സ്ലോത്തുകൾ കൊക്കോമരത്തിലേക്കു കുടിയേറിയതിനു പിന്നിൽ?

ഭക്ഷണ കാര്യത്തില്‍ പോലും അതീവ നിബന്ധനകള്‍ വച്ചു പുലര്‍ത്തുന്നവരാണെന്ന ധാരണയാണ് തെക്കേ അമേരിക്കയിലെ ജീവികളായ സ്ലോത്തുകളെക്കുറിച്ചുള്ളത്. പ്രത്യേകിച്ചും മൂന്ന് വിരലുകളുള്ള ബ്രാഡിപസ് സ്ലോത്തുകള്‍. സെക്രോപിയ വൃക്ഷങ്ങളാണ് ഇവയുടെ ഏക ആശ്രയം. ഇവയുടെ ജീവിതവും, ഇണ ചേരലും, ഭക്ഷണവുമെല്ലാം ഈ മരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷേ ഇക്കാര്യങ്ങളില്‍ സമീപകാലം വരെ വലിയ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ സ്ലോത്തുകളും അതിജീവനത്തിനായി ചില വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

സെക്രോപിയ വൃക്ഷങ്ങളും സ്ലോത്തുകളും

ഉയരത്തില്‍ വളരുന്ന, നിറയെ ഇലകളുള്ള വൃക്ഷങ്ങളാണ് സെക്രോപിയകള്‍. ഒരില പറിച്ചെടുത്താലും മറ്റു വൃക്ഷങ്ങളേക്കാള്‍ വേഗത്തില്‍ സെക്രോപിയ വൃക്ഷങ്ങളില്‍ പുതിയ ഇലകള്‍ പെട്ടെന്നു വളരും. ഇതു തന്നെയാണ് മരങ്ങളുടെ ഇലകള്‍ മാത്രം തിന്നു ജീവിക്കുന്ന സ്ലോത്തുകള്‍ക്ക് സെക്രോപിയയെ പ്രിയപ്പെട്ടതാക്കി തീര്‍ത്തതും. കൂടാതെ സെക്രോപിയ ഇലകളില്‍ വെള്ളത്തിന്‍റെ അംശം കൂടുതലുള്ളതും, മറ്റു വൃക്ഷങ്ങളുടെ ഇലയേക്കാള്‍ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കുറവാണെന്നതും ഇവയെ സ്ലോത്തുകള്‍ ആഹാരമായി തിരഞ്ഞെടുക്കാന്‍ കാരണമാണ്.

സമീപകാലം വരെ മൂന്നു വിരല്‍ സ്ലോത്തുകളുടെ ജീവിതം പൂർണമായും ഈ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ നിരീക്ഷണത്തിലെ ചില കണ്ടെത്തലുകള്‍ ഈ ധാരണകള്‍ തിരുത്തി. സെക്രോപിയയെ കൂടുതലായും ആശ്രയിക്കുന്നത് മുതിര്‍ന്ന സ്ലോത്തുകളാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു. സ്ലോത്തുകള്‍ക്ക് ഭക്ഷണം എന്ന നിലയില്‍ സെക്രോപിയ ഇലകള്‍ ഒഴിച്ചു കൂടാനാകാത്തതാണ്. കൂടാതെ കാഴ്ച കുറവുള്ള ജീവികളായ സ്ലോത്തുകള്‍ക്ക് ഇണയെ കണ്ടെത്താനും എളുപ്പ വഴി സെക്രോപിയ മരങ്ങളില്‍ തന്നെ ജീവിക്കുകയെന്നതാണ്. കാരണം ഭക്ഷണം തേടി ഇണകള്‍ ഇവിടേയ്ക്കെത്താനാണ് സാധ്യത കൂടുതല്‍.

കുട്ടികളും സെക്രോപിയ വൃക്ഷങ്ങളും

എന്നാല്‍ മുതിര്‍ന്ന സ്ലോത്തുകളില്‍ നിന്നു വ്യത്യസ്തമാണ് ഗര്‍ഭിണികളായ സ്ലോത്തുകളുടെയും കുട്ടികളുടെയും കാര്യം. നിറയെ ഇലകളുള്ള മരമാണെങ്കിലും സെക്രോപിയയ്ക്ക് ചില്ലകള്‍ കുറവാണ്. അതിനാല്‍ തന്നെ ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളല്ല ഇവ. അതുകൊണ്ട് തന്നെ ഈ മരത്തില്‍ തുടരുന്നതും ഗര്‍ഭിണികളായ സ്ലോത്തുകളെയും, കുട്ടി സ്ലോത്തുകളെയും അപകടത്തില്‍ എത്തിച്ചേക്കൂം. കാരണം കുട്ടി സ്ലോത്തുകളെ വേട്ടയാടാനെത്തുന്ന പരുന്തുകള്‍ക്കും, ജഗ്വാറുകള്‍ക്കും സെക്രോപിയ വൃക്ഷങ്ങളില്‍ ഇവയെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കുടുതല്‍ ഇടതൂര്‍ന്ന മരങ്ങളിലാണ് കുട്ടി സ്ലോത്തുകളുള്ള അമ്മമാര്‍ ഇവ വലുതാകും വരെ ജീവിക്കാന്‍ ഇഷ്ടപ്പെടുക.

