ഇന്നോവയുടെ വിപണി ലക്ഷ്യം വയ്ക്കുന്ന 3 വാഹനങ്ങള്‍

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവാണ് ടൊയോട്ട ഇന്നോവ. പുറത്തിറങ്ങിയ നാൾ മുതൽ ഈ സെഗ്‍‌മെന്റിലെ ഒന്നാം സ്ഥാനം ഇന്നോവ ആർക്കും വിട്ടുകൊടുത്തിട്ടില്ല. മികച്ച യാത്രാസുഖവും കരുത്തുറ്റ എൻജിനും ടൊയോട്ടയുടെ വിശ്വാസ്യതയും ഇന്നോവയെ കാലങ്ങളായി മുന്നോട്ടു നയിക്കുന്നു. പുതിയ തലമുറയായ ക്രിസ്റ്റ പുറത്തിറങ്ങിയപ്പോഴും, ഒരടിപോലും പതറാതെ ആ വിജയഗാഥ തുടർന്നുകൊണ്ടേയിരിക്കുകയാണ്. പൊതുജനം മുതൽ മന്ത്രിമാർ വരെയാണ് ഈ  എംപിവിയുടെ ആരാധകഗണത്തിലുള്ളത്. എന്നാൽ ഇന്നോവയുടെ ഗുണമേൻമയോട് മത്സരിക്കാൻ തയാറെടുക്കുകയാണ് ചിലർ. ഇന്നോവയുടെ വിപണി ലക്ഷ്യം വെയ്ക്കുന്ന 3 വാഹനങ്ങളെ പരിചയപ്പെടാം.

കിയ കാർണിവെൽ

ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കിയയുടെ ഗ്രാൻഡ് കാർണിവെൽ ഇന്നോവയ്ക്കുള്ള ഉത്തമ എതിരാളിയാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമുള്ള ഗ്രാൻഡ് കാർണിവെൽ രാജ്യാന്തര വിപണിയിലെ കിയയുടെ ഏറ്റവും മികച്ച എംയുവികളിലൊന്നാണ്. രാജ്യാന്തര വിപണിയിൽ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോർമാറ്റുകളിൽ കാർണിവെൽ ലഭ്യമാണ്. ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ച കാർണിവെൽ വലുപ്പത്തിന്റെ കാര്യത്തിൽ ഇന്നോവയെക്കാൾ മുന്നിലാണ്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. ഇന്നോവയുടെ നീളം 4735 എംഎം, വീതി 1830 എംഎം, ഉയരം 1795 എംഎം എന്നിങ്ങനെയാണ്.

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള കാർണിവെലാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല.  2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 200 ബിഎച്ച്പി കരുത്തുള്ള എൻജിന് കൂട്ടായി ഓട്ടമാറ്റിക്ക് ഗിയർബോക്സും കാണും. കൂടാതെ ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളുണ്ടാകും.

പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര

ഇന്നോവ ക്രിസ്റ്റയോട് മത്സരിക്കാൻ പുതിയ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. യു 321 എന്ന കോഡു നാമത്തിലാണ് മഹീന്ദ്ര പുതിയ എംപിവിയെ നിർമിക്കുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് വാഹനം വികസിപ്പിക്കുന്നത്. യുവി സെഗ്‌മെന്റിൽ ഒന്നാമനായിരുന്ന മഹീന്ദ്രയെ പിന്തള്ളി മാരുതി ഒന്നാമതെത്തിയത് അടുത്തിടെയാണ്. പുതിയ വാഹനങ്ങളുടെ അഭാവം മഹീന്ദ്രയെ പിന്നോട്ട് വലിക്കുമ്പോൾ സെഗ്മെന്റിലേക്ക് പുതിയ നിരവധി വാഹനങ്ങളെയാണ് മഹീന്ദ്ര പുറത്തിറക്കാൻ ഒരുങ്ങുന്നത്.

Ssangyong Turismo, Representative Image

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് എംപിവി രൂപകല്‍പന. രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് എംപിവി എത്തുക. അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്.

