മൈഗ്രേന്‍ മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഇതാ ഒരു നല്ലവാര്‍ത്ത

മൈഗ്രേന്‍  ഏറ്റവുമധികം അലട്ടുന്നത് സ്ത്രീകളെയാണ്. 25നും 55നും ഇയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇതിനുനുള്ള സാധ്യത ഏറ്റവും കൂടുതൽ. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മെഗ്രേന്‍ വരാനുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണ്. 

എന്നാല്‍ മൈഗ്രേന്‍ മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ടൈപ്പ്  2 ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത മൈഗ്രേനുള്ള സ്ത്രീകള്‍ക്ക് കുറവായിരിക്കുമെന്നു ജാമാന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മൈഗ്രേന്‍ ഉള്ളവര്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയാഘാതത്തിനു വരെ സാധ്യതകള്‍ ഉണ്ടെന്നു നേരത്തെ ചില പഠനങ്ങള്‍ പറഞ്ഞിരുന്നു. വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡീതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേനു കാരണമാകുന്നത്. 

മൈഗ്രേന്‍ രോഗമുള്ള സ്ത്രീകളില്‍ ടൈപ്പ്  2 ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത 30 ശതമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍  

ടൈപ്പ്  2 ഡയബറ്റിസ്  രോഗമുള്ള സ്ത്രീകളില്‍ മൈഗ്രേന്‍ രോഗത്തിന്റെ ആധിക്യം കുറവായിരിക്കുമെന്നും പുതിയ ഗവേഷണം പറയുന്നു. എന്തായാലും പ്രമേഹവും മൈഗ്രേനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനം.