അത്യുപൂർവ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി; ചരിത്രവിജയവുമായി കോഴിക്കോട് മെഡിക്കൽകോളജ്

വയോധികയുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ അത്യപൂർവ ശസ്ത്രക്രിയ വിജയം കണ്ടു. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയ അറുപത്തൊൻപതുകാരിക്ക് വെളിച്ചം തിരിച്ചുനൽകിയത് ഫ്ലോ ഡൈവെർട്ടർ ചികിത്സയിലൂടെ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ആശുപത്രിയായി. ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിലാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

വയോധിക രണ്ടുമാസം  മുൻപാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്.  എംആർഐ സ്കാനിങ്ങിൽ രോഗകാരണം കണ്ടെത്തി. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന ഞെരമ്പിൽ‍ അന്യൂറിസം എന്ന രോഗം ബാധിച്ചിരുന്നു. രക്തക്കുഴൽ കുമിള പോലെ വീർത്തുപൊട്ടുന്ന അവസ്ഥയാണ് അന്യൂറിസം. തുടർ‍ന്ന് ന്യൂറോളജി, ന്യൂറോസർജറി, ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് ‘ഫ്ലോ ഡൈവെർട്ടർ’ ചികിത്സ നിശ്ചയിച്ചത്.

പ്രത്യേകം രൂപകൽപന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം രക്തക്കുഴലിലൂടെ കടത്തിവിട്ടു. ഇതുവഴി കുമിളയിലേക്കുള്ള രക്തപ്രവാഹം തടഞ്ഞു. പഴയ രീതിയിൽ രക്തമൊഴുകാനുള്ള സൗകര്യമൊരുക്കി. ഇതോടെ വയോധികയുടെ കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു.

ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിലെ ഡോ.വി.ആർ. രാജേന്ദ്രൻ, ഡോ. ദേവരാജൻ, അനസ്തീസിയ വിഭാഗത്തിലെ  ഡോ. കെ. മുബാറക്, ഡോ.പി. രാധ,ന്യൂറോളജി വിഭാഗത്തിലെ ഡോ. ജയിംസ് ജോസ്, ഡോ. അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ പൂർത്തിയാക്കിയത്.

വിദഗ്ധ ചികിത്സയുമായി ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിലെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിൽ അന്യൂറിസം കോയ്‌ലിങ്, തലച്ചോറിലെ രക്തക്കുഴൽ സംബന്ധമായ അസുഖങ്ങൾക്കുള്ള എംബൊളൈസേഷൻ ചികിത്സ, കരോട്ടിഡ് ആർട്ടറി സ്റ്റെന്റിങ് , പുകവലി മൂലം കാലിലെ രക്തക്കുഴൽ അടഞ്ഞുണ്ടാകുന്ന വ്രണങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ചികിത്സ, വെരിക്കോസ് വെയ്‌നിനുള്ള ലേസർ ചികിത്സ, ഗർഭപാത്ര മുഴകൾക്കുള്ള എംബൊളൈസേഷൻ ചികിത്സ, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിനുള്ള എംബൊളൈസേഷൻ ചികിത്സ, കരളിലെ കാൻസറിനുള്ള എംബൊളൈസേഷൻ ചികിത്സ തുടങ്ങിയവ ലഭ്യമാണ്.