വരൂ ഒരു യാരിസ് വാങ്ങാം...

വയോസ് വരുമെന്നോർത്തു കാത്തിരുന്നവർക്ക് കുറച്ചുകൂടി പുതുമയുള്ള യാരിസുമായി ടൊയോട്ട. എറ്റിയോസ് ഇറങ്ങിയ കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് വയോസ് വരുമെന്ന കിംവദന്തികൾ. എറ്റിയോസിനെക്കാൾ മെച്ചപ്പെട്ട, കൂടുതൽ സൗകര്യങ്ങളും ആഡംബരവുമുള്ള ഒരു ടൊയോട്ട വരുന്നുവെന്ന വാർത്തയിൽ നിന്നു മെനഞ്ഞെടുത്ത നുണയായിരുന്നു വയോസ് എന്നു വേണം കരുതാൻ. അല്ലെങ്കിൽ യാരിസിനെക്കാൾ രണ്ടു ലക്ഷം രൂപയെങ്കിലും വിലക്കൂടുതലുള്ള വയോസ് ഇന്ത്യയിലെ ഇപ്പോഴത്തെ വിപണി പരിസ്ഥിതിയിൽ നല്ല തീരുമാനമായിരിക്കില്ല എന്നു ടെയോട്ട കരുതിയതാവാനും വഴിയുണ്ട്. എന്തായാലും നല്ല തീരുമാനം. വയോസിനെക്കാൾ ഇന്ത്യയ്ക്ക് ഇണങ്ങുക ആധുനികനായ യാരിസ് തന്നെ.

Toyota Yaris Test Drive

∙ യാരിസ്: കാംമ്രിയും കൊറോളയും പോലെ ടൊയോട്ടയുടെ ആഗോള കാറാണ് യാരിസ്. അമേരിക്കയും യൂറോപ്പുമടക്കം ലോകത്ത് എല്ലാ വിപണികളിലും ഇറങ്ങുന്ന കാർ. 1999 മുതൽ ഹാച്ച് ബാക്കായി യാരിസിന്റെ സാന്നിധ്യമുണ്ട്. യൂറോപ്പിലും ഏഷ്യയിലും യാരിസ് ഉത്പാദിപ്പിക്കുന്നുണ്ട്. അമേരിക്കയിലേക്ക് പോകുന്ന യാരിസ് ഫ്രാൻസിലാണ് നിർമിക്കുന്നത്. ഇന്ത്യയിലെ യാരിസ് മെയ്ക്ക് ഇൻ ഇന്ത്യ തന്നെ.

Toyota Yaris

∙ സെഡാൻ: ആഗോള വിപണിയിൽ യാരിസ് ഹാച്ച് ബാക്കാണെങ്കിൽ ഏഷ്യയിൽ യാരിസിന് ഒരു സെഡാൻ മോഡൽ കൂടിയുണ്ട്. ഇന്ത്യയ്ക്ക് കിട്ടുന്നത് സെഡാനാണ്. ഹാച്ച് ബാക്ക് ഇങ്ങോട്ടില്ലെന്നു ടൊയോട്ട വ്യക്തമാക്കുകയും ചെയ്തു. മധ്യനിര സെഡാൻ വിഭാഗത്തിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാൻ സണ്ണി, ഫോക്സ് വാഗൻ വെൻറോ, സ്കോഡ റാപിഡ് എന്നിവർ എതിരാളികൾ.

Toyota Yaris

∙ പ്രസക്തി: കാലികമായ ഒരു മധ്യനിര കാർ എന്നതാണ് യാരിസിന്റെ പ്രസക്തി. എറ്റിയോസിലും കുറച്ചു മുകളിൽ എറ്റിയോസ് തെളിച്ച പാതയിൽ നീങ്ങാനൊരു കാർ. അറ്റകുറ്റപ്പണി ഏതാണ്ട് പൂജ്യത്തിലെത്തിക്കുന്ന, പരിപാലനച്ചെലവ് രണ്ടായിരം രൂപയിൽത്താഴെയായി ഒരോ സർവീസിനും പരിമിതപ്പെടുത്തുന്ന, ഉപയോഗം കഴിഞ്ഞു വിറ്റാൽ പരമാവധി വില കിട്ടുന്ന എറ്റിയോസ് പാരമ്പര്യത്തിൽ കുറച്ചു കൂടി നല്ല കാർ. 

