കൂടുതൽ പ്രീമിയമായി എത്തുന്ന പുതിയ ബലേനൊ

പ്രീമിയം ഹാച്ച് ബാക്കായ ‘ബലേനൊ’യുടെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്വീകരിച്ചു തുടങ്ങി. 2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടംപിടിക്കുന്ന ‘ബലേനൊ’യ്ക്ക് ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ അഞ്ചു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റെക്കോഡും സ്വന്തമാണ്. നിരത്തിലെത്തി വെറും 38 മാസത്തിനുള്ളിലാണു ‘ബലേനൊ’ ഈ ഉജ്വല നേട്ടം സ്വന്തമാക്കിയത്. 

ആക്രമണോത്സുകമായ മുഖമാണു പുതിയ ‘ബലേനൊ’യുടെ പ്രധാന സവിശേഷ. സുരക്ഷ മെച്ചപ്പെടുത്താൻ സ്പീഡ് അലർട്ട് സിസ്റ്റം, കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് അസിസ്റ്റ് സെൻസർ തുടങ്ങിയവയും കാറിലുണ്ടാവും. ഇരട്ട എയർബാഗ്, ചൈൽ സീറ്റ് റിസ്ട്രെയ്ൻ സിസ്റ്റം(ഐസോഫിക്സ്), പ്രീ ടെൻഷനർ, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ്, ഇ ബി ഡി സഹിതം എ ബി എസ് തുടങ്ങിയവും ‘ബലേനൊ’യിലുണ്ട്. 

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപതു മാസത്തിനിടെ 2017 — 18ന്റെ ആദ്യ മൂന്നു പാദങ്ങളെ അപേക്ഷിച്ച് 14% വിൽപ്പന വളർച്ച നേടാനും ‘ബലേനൊ’യ്ക്കു സാധിച്ചിരുന്നു. ഇതുവരെ മൊത്തം 5.20 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ ഇന്ത്യൻ വാഹന വിപണിയിലെ ‘എ ടു പ്ലസ്’ വിഭാഗത്തിൽ 26 ശതമാനത്തോളം വിഹിതമാണ് ‘ബലേനൊ’യ്ക്കു മാരുതി സുസുക്കി അവകാശപ്പെടുന്നത്.