തണുപ്പുകാലത്തെ പനി ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയയ്ക്ക് പോലും സാധ്യത

ഇതു തണുപ്പുകാലം... ശരീരവേദന, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കാനും മുട്ടു മടക്കാനുമുള്ള പ്രശ്നങ്ങൾ തുടങ്ങി പലവിധ ശാരീരിക പ്രയാസങ്ങൾ നേരിടുന്ന കാലം. ഇത്തവണ കേരളത്തിൽ പതിവിൽ കൂടുതൽ തണുപ്പുണ്ട്. ശരീരബലം മെച്ചപ്പെട്ട അവസ്ഥയിലുള്ള കാലമാണെങ്കിലും അമിതമായ തണുപ്പു നേരിടാനാവശ്യമായ ആഹാരങ്ങളും വിഹാരങ്ങളും ശീലിക്കേണ്ടത് ആവശ്യമാണ്. പൊതുവേ രാത്രിക്കു ദൈർഘ്യം കൂടുതലുള്ള സമയമാണിത്. തണുപ്പുകാലത്തു ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളുടെ തോതു വർധിക്കുന്നതിനാൽ വിശപ്പു കൂടും. 

വിയർപ്പ് അധികം അനുഭവപ്പെടാത്ത കാലാവസ്ഥയായതിനാൽ ദാഹം കുറയും. ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം, ദീർഘകാലമായി അസുഖബാധിതരായി കഴിയുന്നവർക്ക് അത് അധികരിക്കാൻ സാധ്യതയുള്ള കാലമാണ്. രോഗം നിയന്ത്രിക്കാനും പ്രയാസപ്പെടും ഈ സീസണിൽ. രോഗം അധികമായെന്നു പറഞ്ഞ് ആശുപത്രികളിൽ കൂടുതൽ പേരെത്തുന്നതും ഈ കാലത്താണ്. വയോജനങ്ങൾക്കു വൈറൽ പനിയും പകർച്ചവ്യാധികളും വരാനിടയുള്ള കാലമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്കു മാറാൻ സാധ്യതയുണ്ട്്. കുട്ടികൾക്കു വൈറൽ, ശ്വാസകോശ, അലർജിക് പ്രശ്നങ്ങൾ കൂടുതലാകുന്നതും ഈ കാലാവസ്ഥയിലാണ്. ചർമരോഗം, ചർമത്തിന്റെ വരൾച്ച തുടങ്ങിയ പ്രശ്നങ്ങളും പലർക്കും ഈ സമയത്തു നേരിടാറുണ്ട്.

പ്രതിരോധമാർഗങ്ങൾ
∙ വസ്ത്രം: വയോജനങ്ങൾ തണുപ്പുകാലത്തെ പ്രതിരോധിക്കാൻ പ്രത്യേക വസ്ത്രധാരണം ശീലമാക്കണം. തണുപ്പിൽനിന്നു ശരീരത്തെ രക്ഷിക്കാനാവശ്യമായ കമ്പിളിയും സ്വെറ്ററും മറ്റും വാങ്ങിസൂക്ഷിക്കണം. പനി പോലുള്ള സാധാരണ അസുഖങ്ങളായാലും ഈ സീസണിൽ കൃത്യമായ വൈദ്യസഹായം തേടണം. ചർമരോഗമുള്ളവർ ക്രീം പുരട്ടി ചർമത്തിന്റെ ഈർപ്പം നിലനിർത്തണം. ശ്വാസകോശരോഗമുള്ളവർ തണുപ്പേൽക്കാതെ ശ്രദ്ധിക്കണം. അതിരാവിലെ സ്കൂളിലേക്കുള്ള യാത്രയിൽ കുട്ടികൾക്കു കമ്പിളിത്തൊപ്പിയും മറ്റും സുരക്ഷയ്ക്കായി നൽകണം. ചെറു ചൂടുവെള്ളത്തിൽ ശരീരം കഴുകുന്നതു ശീലമാക്കാം.

∙ ഭക്ഷണം: ശരീരത്തിൽ ജലാശം നിലനിർത്തണം. കൂടുതൽ വെള്ളം കുടിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾക്കൊള്ളിക്കുന്നതു നന്ന്. ഫ്രിജിൽ സൂക്ഷിച്ച ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കാം.

