകുന്നത്.  പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ മാത്രമല്ല ,ഉൽപന്നങ്ങള്‍ പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കൂടുകള്‍ കൂടി റുവാണ്ട നിരോധിച്ചിട്ടുണ്ട്.

കള്ളക്കടത്ത് പുതിയ വെല്ലുവിളി

രാജ്യത്തിനകത്തെ ഉല്‌പാദനവും വിതരണവുമെല്ലാം സമ്പൂർണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ഇപ്പോള്‍ റുവാണ്ടയെ വലയ്ക്കുന്നത് പുതിയൊരു പ്രശ്നമാണ്. പ്ലാസ്റ്റിക്  ബാഗുകള്‍ കള്ളക്കടത്തിലൂടെ രാജ്യത്തേക്കെത്തുന്നത് തടയുക എന്നതാണ് ഈ പുതിയ വെല്ലുവിളി. വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലുമെല്ലാം കര്‍ശനമായ പരിശോധന നടത്തി പ്ലാസ്റ്റിക് ബാഗുകള്‍ തടയുന്നുണ്ടെങ്കിലും കള്ളക്കടത്തിന് അറുതി വരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഉഗാണ്ട , ടാന്‍സാനിയ, കോംഗോ എന്നിവയാണ് റുവാണ്ടയുടെ അയല്‍ രാജ്യങ്ങള്‍. സാമ്പത്തികമായും സാമൂഹിക സുരക്ഷിതത്വം വച്ചു നോക്കിയാലും ഈ രാജ്യങ്ങള്‍ റുവാണ്ടയേക്കാള്‍ ഏറെ പിന്നിലാണ്. അതുകൊണ്ട് തന്നെ റുവാണ്ടയിലേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ എത്തിക്കുന്നത് ഈ രാജ്യങ്ങളിലുള്ള പലര്‍ക്കും പ്രധാന വരുമാനമാർഗമാണ്. കോംഗോയില്‍ നിന്നാണ് പ്രധാനമായും റുവാണ്ടയിലേക്ക് പ്ലാസ്റ്റിക് കള്ളക്കടത്തായി എത്തുന്നത്.

ഒന്നോ രണ്ടോ പ്ലാസ്റ്റിക് ബാഗുമായി എത്തുന്നവരുടെ കയ്യില്‍നിന്ന് അതു പിടിച്ചു വാങ്ങുകയാണ് ചെയ്യുന്നതെങ്കില്‍, വലിയ അളവില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ എത്തിക്കുവര്‍ക്കെതിരെ കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ജയില്‍ ശിക്ഷയ്ക്കൊപ്പം കനത്ത പിഴയും ഇവര്‍ ഒടുക്കേണ്ടി വരും. പക്ഷെ ഇത്തരം നടപടികളൊന്നും തന്നെ കള്ളക്കടത്തിന്‍റെ അളവില്‍ വലിയ കുറവു വരുത്താന്‍ സഹായിച്ചിട്ടില്ല. 

മുഖ്യ ആവശ്യക്കാര്‍ കിഗാലിയിലെ വ്യാപാരികള്‍

ആഫ്രിക്കയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടതാണ് റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി. ഇക്കാര്യം കിഗാലിയുടെ കാഴ്ചയില്‍ നിന്നു തന്നെ വ്യക്തവുമാകും. മാലിന്യം പറന്നു നടക്കാത്ത, പ്ലാസ്റ്റിക് വലിച്ചെറിയപ്പെടാത്ത തെരുവുകളാണ് കിഗാലിയുടേത്. വിദ്യാർധികളിലുള്‍പ്പടെ മാലിന്യ സംസ്കരണ ശീലം വളര്‍ത്താന്‍ മാസത്തിലൊരിക്കൽ പ്രത്യേക ദിവസവും കിഗാലിയില്‍ ആചരിക്കുന്നുണ്ട്. പക്ഷെ കിഗാലിയിലെ എല്ലാവരും ഈ നല്ല ശീലങ്ങളോട് പൊരുത്തപ്പെടുന്നവരല്ല.

കിഗാലിയിലെ വ്യാപാരികളില്‍ പ്ലാസ്റ്റിക്  ബാഗുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് വ്യാപാരികള്‍ പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങി സൂക്ഷിക്കുന്നത്.  കൃത്യമായ ഇടവേളകളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ പ്ലാസ്റ്റിക് നിരോധന സ്ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വലിയ പിഴകള്‍ ഈടാക്കുകയും, കടകള്‍ നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത് ഉള്‍പ്പടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

പ്ലാസ്റ്റിക് ബാഗുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചു വ്യാപാരികളും മനസ്സിലാക്കുന്നുണ്ടെങ്കിലും തങ്ങളുടെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് അവര്‍ പ്ലാസ്റ്റിക് ഉപയോഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ഉദാഹരണത്തിന് ബേക്കറി നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത് ബ്രഡിന്‍റെ കാര്യമാണ്. ബ്രഡ് പേപ്പര്‍ ബാഗുകളില്‍ പായ്ക്ക് ചെയ്ത് സൂക്ഷിക്കുന്നതിലും കൂടുതല്‍ കാലം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞാല്‍ നില്‍ക്കും. വൈകി മാത്രമെ കേടാവൂ എന്നതിനാല്‍ പ്ലാസ്റ്റിക് ബാഗിലെ ബ്രഡുകള്‍ വാങ്ങാനാണ് ഉപഭോക്താക്കള്‍ക്കു താൽപര്യം. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് ബാഗുകളില്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ വില്‍പ്പന നടക്കും. ഇത്തരം കാര്യങ്ങളാണ് കച്ചവടക്കാരെ പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

ഏതായാലും വ്യാപാരികളുടെ എതിര്‍പ്പു കണക്കാക്കാതെ 100 ശതമാനം നിരോധനം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. കൃത്യമായ ബോധവൽക്കരണ നടപടിയിലൂടെ വരും തലമുറയെ പൂർണമായും പ്ലാസ്റ്റിക് വിമുക്ത ജീവിതത്തിനു പര്യാപ്തരാക്കാനാകുമെന്ന് ഇവര്‍ കരുതുന്നു.