Toyota Yaris

∙ ഡീസൽ ഇല്ല: ഡീസൽ, പെട്രോൾ വിലയിലെ അന്തരം കുറഞ്ഞു വരുന്നു. പെട്രോൾ എൻജിനുകൾ കൂടുതൽ ഇന്ധനക്ഷമവും മികച്ചതും ആകുന്നു. വിലയിൽ ഒരു ലക്ഷം രൂപയെങ്കിലും കുറവുണ്ടാകുന്നു. എല്ലാത്തിനും പുറമെ ഈ വിഭാഗത്തിൽ വിൽപനയുടെ പാതിയിലധികവും പെട്രോൾ കാറുകളാകുന്നു. ഈ കാരണങ്ങൾ ടൊയോട്ടയെ ചിന്തിപ്പിച്ചു. ഫലം യാരിസിന് ഡീസൽ എൻജിൻ ഇല്ല.

Toyota Yaris

∙ ഒാട്ടമാറ്റിക്: മധ്യനിരയിൽ ഇനി ഒാട്ടമാറ്റിക്കുകള്‍ക്കാണു പ്രീതിയെന്നു മനസ്സിലാക്കി ആ മേഖലയിൽ പിടിമുറുക്കുകയാണ് ടൊയോട്ട. അത്യാധുനിക ഏഴു സ്പീഡ് സി വി ടി ഒാട്ടമാറ്റിക്കും പാഡിൽ ഷിഫ്റ്റുമൊക്കെയായി പുതിയൊരു െെഡ്രവിങ് അനുഭവമാണ് യാരിസ്. ഒാട്ടമാറ്റിക്കിന് എക്സ് ഷോറൂം വില 10 ലക്ഷത്തിനു താഴെമാത്രം.

Toyota Yaris

∙ ടൊയോട്ട: യാരിസിന് ടൊയോട്ട ലോഗോ അധികപ്പറ്റാണ്. ലോഗോയില്ലാതെ തന്നെ കണ്ടാൽ മനസ്സിലാകും ടൊയോട്ടയെന്ന്. പരമ്പരാഗത ടൊയോട്ട മുഖവും കൊറോളയോടു സാമ്യമുള്ള വശങ്ങളും പിൻഭാഗവുമെല്ലാം പറയുന്നു, ഞാനൊരു ടൊയോട്ടയാണ്.

Toyota Yaris

∙ ഫീച്ചേഴ്സ്: ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകൾ. ഇലക്ട്രിക് െെഡ്രവർ സീറ്റ് അഡ്ജസ്റ്റർ, റൂഫ് മൗണ്ടഡ് പിൻ എസി, പിന്നിൽ രണ്ട് പവർ സോക്കറ്റ്, ക്രൂസ് കൺട്രോൾ, പാഡിൽ ഷിഫ്റ്റ്, റെയിൻ സെൻസിങ് െെവപ്പർ, ലെതർ സീറ്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്, സോണാർ ഡിസ്പ്ലേ, പുഷ് സ്റ്റാർട്ട്... എഴുതിയാൽ തീരാത്തത്ര ഫീച്ചറുകൾ. പുറമെ എല്ലാ സുരക്ഷാ ഏർപ്പാടുകളും.

Toyota Yaris

∙ കാർ: കാഴ്ചയിൽ അന്തസ്സുള്ള കാർ. ആധുനികം. ഒരോ ഇഞ്ചിലും തുടിക്കുന്ന ടൊയോട്ട പാരമ്പര്യം. ഉള്ളിലെ ഫിനിഷ് കറുപ്പും ബെയ്ജും. ഡാഷ് ബോർഡിന് വരമ്പിടുന്ന ലെതർ സ്റ്റിച്ചിങ് ഫിനിഷ് സ്റ്റീയറിങ്ങിനുമുണ്ട്. സുഖകരമായ സീറ്റുകൾ, പിന്നിൽ ആം റെസ്റ്റ്, ആവശ്യത്തിന് സ്ഥലസൗകര്യം. മൊത്തത്തിൽ കൊള്ളാം.

Toyota Yaris

∙ ഒാട്ടം: 1496 സി സി പെട്രോൾ എൻജിൻ ടൊയോട്ടയുടെ ആധുനിക തലമുറയിൽ നിന്നാണ്. 107 പി എസ് ശക്തി. പെട്രോളിന് 17.1 കി മിയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 17.8 കി മിയും പരമാവധി ഇന്ധനക്ഷമത. െെഡ്രവിങ് ആയാസ രഹിതം. യാത്ര പരമ സുഖം. മികച്ച സസ്പെൻഷൻ പ്രത്യേക പരാമർശമർഹിക്കുന്നു.

∙ വില: എക്സ് ഷോറൂം 8.75 മുതൽ 14.16 ലക്ഷം വരെ.

∙ ടെസ്റ്റ്െെഡ്രവ്: നിപ്പോൺ ടൊയോട്ട 9847086007