ആഹാരത്തിനു ശേഷം മാങ്ങ കഴിച്ചാൽ?

വേനല്‍ക്കാലം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓര്‍മവരിക മാമ്പഴക്കാലമെന്നു കൂടിയാകും. വര്‍ഷത്തില്‍ എല്ലാ സീസണിലും മാങ്ങ ലഭിക്കാറില്ല. എന്നാല്‍ വേനല്‍ക്കാലമായാല്‍ യഥേഷ്ടം ലഭിക്കുന്ന പഴമാണ് മാങ്ങ. മാങ്ങ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മധുരം മാത്രമല്ല മാങ്ങ തരുന്നതെന്ന് അറിയാമോ ? നല്ല ഒന്നാംതരമായി ഭാരം കുറയ്ക്കാനും മാങ്ങ സഹായിക്കും. അത് എങ്ങനെയെന്നു നോക്കാം. 

സീസണ്‍ അനുസരിച്ചുള്ള പഴവര്‍ഗങ്ങള്‍ എന്നും ആരോഗ്യത്തിനു ഗുണകരമാണ്. ഓരോ കാലത്തും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ സീസണ്‍ പഴങ്ങളിലൂടെ ലഭിക്കാറുണ്ട്. ജീവിതചര്യാരോഗങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് ഇത് ഉപകരിക്കും. ഫാറ്റ്, വൈറ്റമിനുകളായ ബി6, എ, സി, അയണ്‍, മഗ്നീഷ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം ഉള്ളതാണ് മാങ്ങ.

 ഗ്ലൈസെമിക് ഇൻഡക്സ് (GI) 41-60 ഇടയിലാണ് മാങ്ങയിലുള്ളത്. GI  55-ൽ കുറഞ്ഞാല്‍ അത് പോഷകം കുറഞ്ഞ ആഹാരമെന്നും 70 ല്‍ കൂടിയാല്‍ പോഷകം ധാരാളമുള്ള ആഹാരം എന്നുമാണ് പറയുന്നത്. അങ്ങനെ നോക്കിയാല്‍ മാങ്ങയില്‍ ഇത് ശരിയായ അളവിലാണ്. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും മാങ്ങ സുരക്ഷിതമാണ്. അമിതമാകാതെ സൂക്ഷിച്ചാല്‍ മാത്രം മതി. 

ഭാരക്കുറയ്ക്കാനും അതുകൊണ്ട് മാങ്ങ വഴി സാധിക്കും. ആഹാരം കഴിച്ച ശേഷം മാങ്ങ കഴിക്കുന്നത്‌ ചിലരുടെ ശീലമാണ്. ഈ പ്രവര്‍ത്തി ഭാരം കൂട്ടാനേ സഹായിക്കൂ എന്ന് ഓര്‍ക്കുക. മറിച്ച് ഇടക്കിടെയുള്ള സ്നാക്സ് കഴിക്കല്‍ നിര്‍ത്തി ആ സ്ഥാനത്ത് മാങ്ങ കഴിച്ചു നോക്കൂ. ഭാരം നിയന്ത്രിക്കാന്‍ അതുവഴി സാധിക്കും. 

വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിന് മുപ്പതു മിനിറ്റ് മുന്‍പ് മാങ്ങ കഴിക്കുന്നത്‌ എനര്‍ജി ലെവല്‍ ഉയര്‍ത്താനും സഹായിക്കും. ഇതിലെ കാര്‍ബോഹൈഡ്രേറ്റും വൈറ്റമിനുകളുമാണ് അതിന് സഹായിക്കുന്നത്‌.

Read More : Healthy Food