ഇതേ മരങ്ങളിലെ തളിരിലകളും കായ്കളും മറ്റുമാണ് ഈ ഘട്ടത്തില്‍ അമ്മമാര്‍ ഭക്ഷണമാക്കുക. കുട്ടികളും മുലപ്പാല്‍ കൂടാതെ ഇത്തരം തളിരിലകള്‍ ഭക്ഷിക്കും. ഈ കണ്ടെത്തല്‍ സ്വന്തം ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മുറുകെ പിടിക്കുന്നവരെന്ന പേരു മാറ്റാന്‍ സ്ലോത്തുകളെ സഹായിച്ചു. ഇതിനു പിന്നാലെയാണ് സ്ലോത്തുകളുടെ ആവാസ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായ വനനശീകരണത്തെ നേരിടാന്‍ ഇവ സ്വീകരിച്ച അതിജീവന മാർഗം ഗവേഷകരെ അദ്ഭുതപ്പെടുത്തിയത്.

കൊക്കോമരത്തിലേക്ക് കുടിയേറിയ സ്ലോത്തുകള്‍

തെക്കേ അമേരിക്കയില്‍ ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വനനശീകരണത്തിന്‍റെ കാരണങ്ങളിലൊന്ന് കൊക്കോ കൃഷിയാണ്. പക്ഷേ കൊക്കോ നടുന്നതിനായി പൂർണമായി വനം നശിപ്പിക്കുന്ന രീതി ഈ മേഖലയില്‍ ഇല്ല. വന്‍മരങ്ങളുടെ തണലിലാണ് കൊക്കോ വളരുന്നത് കൂടുതല്‍ ഫലം നല്‍കുന്നതാണ് ഈ മാർഗം സ്വീകരിക്കുന്നത്. വന്‍ മരണങ്ങളെ മാറ്റി നിര്‍ത്തി ചെറുകാടുകള്‍ വെട്ടി തെളിച്ചാണ് കൊക്കോ നടുന്നത്. ചെറുകാടുകള്‍ വെട്ടിതെളിക്കുന്നതും സ്ലോത്തുകളുടെ സ്വൈര്യജീവിതത്തെ തുടക്കത്തില്‍ ബാധിച്ചെങ്കില്‍ ഇപ്പോള്‍ ഇവ കൊക്കോവ മരങ്ങളിലേക്കു കൂടി കുടിയേറാന്‍ ആരംഭിച്ചിരിക്കുകയാണ്.

കൊക്കോ മരങ്ങള്‍ക്കു തണല്‍ നല്‍കുന്ന മരങ്ങളില്‍ സെക്രോപിയ വൃക്ഷങ്ങളും ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ ഇത്തരം വൃക്ഷങ്ങളിലും കൊക്കോ മരങ്ങളിലുമായി പുതിയ ആവാസ വ്യവസ്ഥയ്ക്ക് തന്നെ രൂപം നല്‍കിയിരിക്കുകയാണ് സ്ലോത്തുകള്‍. ഇത്തരത്തിലൊരു അതിജീവിനം സ്ലോത്തുകളെ സംബന്ധിച്ച് അദ്ഭുതകരമാണെന്നു ഗവേഷകര്‍ പറയുന്നു. ഭക്ഷണ ശീലത്തിലും ആവാസവ്യവസ്ഥയിലും കഠിനമായ നിഷ്ഠ പുലര്‍ത്തിയിരുന്ന സ്ലോത്തുകള്‍ വിട്ടു വീഴ്ചകള്‍ക്കു തയ്യാറായത് അവയുടെ അതിജീവിക്കാനുള്ള കഴിവിന്‍റെ തെളിവാണെന്നും ഗവേഷകര്‍ കരുതുന്നു. വനനശീകരണം സ്ലോത്തുകളുട വംശനാശത്തിലേക്കു പോലും വഴിവച്ചേക്കുമോ എന്ന ഭയം ഒരു സമയത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും ശാസ്ത്രജ്ഞര്‍ക്കിടയിലും ഉണ്ടായിരുന്നു. കൊക്കോമരങ്ങളുമായി പൊരുത്തപ്പെടാന്‍ സ്ലോത്തുകള്‍ക്കു കഴിഞ്ഞതോടെ ഈ ഭീഷണി ഒഴിവായെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.