വരൂ.. കടലിൽപോകാം

കടൽ, മനുഷ്യനെ സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസം.. ഓഖിയുടെ കരുത്ത് കേരളം അറിഞ്ഞപ്പോൾ നഷ്ടമായത് ഒരുപാടുപേരുടെ സന്തോഷമാണ്. എന്നാൽ നമ്മെ ആഹ്ലാദിപ്പിക്കുന്ന കടൽ അനുഭവിക്കാൻ എത്തിയതാണ് മഞ്ചേരി മൊറയൂർ വിഎച്ച്എം എച്ച്എസ്എസിലെ കൊച്ചു കൂട്ടുകാർ. കൊച്ചിയിലെ വിസ്മയങ്ങൾ ഗൈഡ് വിവരിച്ചു നൽകുമ്പോൾ വിസ്മയംപൂണ്ടു നിൽക്കുന്ന ആ കൊച്ചുകൂട്ടുകാർക്കൊപ്പമായിരുന്നു ഫാസ്റ്റ്ട്രാക്കിന്റെ കടൽയാത്ര... 

കടൽത്തിരമാലകളോടു കബടി കളിച്ചും തിരയെണ്ണിയും മണലെഴുതിയും മാത്രം കടൽ അറിഞ്ഞവരായിരിക്കും നമ്മൾ. കായലിലൂടെയും പുഴയിലൂടെയും ഒരുപാടു സഞ്ചരിച്ചിട്ടുണ്ടാകും. എന്നാൽ കടലിൽ യാത്ര പോയിട്ടുണ്ടോ? ഇതൊരു കായൽ–കടൽ യാത്രയാണ്. കായലും കടലും സംഗമിക്കുന്ന അഴിമുഖവും കടന്ന് അറബിക്കടലിന്റെ റാണിയെ കണ്ടുകൊണ്ടൊരു യാത്ര. കിന്നാരം കൂടാൻ കടൽകാക്കകളും ഡോൾഫിനുകളും കൂട്ടുണ്ടാകും. കുറഞ്ഞ ചെലവിൽ കടലിൽ സഞ്ചരിക്കാൻ സർക്കാർ ഒരുക്കുന്ന സംവിധാനം. അതാണ് സാഗരറാണി.   

സ്രാങ്ക് ടി. എക്സ്. ജോർജ്

രണ്ടു റാണിമാർ

കൊച്ചി മറൈൻ ഡ്രൈവിനടുത്തുള്ള ഹൈക്കോർട്ട് ജെട്ടിയിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. കടലിൽ പോകാൻ അനുവാദമുള്ള ഏക ക്രൂസ് വെസൽ ആണ് സാഗരറാണി. അതായത്, ഇന്ത്യൻ റജിസ്ട്രി ഓഫ് ഷിപ്പിങ്ങിന്റെ (IRS) അംഗീകാരമുള്ള വെസൽ. കരയിൽനിന്നു ഒൻപതു നോട്ടിക്കൽ മൈൽ (16.66 KM) ദൂരം പോകും. കേരള സർക്കാരിന്റെ കേരള ഷിപ്പിങ് ആൻഡ് ഐലൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിന്റെ കീഴിൽ 2004 ൽ ആണ് സാഗരറാണി ക്രൂസ് വെസലുകൾ സർവീസ് ആരംഭിക്കുന്നത്. 93 പേർക്ക് യാത്ര ചെയ്യാവുന്ന ഐആർഎസ് അംഗീകാരമുള്ള സാഗരറാണി I, 73 പേർക്കു സഞ്ചരിക്കാവുന്ന സാഗരറാണി II എന്നീ രണ്ടു വെസലുകൾ കോർപറേഷനു കീഴിൽ ഉണ്ട്. ഇവ രണ്ടും കൊച്ചിൻ കപ്പൽശാലയിലയുടെ സൃഷ്ടികളാണ്. മെയ്ഡ് ഇൻ ഇന്ത്യ.  

എസി ഫ്ലോർ

168 ബിഎച്ച്പി കരുത്തുള്ള രണ്ട് ഡീസൽ എൻജിനുകളാണ് ഒരോ വെസലിനും ഉള്ളത്. ഒരു ട്രിപ്പിന് 45–50 ലീറ്റർ ഡീസൽ വേണം. നീളം 26.04 മീറ്റർ. വീതി 6.4 മീറ്റർ. ഭാരം 126 ടൺ. ആഴം 2.3 മീറ്റർ. വേഗം മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാലു മാസങ്ങൾ ഓഫ് സീസണാണ്. കാലവർഷം കനക്കുന്നതിനാൽ ആ സമയത്തു കടലിൽ പോകാൻ കോസ്റ്റ് ഗാർഡിന്റെ അനുമതിയില്ല.  

സാഗരറാണി

ബുക്ക് ചെയ്യാൻ

യാത്രികരെക്കൂടാതെ രണ്ട് ക്രൂ, എൻജിൻ ഡ്രൈവർ, സ്രാങ്ക്, ഗൈഡ് എന്നിവരുമുണ്ടാകും. ഇതോടൊപ്പം ഉല്ലാസത്തിനായി മ്യൂസിക്, ഡാൻസ്, ഡിജെ എന്നിവയും ഉണ്ടാകും. സൂര്യാസ്തമയം കണാവുന്ന സ്ൺസെറ്റ് ട്രിപ്പിൽ ടിക്കറ്റ് എടുത്തു യാത്രചെയ്യാം. ബാക്കിയുള്ളവ ഒന്നിച്ചുള്ള ബുക്കിങ് ആണ്. കേരള ഹൈക്കോടതി, ബോൾഗാട്ടി പാലസ്, വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ, വില്ലിങ്ഡൺ ദ്വീപ്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചിയിൽ വച്ച് കായലിൽനിന്നു കടലിലേക്കു കടക്കും. ഒരു ദിവസം അഞ്ചു യാത്രകൾ ഉണ്ടാകും. ഒരുമിച്ചുള്ള ഗ്രൂപ്പുകളുടെ ബുക്കിങ്ങാണ് കൂടുതലും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രത്യേക പാക്കേജും ഉണ്ട്. ശനി, ഞായർ പൊതു അവധി ദിവസങ്ങളിൽ സ്കൂൾ, കോളജ് പാക്കേജുകൾ ലഭ്യമല്ല. 
വിശദവിവരങ്ങൾക്ക് www.ksinc.in Ph: 9846223888, 9746823740