∙ ജനലുകൾ  അടയ്ക്കാം: രാത്രികാലത്തു ജനൽ തുറന്നിട്ട് ഉറങ്ങുന്ന ശീലം ഒഴിവാക്കണം. രാത്രി വൈകുന്തോറും തണുപ്പു കൂടുന്നതിനാൽ ഇതു ശരീരത്തെ ബാധിക്കും. ഫാൻ വേഗത കുറച്ച് ഉപയോഗിക്കണം. എസി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

∙ വിണ്ടുകീറൽ തടയാം: ചർമം വിണ്ടുകീറുന്നതു തടയാൻ രാത്രി ചെറു ചൂടുവെള്ളത്തിൽ കാലുകൾ ‍മുക്കിവയ്ക്കാം. ക്രീമുകൾ ഉപയോഗിക്കാം. ചുണ്ടും മറ്റും വരണ്ടുപൊട്ടാതിരിക്കാൻ വെണ്ണ ഉപയോഗിക്കാം. കുളിക്കാൻ എണ്ണമയമുള്ള സോപ്പ് ഉപയോഗിച്ചാൽ നന്ന്.</p>

ഹോമിയോ ചികിത്സ

∙ ഈ സീസണിലെ രോഗങ്ങൾക്കു ഹോമിയോയിൽ മരുന്നുകളും പ്രതിരോധമാർഗങ്ങളുമുണ്ട്.

∙ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്ന സീസൺ ആണിത്. അതിൽതന്നെ രണ്ടു തരമുണ്ട്– പെട്ടെന്ന് വരുന്നവയും പണ്ടുള്ളവ കൂടുതലാകുന്നതും. തണുപ്പുകാരണം പെട്ടെന്നു വരുന്നവ, ശരീരത്തിനു പ്രതിരോധമുണ്ടെങ്കിൽ വേഗം മാറും. പ്രതിരോധമില്ലെങ്കിൽ അതു ന്യുമോണിയ പോലുള്ളവയായി മാറും. പഴയ അസുഖങ്ങൾ തണുപ്പുകാരണം ഗുരുതരാവസ്ഥയിലേക്കും നീങ്ങും. പ്രായമുമുള്ളവർക്ക് ഈ സീസണിൽ രോഗം കൂടും. ചർമരോഗങ്ങൾ കൂടുന്ന സീസൺകൂടിയാണിത്.

∙ സാധാരണ പനിയാണെന്നു കണക്കാക്കി മരുന്നുവാങ്ങി സ്വയം ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. രോഗി നേരിട്ടു ഡോക്ടറെ കണ്ടു പരിശോധിച്ചു ചികിത്സ തേടണം. അസുഖബാധിതരായ കുട്ടികളെ സ്കൂളിൽ വിടരുത്. രോഗം പകരുന്നതു തടയാം.

∙ ഭക്ഷണം അളവിനനുസരിച്ചു പാകം ചെയ്തു ഉപയോഗിച്ചുതീർക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. അതും അതാതു ദിവസം മാത്രം ഉപയോഗിക്കുക. നാടൻ ഭക്ഷണരീതി തുടരുന്നതാണു രോഗപ്രതിരോധത്തിനു നല്ലത്.

∙ ഈ സീസണിൽ ചില പ്രദേശങ്ങളിൽ പല രോഗങ്ങളും വ്യാപകമാകുന്നതു ശ്രദ്ധയിൽപ്പെടുന്നുണ്ട്. ഇത്തരം പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഹോമിയോ വിഭാഗത്തിൽ മരുന്നുകൾ സൗജന്യമായി വിതരണത്തിനു തയാറാണ്. സൗജന്യ ചികിത്സയ്ക്കു ജില്ലയുടെ ഏതു ഭാഗത്തുമെത്താൻ സന്നദ്ധമായി ഹോമിയോ വിഭാഗത്തിന്റെ റീച്ച് ടീമിന്റെ സഹായം ലഭിക്കും. ജില്ലാ ഹോമിയോ ഓഫിസ്, കലൂർ – 0484–2345687

ആയുർവേദത്തിൽ

∙ ഈ കാലാവസ്ഥയിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ പരിഹാരങ്ങളേറെ.

∙ ചർമരോഗങ്ങൾ: ശരീരത്തിൽ ആവശ്യത്തിനു ജലാംശം എത്തിക്കുകയാണു പരിഹാരം. ശുദ്ധജലം, ജ്യൂസ്, പാൽ ഒക്കെയാവാം. തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതു നല്ലതാണ്. അൽപം നെയ്യോ വെളിച്ചെണ്ണയോ ചേർത്ത ആഹാരങ്ങളും നല്ലത്. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും നന്നായി എണ്ണ തേച്ചു കുളിക്കുന്നതു ത്വക് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

∙ ശ്വാസമാർഗത്തിലെ അണുബാധകൾ: ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വസന വൈകല്യങ്ങൾ, ആസ്ത്മ എന്നിവ തണുപ്പുകാലത്തു കൂടും. അണുബാധയും അലർജിയും ഇതിനു കാരണമാണ്. ചുക്കു കാപ്പി ശീലിക്കുന്നതും ആവി പിടിക്കുന്നതും നല്ലത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ തേൻ, നെല്ലിക്ക തുടങ്ങിയവ ശീലിക്കാം. ഔഷധങ്ങൾ വൈദ്യ നിർദേശപ്രകാരം മാത്രം കഴിക്കുക.

