പുരുഷന്മാരെക്കാൾ സ്ത്രീകളിൽ നടുവേദന കൂടാൻ കാരണം?

ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജൻമനാലുള്ള വൈകല്യങ്ങളെത്തുടർന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാൽ നടുവേദന ഉണ്ടാകാം. വേദനയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ചികിൽസയും സങ്കീർണമാകും. 

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത്. ഇന്ന് പുരുഷനും സ്ത്രീയും ഒരുപോലെ തൊഴിലുകൾ ചെയ്യുകയും ഒപ്പം സ്ത്രീകൾ വീട്ടുജോലികളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത് നടുവേദന കൂടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഗർഭാശയ സംബന്ധമായ രോഗങ്ങളെക്കൊണ്ടും ആർത്തവാനുബന്ധ പ്രശ്നങ്ങളെക്കൊണ്ടും ജീവിതത്തിലെ ഓരോ കാലഘട്ടത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന കാൽസ്യം, വൈറ്റമിനുകൾ എന്നിവയുടെ കുറവു കൊണ്ടും സ്ത്രീകളിൽ നടുവേദന അധികരിക്കാം. 

നടുവിന് കൂടുതൽ ക്ഷതവും ആയാസവുമുണ്ടാക്കുന്ന യാത്രകൾ നിത്യവും ചെയ്യുന്നത് നടുവേദനയിലേക്ക് നയിക്കും. ഇതു പലപ്പോഴും ചെറിയ വേദനയിൽ തുടങ്ങി അസഹനീയമായി മാറുന്നതായാണ് കാണുന്നത്. 

ശാരീരിക ആയാസമുള്ള ജോലികൾ, ആഹാരരീതിയിൽ വന്ന വ്യത്യാസങ്ങൾ, പോഷകം കുറഞ്ഞ ആഹാരങ്ങൾ കഴിക്കുന്നത് തുടങ്ങിയവ പുരുഷൻമാരിൽ നടുവേദനയ്ക്കു കാരണമാകുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം, ട്യൂമർ, മൂത്രാശയ സംബന്ധമായ രോഗാവസ്ഥകൾ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം. 

രോഗകാരണം കണ്ടെത്തി അതിനെ ഇല്ലാതാക്കുക തന്നെയാണ് പ്രതിവിധിയായി ആദ്യം ചെയ്യാൻ സാധിക്കുന്നത്. ജിവിതശൈലിയിൽ ആർജ്ജിച്ചെടുക്കുന്ന കാരണങ്ങൾ കൊണ്ടാണ് 60 ശതമാനം നടുവേദനയും ഉണ്ടാകുന്നത്. വളരെ ചെറിയ ശതമാനം മാത്രം ജനിതകപരമായി, നമ്മുടെ വെട്ടിബ്രൽ കോളത്തിനു വരുന്ന വൈകല്യങ്ങളാൽ ഉണ്ടാകുന്നു. ജീവിതശൈലീ ക്രമീകരണത്തിലൂടെതന്നെ പലപ്പോഴും ഇത് അകറ്റാനും സാധിക്കും.