സൂക്ഷിച്ചില്ലെങ്കിൽ ഇൻഷുറൻസുകാരും പണി തരും

കേരളത്തില്‍ അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കം വാഹന ഉടമകള്‍ക്കുണ്ടാക്കിയ ബാധ്യത ചെറുതല്ല. വാഹനം പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വാഹനയുടമകള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്. എന്നാല്‍ ഈ സാമ്പത്തിക ചിലവ് വഹിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഇന്‍ഷുറൻസ് കമ്പനികള്‍ തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കുറുക്കുവഴികള്‍ തേടുകയാണ്.

ഉപയോഗിച്ച കാറുകള്‍ വില്‍ക്കുന്ന സംഘങ്ങളുടെ സഹായത്തോടെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങള്‍ക്കുണ്ടാകുന്ന അധിക ചിലവ് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. എഴുപത് ശതമാനത്തോളം വെള്ളത്തില്‍ മുങ്ങിയ ഉപയോഗ ശൂന്യമായ കാറുകള്‍ സ്ക്രാപ് ഗണത്തില്‍ പെടുത്തി ഇരുമ്പ് വിലയ്ക്ക് തൂക്കി വില്‍ക്കണമന്നാണ് നിയമം. എന്നാല്‍ ഇതേ കാറുകള്‍ പുറമേ മാത്രം മിനുക്കി ഓടിക്കാവുന്ന പരുവത്തിലാക്കി മറിച്ച് വില്‍ക്കുകയാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത്. ഇത്തരം കാറുകള്‍ വൈകാതെ കേരളത്തിലെ കാറുകളുടെ സെക്കന്റ് ഹാന്‍റ് വിപണിയിലെത്തിയേക്കുമെന്ന് തന്നെ ഭയക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ തെറ്റായ മാര്‍ഗത്തിലൂടെ സാമ്പത്തിക ഭാരം കുറക്കാന്‍ ശ്രമിക്കുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമല്ല എന്നതാണ് മറ്റൊരു വസ്തുത. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും സെക്കന്റ് ഹാന്റ് കാര്‍ മാഫിയയുടെ സഹായത്തോടെ ഉപയോഗ ശൂന്യമായ കാറുകള്‍ നിരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നവരാണ്.

ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തുന്നത് ഇങ്ങനെ

പ്രളയത്തില്‍ പെട്ട കാറുകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മില്‍ എത്തിയിട്ടുള്ള ധാരണ ഇങ്ങനെയാണ്. ഇതനുസരിച്ച് കാറുകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തരം തിരിക്കും. ഫ്ലോര്‍ ലെവല്‍ വരെ വെള്ളം കയറിയവയാണ് എ വിഭാഗത്തില്‍ പെടുന്നവ. സീറ്റ് വരെ വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളെ ബി വിഭാഗത്തിലും ഉള്‍പ്പെടുത്തുന്നു. ഡാഷ് ബോര്‍ഡ് വരെ വെള്ളത്തിലാഴ്ന്ന വാഹനങ്ങളെ സി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാഹനങ്ങളില്‍ ഏതൊക്കം ഭാഗങ്ങള്‍ മാറ്റേണ്ടതുണ്ടെന്ന ധാരണ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കും ഇടയിലുണ്ട്. വാഹനത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും.അതേസമയം ഈ മൂന്ന് വിഭാഗത്തിലും പെടുത്താന്‍ കഴിയാത്ത ഡാഷ് ബോര്‍ഡിനും മുകളിലേക്ക് വെള്ളം കയറിയ വാഹനങ്ങളെ റിപ്പയര്‍ ചെയ്യാന്‍ കഴിയാത്ത വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഇന്‍ഷുറന്‍സ് ചെയ്യുമ്പോള്‍ വാഹനത്തിന് കണക്കാക്കിയിരിക്കുന്ന തുക അഥവ ഇന്‍ഷുര്‍ഡ് ഡിക്ലയേര്‍ഡ് വാല്യുവിന്റെ എഴുപത്ത് അഞ്ച് ശതമാനത്തിന് മുകളിലാകും ഇവയ്ക്ക് വേണ്ടി ചിലവാക്കേണ്ടി വരിക. വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ 95 ശതമാനം ആണ്‍ ഇന്‍ഷൂര്‍ഡ് ഡിക്ലയേര്‍ഡ് വാല്യൂ ആയി കണക്കാക്കുക. ഈ സാഹചര്യത്തില്‍ ഉടമയ്ക്ക് IDA ആയി കണക്കാക്കിയിട്ടുള്ള തുക നല്‍കി വാഹനം ഏറ്റെടുത്ത് ഇരുമ്പ് വിലയ്ക്ക് തൂക്കി വില്‍ക്കുകയാണ് പതിവ്.

കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന് കീഴിലുള്ള മെറ്റല്‍ സ്ക്രാപ് ട്രേഡിങ് കോര്‍പ്പറേഷനാണ് ഇത്തരം ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ ഇരുമ്പ് വിലയ്ക്ക് നല്‍കേണ്ടത്. ''കണ്‍സ്ട്രക്റ്റീവ് ടോട്ടല്‍ ലോസ്'' എന്നതാണ് ഈ സാഹചര്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിളിക്കുന്നത്. പ്രളയസമയത്ത് ഇത്തരം കണ്‍സ്ട്രക്റ്റീവ് ലോസ് വന്ന കേസുകള്‍ ഏതാണ്ട് എണ്ണായിരത്തിന് മുകളിലാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്നിലേക്ക് എത്തിയത്. അതായത് ആകെയെത്തിയ 13000 ക്ലെയിമുകളില്‍ ഏതാണ്ട് 70 ശതമാനത്തോളം. ഏകദേശം 1200 കോടി രൂപയാണ് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി ഈ 13000 ത്തോളം ക്ലെയിമുകള്‍ പരിഹരിക്കാന്‍ ആവശ്യം വരിക. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഒരു പരിധി വരെ മറികടക്കാനാണ് സെക്കന്‍റ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പനക്കാരുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ധാരണയിലെത്തിയിരിക്കുന്നത്.

