ടിയാഗോ ഒാട്ടമാറ്റിക്; 5 ലക്ഷം

ടാറ്റയുടെ മാനം കാത്ത കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ടാറ്റാ പ്രേമികളും അല്ലാത്തവരുമായ കാർ സ്നേഹികൾ ആവേശപൂർവം െെകക്കൊണ്ട ടാറ്റ. ഇറങ്ങി ഒറ്റക്കൊല്ലം തികയും മുമ്പ് 65000 കാറുകൾ, ഒരു ലക്ഷം ബുക്കിങ്. കാർ വിപണിയിൽ ടാറ്റയുടെ സാന്നിധ്യം ഇപ്പോൾ മുഖ്യമായും കണ്ണിൽപ്പെടുന്നത് ടിയാഗോയിലൂടെയാണ്. തീർന്നില്ല നേട്ടങ്ങൾ... ടാറ്റയുടെ കാർവിൽപനയുടെ 83 ശതമാനം, മാസം തോറും 10 ശതമാനമെന്ന വളർച്ച, ഇന്ത്യയിൽ വിൽപനയിൽ ടോപ് 10 കാറുകളിലൊന്ന്. 

∙ ഇപ്പോൾ? എല്ലാം തികഞ്ഞ ചെറിയ കാർ. കാഴ്ചയിലും ഗുണമേന്മയിലും ഉപയോഗക്ഷമതയിലും സൗകര്യങ്ങളിലും ഫിനിഷിങ്ങിലുമൊക്കെ വിദേശ നിർമാതാക്കളെയും നാണിപ്പിക്കും. ഇത്ര മികച്ച ഒരു ടാറ്റ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇപ്പോൾ ഇതിനൊക്കെപ്പുറമെ വില കുറഞ്ഞ മോഡലിലും ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ. പെട്രോൾ ഒാട്ടമാറ്റിക്കിന് വില അഞ്ചു ലക്ഷത്തിൽത്താഴെ.

Tata Tiago

∙ ദാരിദ്ര്യമില്ല: ചെറിയ കാറുകളെന്നാൽ ദാരിദ്യ്രം നാലു വീലിൽ കയറി വന്നതാണെന്ന ചിന്തയുടെ ഗതി ടിയാഗോ തിരിച്ചുവിട്ടു. ജാപ്പനീസ് നിർമാതാക്കൾപ്പോലും വില കുറയ്ക്കാൻ നാണം കെട്ട പണികളും ഫിനിഷും കാറുകൾക്കു നൽകുന്ന കാലത്ത് കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും ടിയാഗോ ഒന്നാം നമ്പർ. യുവത്വമാണ് മൂഖമുദ്ര. യുവ എക്സിക്യൂട്ടിവുകളെയും ചെറിയ കുടുംബങ്ങളെയും മനസ്സിൽക്കണ്ട് നിർമിതി. ടിയാഗോയ്ക്കായി മെസ്സി ഒരോ തവണയും ഫൻറാസ്റ്റിക്കോ പറയുന്നത് ഉള്ളിൽത്തട്ടി തന്നെയാണ്. ആരും അങ്ങനെയേ പറയൂ. 

Tata Tiago

∙ കണ്ടാൽ ചേല്: ഒതുക്കത്തിനു മുൻതൂക്കം. മനോഹരമായ രൂപം. ഭംഗിയുള്ള അലോയ് വീലുകളും ഹെക്സഗൺ ഗ്രില്ലും പുതിയ ടാറ്റ ലോഗോയും ശ്രദ്ധയിൽപ്പെടും. ഹ്യുണ്ടേയ് ഫ്ളൂയിഡിക് രൂപകൽപനയോടാണ് സാദൃശ്യമധികം. പ്രത്യേകിച്ച് വശക്കാഴ്ചയും പിൻ കാഴ്ചയും. കോപ്പിയടിയല്ല, രണ്ടു കാറുകളും കാലിക യൂറോപ്യൻ രൂപകൽപന പിന്തുടരുന്നു.