∙ ദഹനപ്രശ്നങ്ങൾ: പുളിച്ചുതികട്ടൽ, വയർപെരുക്കം, വയറെരിച്ചിൽ, ദഹനക്കുറവ് എന്നിവ കൂടുതലായി കാണുന്നു. കൃത്യമായ സമയത്തു ചൂടുള്ള ആഹാരം കഴിക്കുക. ജങ്ക് ഫുഡ്, ഐസ്ക്രീം, തണുത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഗോതമ്പ്, അരി, ഉഴുന്ന്, പാൽ, പാലുൽപന്നങ്ങൾ, മാംസം, ശർക്കര, എള്ളെണ്ണ തുടങ്ങിയവ ആഹാരത്തിലുൾപ്പെടുത്താം.

∙ സന്ധിപ്രശ്നങ്ങൾ: മേൽവേദന, സന്ധിവേദന തുടങ്ങിയവ തണുപ്പുകാലത്തു വർധിക്കാറുണ്ട്. ചൂടുവെള്ളത്തിൽ കുളിക്കുക, ശരീരം സ്വയം പതുക്കെ തടവി കുളിക്കുക എന്നിവ നല്ലതാണ്. വ്യായാമം എന്തെങ്കിലും നിർബന്ധമായി ശീലിക്കുക. വേദനയല്ലേ എന്നുകരുതി തൈലപ്രയോഗങ്ങൾ നടത്തുംമുൻപ് അംഗീകൃത യോഗ്യതയുള്ള ആയുർവേദ ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.

∙ മൂത്രാശയ പ്രശ്നങ്ങൾ: ദാഹം കുറവായതിനാൽ വെള്ളം കുടിക്കുന്നതു കുറയാനും മൂത്രത്തിൽ അണുബാധയുണ്ടാകാനും സാധ്യത കൂടുതലാണ്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും ശ്രദ്ധിക്കുക.

∙ കണ്ണ് ചൊറിച്ചിൽ: കണ്ണ് ചൊറിച്ചിൽ, തരുതരുപ്പ്, ചുവപ്പ്, വെള്ളം വരൽ എന്നിവ സർവസാധാരണം. കണ്ണു തിരുമ്മുന്നതും തുള്ളിമരുന്നു സ്വയം വാങ്ങിയൊഴിക്കുന്നതും ഒഴിവാക്കുക. ശുദ്ധജലത്തിൽ കണ്ണു കഴുകുക. കാരറ്റ്, മുരിങ്ങയില എന്നിവ ധാരാളം ചേർത്ത സൂപ്പ് വെണ്ണ ചേർത്തു കഴിക്കുന്നതു നേത്രസംരക്ഷണത്തിനു നല്ലതാണ്.

∙ ഈ കാലാവസ്ഥയിൽ കട്ടിയുള്ള പരുത്തിവസ്ത്രം ഉപയോഗിക്കുക. തണുത്ത കാറ്റും മഞ്ഞും ഉച്ചവെയിലും ഒഴിവാക്കുക. അസമയത്തെ ആഹാരം, എരിവു കൂടിയ ആഹാരം, പകലുറക്കം, ഉപവാസം എന്നിവ ഒഴിവാക്കുക. പാദസംരക്ഷണത്തിനു പ്രത്യേക ശ്രദ്ധ നൽകുക.

∙ തീവ്രമായ പകർച്ചവ്യാധി പകരുന്ന കാലമല്ലെങ്കിലും ഭാരതീയ ചികിത്സാ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ചികിത്സയ്ക്കു സജ്ജമാണ്. ചികിത്സാ ക്യാംപുകൾ ആവശ്യമുള്ളവർക്കു ബന്ധപ്പെടാം: 0484–2335592.

വിവരങ്ങൾക്കു കടപ്പാട്:

∙ ഡോ. ബി. പത്മകുമാർ (പ്രഫസർ ഓഫ് മെഡിസിൻ, ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് )

∙ ഡോ. മുഹമ്മദ് റഫീഖ് (ഗവ. ഡോമിയോ മെഡിക്കൽ ഓഫിസർ, കുന്നുകര ഗവ. ഹോമിയോ ഡിസ്പെൻസറി)

∙ ഡോ. കെ. നിഷ (ഗവ. ആയുർവേദ ഡിസ്പെൻസറി, ഏഴിക്കര)