വാഹനത്തെ മഹീന്ദ്ര അടുത്ത വർഷം വിപണിയിലെത്തിക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാങ് യോങും സംയുക്തമായി വികസിപ്പിച്ച എന്‍ജിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ജി 10

കിയ പുറത്തിറക്കിയേക്കാവുന്ന കാർണിവെല്ലിനെ പോലെ എംജിക്ക് പുറത്തിറക്കാവുന്ന മോഡലാണ് ജി 10. സായിക് മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള യുവി നിർമാതാക്കളായ മാക്സസിന്റെ ലക്ഷ്വറി എംപിവിയാണ് ജി 10. സായിക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റ് നിർമാതാക്കളുടെ വാഹനങ്ങൾ എംജി ബ്രാൻഡിനു കീഴിൽ പുറത്തിറക്കുമ്പോൾ മാക്സസിന്റെ  ജി10, എംജി ലോഗോ വെച്ച് ഇന്ത്യയിലെത്തിയേക്കാം. റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളായ ഓസ്ട്രേലിയയിൽ എൽഡിവിയുടെ ബ്രാൻഡിൽ ജി10 വിൽപനയ്‌ക്കെത്തുന്നുണ്ടെന്നതും ഈ എംപിവിക്ക് മുൻതൂക്കം നൽകും.

2014 ലാണ് മാക്സസ് തങ്ങളുടെ രണ്ടാമത്തെ വാഹനമായ ജി 10 വിപണിയിലെത്തിച്ചത്. പെട്രോൾ ഡീസൽ പതിപ്പുകളുള്ള ഈ വാഹനം പെട്ടെന്നു തന്നെ ചൈനയിൽ സൂപ്പർഹിറ്റായി. ഏകദേശം 13 ലക്ഷം രൂപ മുതൽ 26 ലക്ഷം രൂപ വരെയായിരുന്നു വില. ആഢംബരം നിറഞ്ഞ വാഹനമായ ജി10, ഏഴ് സീറ്റ്, 9 സീറ്റ് ലേ ഔട്ടുകളിൽ  ലഭ്യമാണ്. 5168 എംഎം നീളവും 1980 എംഎം വീതിയും 1928 എംഎം ഉയരവുമുണ്ട്. 3210 എംഎമ്മാണ് ചൈന മോഡലിന്റെ വീൽ ബേസ്. ഓസ്ട്രേലിയൻ മോ‍ഡലിന് 3198  എം എം ആണ് വീൽ ബേസ്. ഓട്ടമാറ്റിക്കായി നിയന്ത്രിക്കാവുന്ന സ്ലൈ‍ഡിങ് ഡോറുകളും പിൻഡോറും വാഹനത്തിന്റെ സവിശേഷതകളാണ്. ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയർ. ഇന്റർനെറ്റ് ഇന്റലിജെന്റ് സിസ്റ്റവും  10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റവും വാഹനത്തെ വേറിട്ടു നിർത്തുന്നു. വോയിസ് കമാൻഡിലൂടെ നിയന്ത്രിക്കാവുന്ന സിസ്റ്റമാണിത്. റിയൽ ടൈം ട്രാഫിക് അപ്ഡേറ്റുകൾ അറിയാൻ സാധിക്കുന്ന നാവിഗേഷൻ സിസ്റ്റം, 360 ഡിഗ്രി പനോരമിക് സൺറൂഫ്, 220 വാട്ട് പവർ സപ്ലെ തുടങ്ങിയവയും വാഹനത്തിലുണ്ട്.

പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 2 ലീറ്റർ പെട്രോൾ എൻജിന് 165 കിലോവാട്ട് കരുത്തും 345 എൻഎം ടോർക്കുമുണ്ട്.  110 കിലോവാട്ട് കരുത്തും 350 എൻഎം ടോർക്കുമുൽപ്പാദിപ്പിക്കുന്നതാണ്‌ 1.9 ലീറ്റർ ഡീസൽ എൻജിന്. ആറ് സ്പീഡ് ട്രിപ്ട്രോണിക് ഗിയർബോക്‌സും ഈ വാഹനത്തിൽ ഉപയോഗിക്കുന്നുണ്ട്.