ലോറി തടയാൻ ശ്രമിച്ച ആളെയും ബംബറിൽ നിർത്തി മുന്നോട്ട്– വിഡിയോ

റോഡുകളുടെ ശോചനീയാവസ്ഥയും അശാസ്ത്രീയമായ നിർമാണ രീതികളും അപകടങ്ങൾക്ക് വഴിവെയ്ക്കാറുണ്ടെങ്കിലും കൂടുതൽ അപകടങ്ങളും നടക്കുന്നത് ഡ്രൈവറുടെ നിരുത്തരവാദപരമായ  സമീപനം കൊണ്ടാണ്. അതിനുള്ള ഉദാഹരണമാണ് ഈ വിഡിയോ. നാഷണൽ ഹൈവേയിലൂടെ എതിർദിശയിൽ അമിത വേഗത്തിൽ പോകുന്ന ലോറികളുടെ വിഡിയോ ഇതിനു മുമ്പും നാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അപൂർവമാണ്. അമിതവേഗത്തിൽ എതിർദിശയിലൂടെ വാഹനമോടിക്കുക മാത്രമല്ല, വാഹനം നിർത്താതെ അതുതടയാൻ ശ്രമിച്ച ആളെ ബംബറിൽ വെച്ചുകൊണ്ട് അപകടകരമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു.

സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. എതിർദിശയിൽ വേഗത്തിൽ പോയിക്കൊണ്ടിരിക്കുന്ന ലോറിയെ തടയാൻ ശ്രമിച്ച് ബംബറിൽ കയറി നിൽക്കുന്ന യുവാവ്, എന്നാൽ അത് തീരെ ഗൗനിക്കാതെ, കുറുകെയിട്ട വാഹനങ്ങളെയും വെട്ടിച്ച് ആ വ്യക്തിയെയും വഹിച്ചുകൊണ്ട് ലോറി അമിതവേഗത്തിൽ മുന്നോട്ടു നീങ്ങുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷം യുവാവ് ലോറിയുടെ പിറകിൽ അപകടമില്ലാതെ എത്തുന്നതും വിഡിയോയിൽ കാണാം.

പിന്നീട് എന്തു സംഭവിച്ചു എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല.  വൺവേയില്‍ എതിർദിശയിലൂടെ വാഹനമോടിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് മുതലായവ ധരിക്കാതെ വാഹനമോടിക്കുക എന്നിങ്ങനെയുള്ള പ്രവണതകൾ നമ്മുടെ നാട്ടിൽ കൂടുതലാണ്. അത്തരത്തിലൊരു നിയമലംഘനത്തിന്റെ ഉത്തമോദാഹരണമാണ് ഈ കാഴ്ചകൾ.