പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്.  

ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ, ഏത്തപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം ഇവയും പാവയ്ക്കയിൽ ഉണ്ട്. 

പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുമുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്. 

പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ

1. രക്തം ശുദ്ധീകരിക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചർമത്തിലെ പാടുകൾ, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്. 

2. ശരീരഭാരം കുറയ്ക്കുന്നു: കൊഴുപ്പിന്റെ  ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങൾ സ്രവിപ്പിക്കാൻ കരളിനെ ഉത്തേജിപ്പിക്കാൻ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ. ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് ഇതു കൊണ്ടുതന്നെ പാവയ്ക്ക മികച്ച ഒരു ചോയ്സ് ആണ്.

3. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു: പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനു സഹായിക്കുന്നു. 

4. പ്രമേഹത്തിന്: പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി (Polypeptide P) എന്ന പ്രോട്ടീൻ ഉണ്ട്. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.  

5. മുഖക്കുരു അകറ്റുന്നു: മുഖക്കുരു അകറ്റാനും ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. 

6. ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു. 

Read More : Healthy Food