Tata Tiago

∙ ആഡംബരം: ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ആഡംബരം. ഇരട്ട നിറങ്ങളുള്ള ഡാഷ്ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ പുതുമയാണ്. എല്ലാ ടാറ്റകളും നൽകുന്ന അധികസ്ഥലം എന്ന മികവുണ്ട്. വലിയ സീറ്റുകൾ. 22 സ്റ്റോറേജ് ഇടങ്ങൾ. ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. 240 ലീറ്റർ ഡീക്കി. 

Tata Tiago

∙ തീയെറ്റർ സൗണ്ട്: വലിയ കാറുകൾ പോലും നൽകാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ്. 

Tata Tiago

∙ പേടിക്കേണ്ട: എ ബി എസ്, ഇ ബി ഡി, എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉയർന്ന മോഡലുകൾക്ക്. 14 ഇഞ്ച് അലോയ് വീലുകൾ.

∙ പണ്ടേ വന്നു: ഒാട്ടമാറ്റിക് പണ്ടേ വന്നെങ്കിലും ഇപ്പോൾ വിലക്കുറവുള്ള എക്സ് ടി എ മോഡലിനും ഒാട്ടമാറ്റിക് കിട്ടി. ക്ലച്ചും ഗിയറുമില്ലാത്ത കാർ.അതാണല്ലോ ഓട്ടമാറ്റിക്. എന്നാൽ ഇവിടെ എ എം ടിയാണ്. എ എം ടി ഓട്ടമാറ്റിക്കല്ല. മാനുവൽ ഗിയർ ബോക്സ് ഓട്ടമാറ്റിക്കായി മാറ്റിയിരിക്കുകയാണ്.

Tata Tiago

∙ നല്ല െെമലേജ്: മികച്ച ഇന്ധനക്ഷമത. മാനുവൽ ഗീയർ പോലെ തന്നെ. കുറഞ്ഞ അറ്റകുറ്റപ്പണി. ഓട്ടമാറ്റിക്കുകൾ കേടായാൽ തെല്ലു കഷ്ടപ്പെടും. എന്നാൽ  ഓട്ടമാറ്റിക്കായി രൂപാന്തരം പ്രാപിച്ച ഗീയർബോക്സാകട്ടെ മാനുവൽ ഗിയർബോക്സ് പോലെ ലളിതം. ശരാശരി ഉപയോഗത്തിൽ അറ്റകുറ്റപ്പണിയേ വരില്ല. 

Tata Tiago

∙ ക്ലച്ചേ വിട: ശക്തി സ്വയം നിയന്ത്രിക്കണമെന്നു നിർബന്ധമുള്ളവർ ഗീയർ നോബ് ഇടത്തേക്കു തട്ടിയാൽ മാനുവൽ മോഡിലെത്തും. പേടിക്കേണ്ട, ഇവിടെയും ക്ലച്ചു വേണ്ട. ഗീയർ മുകളിലേക്ക് കൊണ്ടു പോരാം താഴ്ക്കുകയുമാകാം. അഞ്ചാം ഗീയറിൽ കിടക്കുമ്പോൾ വേഗം കുറഞ്ഞാൽ വണ്ടി സ്വയം താഴേക്കു പോരും. എന്നാൽ താഴ്ന്ന ഗീയറിൽ നിന്നു മുകളിലേക്കു പോകില്ല. അതു കൊണ്ടു തന്നെ ഓവർ ടേക്കിങ്ങിനും മറ്റും ബുദ്ധിമുട്ടില്ല. റെവോട്രോൺ 1199 സി സി പെട്രോൾ എൻജിന്റെ 85 പി എസ് ശക്തി ധാരാളം. ഇന്ധനക്ഷമത 23.84

∙ വിലയും കുറഞ്ഞു: മാനുവൽ മോഡലിനെക്കാൾ അര ലക്ഷം കൂടുതൽ. എക്സ്ഷോറൂം വില 4.94 ലക്ഷം.

∙ ടെസ്റ്റ് ഡ്രൈവ്: എം കെ മോട്ടോഴ്സ് 8281151111