ഏകാന്തവാസം കഴിഞ്ഞു; ജൂലിയറ്റ് ഇനി റോമിയോയ്ക്ക് സ്വന്തം!

ഷെയ്ക്സ്പിയറിന്‍റെ റോമിയോ ആൻഡ് ജൂലയറ്റ് എന്ന പ്രണയകഥ ലോകപ്രശസ്തമാണ്. ദുരന്തപര്യവസായിയായ ഈ നാടകത്തിലെ നായകന്‍റെ സമാന അവസ്ഥയിലായിരുന്നു റോമിയോ എന്നു പേരുള്ള ഒരു തവളയും. തന്‍റെ വംശത്തിലെ അവസാനത്തെ അംഗമെന്നു ശാസ്ത്രലോകം വിലയിരുത്തിയ റോമിയോയിക്ക് ഏതായാലും തന്‍റെ പേര് അറം പറ്റിയില്ല. നാടകത്തിലേതില്‍ നിന്നു വ്യത്യസ്തമായി ഒടുവില്‍ തന്‍റെ ജൂലിയറ്റിനെ കണ്ടെത്തി ജീവതത്തില്‍ ഒന്നിച്ചിരിക്കുകയാണ് ഈ റോമിയോ.

സെഹുന്‍കാസ് വാട്ടര്‍ ഫ്രോഗ് ഇനത്തില്‍ പെട്ട തവളയാണ് റോമിയോ. പത്തു വര്‍ഷത്തോളമായി ഈ വംശത്തിലെ ശേഷിക്കുന്ന ഒരേയൊരു തവളയെന്നു ശാസ്ത്രലോകം വിലയിരുത്തിയിരുന്നത് റോമിയോയെ ആയിരുന്നു. ദക്ഷിണ അമേരിക്കന്‍ സ്വദേശികളായ ഈ വംശത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാനും ഗവേഷകര്‍ തീരുമാനിച്ചതാണ്. ഇതിനിടയിലാണ് ബൊളീവിയയിലെ ഉള്‍ക്കാട്ടില്‍ നിന്ന് അപ്രതീക്ഷിതമായി സെഹുന്‍കാസ് ഇനത്തിലെ അഞ്ചു തവളകളെ ലഭിക്കുന്നത്. രണ്ട് ആണ്‍ തവളകളും മൂന്ന് പെണ്‍ തവളകളുമാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്.

തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു മൂന്നു പെണ്‍തവളകളെ ലഭിച്ചതെന്നാണ് ഗവേഷകര്‍ തമാശയായി പറയുന്നത്. ഇതോടെ റോമിയോയുടെ കാത്തിരിപ്പിന് അവസാനമായെന്നും മറ്റ് ആണ്‍തവളകളോടു മത്സരിക്കാതെ തന്നെ റോമിയോയ്ക്ക് ജൂലിയറ്റിലെ ലഭിച്ചുവെന്നും ഇവര്‍ പറയുന്നു. ഇതിലുപരി സെഹുന്‍കാസ് തവളകളുടെ വംശത്തെ ഭൂമിയില്‍ നിലനിര്‍ത്താനുള്ള പുതിയ വഴി തെളിഞ്ഞതാണ് ഗവേഷകരെ സന്തോഷിപ്പിക്കുന്നത്.

ബൊളീവിയയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലായിരുന്നു റോമിയോയുടെ ഇതുവരെയുള്ള ഏകാന്തവാസം. പുതിയ കൂട്ടുകാര്‍ കൂടി എത്തിയതോടെ ഇവയെ ഇണ ചേര്‍ത്തു വംശത്തെ നിലനിര്‍ത്താനുള്ള ശ്രമിത്താണ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകര്‍. ഇതിന്‍റെ ഭാഗമായി റോമിയോയ്ക്ക് മൂന്നു പെണ്‍തവളകളില്‍ ഒന്നിനെ കൂട്ടായി ഇതിനകം നല്‍കുകയും ചെയ്തു. സ്വാഭാവികമായും പെണ്‍തവളയ്ക്കു ഗവേഷകര്‍ നല്‍കിയ പേരും ജൂലയറ്റ് എന്നാണ്.

ലഭിച്ച തവളകളിലെ ഏറ്റവും ഊർജസ്വലയായ തവളയെന്നാണ് ഗവേഷകര്‍ ജൂലിയറ്റിനെ വിശേഷിപ്പിക്കുന്നത്. ആരോഗ്യവതിയും, വേഗത്തില്‍ നീന്തുകയും ചെയ്യുന്ന ജൂലിയറ്റിന് ആരോഗ്യമുള്ള കുട്ടികളെ ഉൽപാദിപ്പിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന തെരേസ കമാച്ചോ ബദാനി പറയുന്നു. അതേസമയം റോമിയോ നാണം കുണുങ്ങിയാണ്. അതിനാല്‍ തന്നെ വിരുദ്ധ ധ്രുവങ്ങള്‍ പെട്ടെന്ന് ആകര്‍ഷിക്കുമെന്നും ഇരുവരും മികച്ച ഇണകളാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗവേഷകര്‍. 

ഉഭയജീവികള്‍ നേരിടുന്ന വംശനാശ ഭീഷണി

റോമിയോയുടെ കഥ ഒറ്റപ്പെട്ട സംഭവമല്ല. നൂറു വര്‍ഷത്തിനിടെ ഉഭയ ജീവി വർഗത്തിലെ നാല്‍പ്പത് ശതമാനത്തിന് വംശനാശം സംഭവിച്ചുവെന്നാണു കണക്കാക്കുന്നത്. അതുപോലെ തന്നെ ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്ന ഉഭയജീവി വർഗത്തില്‍ ഇത്രയം ശതമാനം തന്നെ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. ബൊളീവിയയില്‍ ഇത് ഏകദേശം 22 ശതമാനമാണെന്നു ഡോ തെരേസ കമാച്ചോ പറയുന്നു. ജൈവവ്യവസ്ഥ ഇല്ലാതാകുന്നതാണ്  ഉഭയജീവികളുടെ നാശത്തിലേക്കു വഴിവയ്ക്കുന്നത്. കുളങ്ങളും, നീര്‍ത്തടങ്ങളും മറ്റും നികത്തപ്പെടുന്നതും ഇവിടങ്ങളില്‍ വ്യാപകമായി കെട്ടിടങ്ങളുയരുന്നതും കടുത്ത പ്രതിസന്ധിയിലേക്കാണ് ഉഭയജീവികളുടെ അതിജീവനത്തെ തള്ളിയിട്ടിരിക്കുന്നത്.