അംബാനി പുത്രന്മാരുടെ സുരക്ഷ ഉറപ്പിക്കാൻ 16 കോടിയുടെ ആഡംബര കാറുകൾ

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയ്ക്ക്. അതുകൊണ്ടുതന്നെ നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് ഈ കോടിശ്വരന്റെ യാത്രകൾ. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നതിനായി കോടികളുടെ ആഡംബര വാഹനങ്ങളാണ് വാങ്ങിയിരിക്കുന്നത്. നിരവധി വാഹനങ്ങൾ അടങ്ങിയ സുരക്ഷാ സേനയ്ക്കൊപ്പമാണ് ഇവരുടെ യാത്ര.

കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലൂടെ മുകേഷ് അംബാനിയുടെ മക്കൾ നടത്തിയ യാത്രയുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആ യാത്രയ്ക്ക് മാത്രം ഉപയോഗിച്ചത് 16.55 കോടിയുടെ ആഡംബര കാറുകൾ. 75 ലക്ഷത്തിന്റെ എംഡബ്ല്യു എക്സ് 5 മുതൽ ടൊയോട്ട ഫോർച്യൂണർ വരെയുണ്ട് ഇവരുടെ സുരക്ഷാ വാഹന വ്യൂഹത്തിൽ.

ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവർ ഡിസ്കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എൻഡേവറും മൂന്ന് റേഞ്ച് റോവർ സ്പോർട്ടും രണ്ട് ബിഎം‍ഡബ്ല്യു എക്സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാൽ അംബാനിയുടെ മക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ എക്സ്ഷോറും വില  മാത്രം 16.55 കോടി രൂപ വരും !