IDA നല്‍കി ഏറ്റെടുക്കുന്ന വാഹനം അത്യാവശ്യമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഓടുന്ന അവസ്ഥയിലാക്കുക എന്നതാണ് ആദ്യം ചെയ്യുക. അതിന് ശേഷം പുറം മോടി വരുത്തി വില്‍പ്പനയ്ക്ക് എത്തിക്കും. പ്രളയത്തിന് ശേഷം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപയോഗിച്ച വാഹനങ്ങളുടെ മൊത്തവില്‍പ്പനക്കാര്‍ നിരവധി പേരാണ് ഇത്തരം വാഹനങ്ങള്‍ ലേലത്തിനെടുക്കാന്‍ കേരളത്തിലേക്ക് എത്തിയത്. അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് ലേലത്തിനെടുക്കുന്നതെങ്കിലും ഈ വാഹനങ്ങള്‍ കേരളത്തിലേക്ക് തന്നെയാകും വില്‍പ്പനയ്ക്കെത്തുക. IDA ആയി നല്‍കുന്ന തുകയുടെ മൂന്നിലൊന്നു വരെ ഇങ്ങനെ ലേലത്തിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് എറണാകുളത്ത് 7ലക്ഷം രൂപ IDAനല്‍കിയ മാരുതി സുസുക്കി ബ്രെസയ്ക്ക് ലേലത്തില്‍ ലഭിച്ചത് 3 ലക്ഷം രൂപയാണ്. ഈ തുകയു ഉപഭോക്താക്കളുടെ ഇന്‍ഷുറന്‍സ് അടവും കൂടിയാകുമ്പോള്‍ നഷ്ടപരിഹാരമായി നല്‍കുന്ന തുക നഷ്ടമാകില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭം വരെ ലഭിക്കാം.

വാഹനങ്ങള്‍ വിപണയിലെത്തുമ്പോഴുള്ള പ്രശ്നങ്ങള്‍

ഒന്നാമത്തെ പ്രശ്നം വാഹനത്തിന്റെ ഉടമസ്ഥതയാണ്. വാഹനത്തിന്റെ ഉടമസ്ഥത മാറ്റാതെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവ ലേലം ചെയ്യുന്നത്. മാത്രമല്ല ഉടമസ്ഥാവകാശം കൈമാറുമെന്ന് ഉറപ്പ് വരുത്താനും ഈ കമ്പനികളോ ഇടനിലക്കാരോ തയ്യാറല്ല. ഇതോടെ പിന്നീടും വാഹനത്തിന്റെ മേലുണ്ടാകുന്ന അപകടത്തിന്റെയും മറ്റും സാമ്പത്തികവും നിയമപരവുമായ ഉത്തരവാദിത്ത്വം പഴയ ഉടമകളുടെ തന്നെ മേലില്‍ വരും.

വാഹനത്തിന്റെ പുതിയ ഉടമകള്‍ക്കും കാര്യങ്ങള്‍ അത്ര സുഖകരമാകില്ല. മൂന്നോ നാലോ ദിവസം വെള്ളത്തില്‍ മുങ്ങിക്കിടന്ന വാഹനങ്ങളാണ് അവര്‍ വാങ്ങുന്നത്. അതായത് വാഹനത്തിന്റെ ആന്തരിക ഭാഗങ്ങള്‍ക്ക് മുഴുവന്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. അധികകാലം ഇവര്‍ക്ക് ഈ വണ്ടി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഇത് പുതിയ ഉടമകള്‍ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ചുരുക്കം.

ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതികരണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതികരണം. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മാരുതി വിഭാഗം കൈകാര്യം ചെയ്യുന്ന ശിവകുമാറിനോട് മനോരമ പ്രതിനിധി പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു. പഴയ വാഹനങ്ങള്‍ വാങ്ങുന്നത് ശുപാര്‍ശ ചെയ്യില്ലെന്നും അതിന്റെ ഇലക്ട്രിക് സര്‍ക്യൂട്ടിനുള്‍പ്പടെ നാശം സംഭവിച്ചിരിക്കാമെന്നും ശിവകുമാര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ തങ്ങള്‍ ലേലത്തിന് വയ്ക്കുന്നുണ്ടെന്നും ശിവകുമാര്‍ സമ്മതിച്ചു. ഏജന്റുമാര്‍ മുഖേനയാണ് ഇത്തരം വാഹനങ്ങളുടെ വില്‍പ്പനയെന്നും ശിവകുമാര്‍ വിശദീകരിക്കുന്നുണ്ട്.

ഇതേ വിഷയത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനിവാസ റാവുവിന്റെ പ്രതികരണം മറ്റൊരു രീതിയിലായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായ വാഹനങ്ങളെ ഇന്‍ഷുറന്‍സ് ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നുണ്ടെന്നും ഓരോ വാഹനവും ഐ.ആര്‍.ഡി.എ. യുടെ നിരീക്ഷകരെത്തി പരിശോധിക്കുമെന്നുമായിരുന്നു ശ്രീനിവാസ റാവു പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയും മുന്‍പ് കോള്‍ കട്ടായി. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാനും അദ്ദേഹം തയ്യാറായില്ല.