10 ലക്ഷത്തിന് 5 പുതിയ എസ് യു വികള്‍

എസ് യു വികളെക്കാൾ മിനി എസ് യു വികൾക്ക് പ്രിയമേറുമ്പോൾ വാഹന നിർമാതാക്കളും കാലത്തിനൊത്ത് മാറുന്നു. ഇക്കൊല്ലം കുറഞ്ഞത് ഏഴു പുതിയ മോഡലുകൾ ഈ വിഭാഗത്തിൽ പ്രതീക്ഷിക്കാം. അവയിൽ ശ്രദ്ധിക്കേണ്ട അഞ്ചു മോഡലുകൾ ഇതാ. 

∙ എന്തിന് മിനി? മിനി എസ് യു വികൾ സാങ്കേതികമായി എസ് യു വികളല്ല. കാറിെൻറ പ്ലാറ്റ്ഫോമിൽ നിർമിച്ചെടുക്കുന്ന എസ് യു വി രൂപമുള്ള വാഹനങ്ങളാണ്. ഗുണം. കാഴ്ചയിൽ കാറിനെക്കാൾ ഗാംഭീര്യം, വില കുറയും, ഇന്ധനക്ഷമത കൂടും, അറ്റകുറ്റപ്പണി കുറയും. എന്നാൽ ഈ അഞ്ചു വാഹനങ്ങളിൽ ജിംനി മാത്രം ഒാൾ വീൽ െെഡ്രവാണ്. എല്ലാ വാഹനങ്ങൾക്കും അടിസ്ഥാന മോഡലിന് 10 ലക്ഷത്തിൽത്താഴെ വില.

Rush

∙  ടൊയോട്ട റഷ്: 1997 മുതൽ സാന്നിധ്യമുള്ള റഷിെൻറ ഏറ്റവും പുതിയ രൂപം ഇന്തൊനീഷയിൽ ഈയിടെ ഇറങ്ങി. തെല്ലു വലുപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. നാലുമീറ്ററിൽ താഴെയായിരിക്കില്ല നീളം. ഏഴു പേർക്ക് യാത്ര. ജപ്പാൻ, മലേഷ്യ, ഇന്തൊനീഷ വിപണികളിൽ ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവായാണ് റഷ് പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ തനി ടൊയോട്ട. നിലവിൽ ഇന്തൊനീഷയിൽ 1.5 ലിറ്റർ പെട്രോൾ എൻജിനാണ്. ഇന്ത്യയിൽ ഡീസൽ മോഡലും പ്രതീക്ഷിക്കാം.

Jimny

∙ സുസുക്കി ജിംനി: ഇന്ത്യയാണ് ഇനി ജിംനിയുടെ ജന്മനാട്. കാരണം സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള ജിംനി നിർമിക്കുന്നത് ഇന്ത്യയിലായിരിക്കും. നാലാം തലമുറ ജിംനിയിൽ രണ്ടു പെട്രോൾ എൻജിനുകളാണുള്ളത് – 1.2 ലീറ്റർ കെ സീരീസ്, 1 ലീറ്റർ മൂന്ന് സിലിണ്ടർ ബൂസ്റ്റർ ജെറ്റ്. കരുത്ത് 92 ബി എച്ച് പിയും 112 ബി എച്ച് പിയും. രണ്ട് എൻജിൻ വകഭേദങ്ങള്‍ക്കും ഓൾവീൽ ഡ്രൈവ്. ഇന്ത്യയിലെത്തുമ്പോള്‍ ഡീസൽ എൻജിനും വന്നേക്കും. ഹാർഡ് ടോപ്, സോഫ്റ്റ് ടോപ് വകഭേദങ്ങളിൽ മൂന്നു ഡോർ മോഡലായാണു വിപണിയിലെത്തുക. നാലുമീറ്ററിൽ താഴെ നീളം. ലൈറ്റ് ജീപ്പ് മോഡലായി 1970 ലാണ് ജപ്പാനിൽ ജിംനി ഇറങ്ങിയത്. രണ്ടാം തലമുറയാണ് ഇന്ത്യയിലെ ജിപ്സി.

Jeep Renegade

∙ ജീപ്പ് റെനഗേഡ്: കുറഞ്ഞ വിലയിൽ ചെറിയൊരു ജീപ്പ്. കോംപസിലൂടെ എസ് യു വി വിഭാഗത്തിൽ ലഭിച്ച ജനപിന്തുണ റെനെഗേഡ് ഉയർത്തുമെന്നു പ്രതീക്ഷ. കോംപസ് പ്ളാറ്റ്ഫോമിലാണ് നിർമാണം. 4232 എം എം നീളം 2022 എംഎം വീതി. കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണെങ്കിലും  കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. 

Carlino

∙ ഹ്യുണ്ടേയ് കാർലിനോ: വിറ്റാറ ബ്രെസയ്ക്ക് എതിരാളിയുമായി ഹ്യുണ്ടേയ്. 2016 ന്യൂ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കാർലിനോ എന്ന കൺസെപ്റ്റ് മോഡലാണ് റോഡിലിറങ്ങുന്നത്. നാലു മീറ്ററിൽ താഴെ നീളം. 1.4 ലീറ്റർ പെട്രോൾ, സിആർഡിഐ ഡീസൽ എൻജിനുകൾ കരുത്തു പകരും. പിന്നിട് 118 എച്ച്പി 1 ലിറ്റർ പെട്രോൾ ബൂസ്റ്റർ ജെറ്റ് എൻജിനും പ്രതീക്ഷിക്കാം. നാലു വീൽ ഡ്രൈവ് മോഡൽ ഉണ്ടാകില്ല. അ‍ഞ്ചു സീറ്റർ. 

Tivoli

∙മഹീന്ദ്ര എക്സ്‌യുവി 300: മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയുള്ള വാഹനം. അഞ്ച് സീറ്റ് മോഡലിന് നാലു മീറ്ററിൽത്താഴെയും ഏഴ് സീറ്റ് വകഭേദത്തിന് നാലു മീറ്ററിലധികവും നീളം. ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങളും പുതിയ കാറിലെത്തും. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവുമുണ്ട്. 1.2 പെട്രോളിലും 1.5 ഡീസലിലും ലഭിക്കും.