പറക്കും കാർ ഇന്ത്യയിലേക്ക്

പറക്കും കാർ രണ്ടു വർഷത്തിനകം ഇന്ത്യയിലുമെത്തുമെന്നു പ്രതീക്ഷ. പഴ്സനൽ എയർ ആൻഡ് ലാൻഡ് വെഹിക്കിൾ വൺ എന്ന  പി എ എൽ - വിയുടെ നിർമാതാക്കളായ ഡച്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റോബർട്ട് ഡിംഗെമാൻസ് ആണ് 2021 ആകുമ്പോഴേക്ക് ‘പറക്കും കാർ’ ഇന്ത്യയിലെത്തുമെന്നു സൂചിപ്പിച്ചത്.

അടുത്ത വർഷത്തോടെ ‘പി എ എൽ - വി’ അവതരിപ്പിക്കാനാവുമെന്നു നിർമാതാക്കൾ കരുതുന്നു. എന്നാൽ ആദ്യ വർഷത്തെ ഉൽപ്പാദനം പൂർണമായി ബുക്ക് ചെയ്തു കഴിഞ്ഞെന്നു ഡിംഗെമാൻസ് വെളിപ്പെടുത്തി. അതിനാലാണ് 2021 ആകുമ്പോഴേക്ക് ‘പി എ എൽ — വി’ ഇന്ത്യയിലുമെത്തുമെന്നുള്ള വിലയിരുത്തൽ. 

ഇന്ത്യയിൽ തീരസംരക്ഷണ സേന, പൊലീസ് വിഭാഗങ്ങൾ, മെഡിക്കൽ സംഘങ്ങൾ, സർക്കാർ ഏജൻസികൾ, കോർപറേറ്റുകൾ തുടങ്ങിയവർക്കൊപ്പം വ്യക്തികളും ‘പി എ എൽ - വി’ സ്വന്തമാക്കാനെത്തുമെന്നാണ് അദ്ദേഹം കരുതുന്നത്. ഭാവിയുടെ സാങ്കേതികവിദ്യകളോട് കേന്ദ്ര സർക്കാരിനുള്ള ആഭിമുഖ്യം പരിഗണിക്കുമ്പോൾ ‘പറക്കും കാറി’നോടു താൽപര്യം കാട്ടുമെന്നും ഡിംഗെമാൻസ് പ്രത്യാശിച്ചു.

വിൽപ്പനയ്ക്കു പുറമെ ഇന്ത്യയിൽ ‘പറക്കും കാർ’ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയും കമ്പനി ആരായുന്നുണ്ട്. ഇതിനായി വാഹന, വ്യോമഗതാഗത മേഖലകളിൽ വൈദഗ്ധ്യമുള്ള വെണ്ടർമാരെ ഇന്ത്യയിൽ തന്നെ കണ്ടെത്താനാവുമെന്ന് ഡിംഗെമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 

കഴിഞ്ഞ വർഷത്തെ ജനീവ മോട്ടോർ ഷോയിലായിരുന്നു കമ്പനി പറക്കും കാർ ആദ്യമായിപ്രദർശിപ്പിച്ചത്. അടുത്ത വർഷത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുന്ന കാറിന്റെ സോഫ്റ്റ്‌വെയർ, എൻജിനീയറിങ് ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന സഖ്യങ്ങളിൽ കമ്പനിക്ക് അതീവ താൽപര്യമുണ്ടെന്നും ഡിംഗെമാൻസ് വ്യക്തമാക്കി.