അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ കാർ, ബോംബിട്ടാലും തകരില്ല!

ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാ‍ഡിലാക്ക് വണ്ണിൽ നിന്നു പുതിയ ബീസ്റ്റിലേക്ക് കൂടുമാറി അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപ്. ജനറൽ മോട്ടോഴ്സ് നിർമിച്ചു നൽകിയ പുതിയ ബീസ്റ്റ് പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിന്റെ ഭാഗമായത് കഴിഞ്ഞ ദിവസമാണ്. 2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബീസ്റ്റ് അടുത്തിടെ പുറത്തിറങ്ങിയ റഷ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തെ കടത്തിവെട്ടും.

New Cadillic One, Image Source-Twitter

ബാലിസ്റ്റിക്, ഐഇഡി, രാസായുധാക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റിന്റെ നിര്‍മാണം. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്നു കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന്‍ കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്.

അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. പ്രസിഡന്റിന്റെ സീറ്റ് സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്.

New Cadillic One, Image Source-Twitter

കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റീല്‍ റിമ്മുകള്‍ ടയറില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചറാകാത്ത തരത്തിലുള്ള ടയറുകളാണിവ.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ‍ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും, അലുമിനിയവും ടൈറ്റാനിയവും സൈറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്.

2001ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് ബുഷാണ് ബീസ്റ്റില്‍ ആദ്യമായി യാത്ര ചെയ്യുന്ന രാഷ്ട്രത്തലവന്‍. വിപണിയിലുള്ള കാറുകള്‍ക്ക് മോഡിഫിക്കേഷനുകള്‍ വരുത്തിയാണ് അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നതെങ്കില്‍ 2001ല്‍ പ്രസിഡന്റിന് വേണ്ടി ജനറല്‍ മോട്ടോഴ്‌സ് പ്രത്യേകം നിര്‍മിച്ച കാറാണ് ബീസ്റ്റ്.