മുട്ടയുടെ വെള്ളയ്ക്ക് ഇത്രയും ഗുണങ്ങളോ?

മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ പൊരിച്ചോ ഏതെങ്കിലും രൂപത്തിൽ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം.

മുട്ടയുടെ മഞ്ഞക്കുരു കൊളസ്ട്രോൾ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോൾ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. മുട്ടയുടെ വെള്ളയ്ക്ക് ചില ഗുണങ്ങൾ ഒക്കെയുണ്ട്.

∙ കൊളസ്ട്രോൾ ഇല്ല

മുട്ടയുടെ മഞ്ഞക്കുരു നീക്കുമ്പോൾ കൊളസ്ട്രോളും ഇല്ലാതാകുന്നു. അതുകൊണ്ടു തന്നെ കൊളസ്ട്രോൾ കൂടുതലുഉള്ളവർക്ക് മുട്ടയുടെ വെള്ള ധൈര്യമായി കഴിക്കാം. കൊളസ്ട്രോൾ കൂടുമെന്നോ ഹൃദ്രോഗം വരുമെന്നോ ഉള്ള പേടി വേണ്ട..

മുട്ട വെജോ നോൺ വെജോ?

∙ പ്രോട്ടീനുകളാൽ സമ്പന്നം‌

മുട്ടയുടെ വെള്ളയിൽ കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) ഉണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. പേശികളുടെ നിർമാണത്തിന് ഈ പ്രോട്ടീൻ സഹായകമാണ്. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി വിശപ്പിനെ നിയന്ത്രിക്കാനും ഈ പ്രോട്ടീനുകൾ സഹായിക്കുന്നു.

∙ കാലറി കുറവ്

മുട്ട കാലറി കുറഞ്ഞ ഭക്ഷണമാണ്. മഞ്ഞക്കുരു നീക്കുമ്പോൾ കാലറിയുടെ അളവ് പിന്നെയും കുറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുട്ടയുടെ വെള്ള.‌

ദിവസം ഒരു മുട്ട കഴിച്ചാൽ?

∙ രക്തസമ്മർദം നിയന്ത്രിക്കുന്നു

മുട്ടയുടെ വെള്ളയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാനും  നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ ഒരു പഠനത്തിൽ മുട്ടയുടെ വെള്ളയിൽ RVPSL എന്ന പെപ്റ്റൈഡ് അടങ്ങിയിട്ടുണ്ട് എന്നും ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനിന്റെ ഘടകമാണ് എന്നും പറയുന്നു.

∙ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

മുട്ടയുടെ വെള്ളയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കുന്നു. രക്തക്കുഴലുകളുടെ വീതി കൂട്ടുക വഴി രക്തപ്രവാഹം സുഗമമാക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത തടയാനും സഹായിക്കുന്ന പ്രക്രിയയ്ക്ക് (Vasodilation) പൊട്ടാസ്യം സഹായമാകുന്നു.

∙ ജീവകങ്ങൾ

മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്ലേവിൻ മുട്ട വെള്ളയിൽ ഉണ്ട്. ഇത് പ്രായമാകലുമായി ബന്ധപ്പെട്ട പേശികളുടെ നാശം തടയാനും തിമിരം, മൈഗ്രേൻ ഇവ തടയാനും സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞക്കുരു നീക്കി ഒരു ഗുണവുമില്ലാത്ത വെള്ളയാണ് കഴിക്കുന്നത് എന്ന് ഇനി പറയില്ലല്ലോ അല്ലേ?

Read More : Healthy Food