പുതിയ ജാവ അറിയേണ്ടതെല്ലാം: വിഡിയോ

അറുപതുകളിലേയും എഴുപതുകളിലേയും രാജാവായിരുന്നു ജാവ. കിക്കർ കൊണ്ടു സ്റ്റാർട്ടാക്കി അതേ കിക്കർ കൊണ്ടു തന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി പടക്കംപൊട്ടുന്ന ശബ്ദത്തിൽ മുന്നോട്ടു പാഞ്ഞ ജാവ ബൈക്കുകള്‍ വളരെ പെട്ടെന്നു തന്നെ ജനപ്രീതി ആർജിച്ചു. പിന്നീട് ജാവ മാറി യെസ്‍ഡി വന്നെങ്കിലും ജനപ്രീതിക്ക് കുറവൊന്നുമുണ്ടായില്ല. ചെറു മൈലേജു ബൈക്കുകളുടെ കുത്തൊഴുക്കിൽ 1996ൽ നിർത്തിയ ഈ ഐതിഹാസിക ബ്രാൻഡ് തിരിച്ചെത്തി. മഹീന്ദ്രയുടെ കീഴിൽ രണ്ടു പുതിയ ജാവകളാണ് പുറത്തിറങ്ങിയത്. ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

Jawa

ഇന്ത്യൻ നിരത്തിലെ നിറസാന്നിധ്യമായിരുന്ന ജാവ രണ്ടാമതെത്തുമ്പോൾ പ്രധാന എതിരാളികളുമായി കടുത്ത മത്സരമാണ് മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി പുതിയ ഡീലർഷിപ്പുകൾ ഇന്ത്യയിൽ ആകെമാനം കമ്പനി സ്ഥാപിക്കും. നിലവിൽ 105 ഡീലർഷിപ്പുകളുണ്ടെന്നും ഉടൻ തന്നെ 70 മുതൽ 75 വരെ ഡീലർഷിപ്പുകൾ തുടങ്ങുമെന്നുമാണ് മഹീന്ദ്ര അറിയിക്കുന്നത്.

Jawa 42

ആധുനികതയും പരമ്പരാഗത ലുക്കും ചേർത്തിണക്കാണ് പുതിയ ബൈക്കിന്റെ രൂപകൽപ്പന. ജാവയുടെ പഴയ ബൈക്കുകളോട് വളരെയധികം സാമ്യം. വാഹനത്തിന്റെ ബാലൻസ്, ഹാൻഡിലിങ്, റൈഡബിലിറ്റി തുടങ്ങിയതെല്ലാം പഴയ ജാവയെപ്പോലെ തന്നെ മികച്ചതാണ്. ജാവയ്ക്ക കൂടുതൽ സാമ്യം പഴയ ക്ലാസിക്ക് ബൈക്കിനോടാണെങ്കിൽ ജാവ 42 മോഡേൺ ക്ലാസിക്കാണ് എന്നാണ് മഹീന്ദ്ര പറയുന്നത്. 

Jawa 42

രണ്ടാം വരവിൽ ജാവ ഉപയോഗിക്കുന്ന 293 സിസി എൻജിന് 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുണ്ട്. സിംഗിൾ സിലിണ്ടറാണ് ലിക്വുഡ് കൂൾഡ് എൻജിൻ. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രമ്മും. 6 സ്പീഡാണ് ഗിയർബോക്സ്. ജാവയുടെ ട്രെയിഡ് മാർക്കായിരുന്നു ട്വിൻ സൈലൻസറുമുണ്ട് പുതിയ ജാവകളിൽ. ബിഎസ് 6 നിലവാരത്തിലുള്ള എൻജിനാണ് ബൈക്കുകൾക്ക്. ബൈക്കുകളുടെ ഭാരം 170 കിലോഗ്രാമും ടാങ്ക് കപ്പാസിറ്റി 14 ലീറ്ററുമാണ്.

Jawa

ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിൽ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്.