ഇതാ 2018 കാത്തുവച്ച മികച്ച വീടുകൾ!

പ്രളയദുരിതത്തിൽ നിരവധി ഭവനങ്ങൾ കണ്ണീർവീടുകളായി മാറിയ വർഷമാണ് കടന്നുപോകുന്നത്. ഒരു സ്റ്റാറ്റസ് സിംബൽ എന്ന നിലയിൽനിന്നും ആവശ്യകത എന്ന നിലയിലേക്ക് വീടിനെക്കുറിച്ചുള്ള മലയാളികളുടെ മനോഭാവം മാറാൻ പ്രളയം പാഠമായി.  2018ൽ  പ്രസിദ്ധീകരിച്ച അനേകം വീടുകളിൽ നിന്നും പത്തുവീടുകൾ ഇവിടെ സംക്ഷിപ്തമായി പുനരവതരിപ്പിക്കുന്നു.

6 സെന്റ്, 14 ലക്ഷം; കീശ കാലിയാകാതെ വീട് റെഡി...

എന്റെ പേര് ശിഹാബ്. ഏറെക്കാലത്തെ സ്വപ്നമായ വീട് പണിയാൻ പുറപ്പെടുമ്പോൾ പരിമിതികൾ ഏറെയുണ്ടായിരുന്നു. ആകെയുള്ളത് ആറു സെന്റ് പ്ലോട്ടാണ്. പ്ലോട്ട് പോലെ തന്നെ പോക്കറ്റും പരിമിതമായിരുന്നു. ചെറിയ ബജറ്റിൽ, കാണാൻ ഭംഗിയും സൗകര്യവുമുള്ള വീട് പണിതുതരണം എന്ന് ഡിസൈനർ അസർ ജുമാനോട് ആവശ്യപ്പെട്ടു. ജുമാൻ എന്റെ പ്രതീക്ഷയ്ക്കപ്പുറം വീട് പണിതു തന്നു.

പ്ലോട്ടിലെ മരങ്ങൾ പരമാവധി നിലനിർത്തിയാണ് വീട് പണിതത്. മുറ്റം ചരൽ വിരിച്ചു. 1200 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റ്ഔട്ട്,  ലിവിങ്, ഡൈനിങ്, അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ ഒരുക്കിയിരിക്കുന്നു. പുറംകാഴ്ചയിൽ ഭംഗി വേണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് എലിവേഷനിൽ വൈറ്റ്, യെലോ നിറങ്ങൾ നൽകി. അകത്തളത്തിൽ ഇളംനിറങ്ങളും നൽകി. 

ചെലവ് കുറച്ച ഘടകങ്ങൾ 

  • ലളിതമായി ഫ്ലാറ്റ് റൂഫ് എലിവേഷൻ ഒരുക്കി. വെട്ടുകല്ലും ആർ സി സിയുമാണ് നിർമാണത്തിന് ഉപയോഗിച്ചത്.
  • ജനൽ, വാതിൽ, കട്ടിളകൾ, ഊണുമേശ, കസേരകൾ ജിഐ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ പെയിന്റ് ഫിനിഷ് നൽകി.താരതമ്യേന വില കുറഞ്ഞ സെറാമിക് ടൈലുകളാണ് നിലത്തു വിരിച്ചത്.
  • ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
  • എംഡിഎഫ്, പ്ലൈവുഡ് എന്നിവയാണ് വാതിലും ജനാലകളും നിർമിക്കാൻ ഉപയോഗിച്ചത്.
  • അടുക്കളയിലും, കിടപ്പുമുറിയിലും വാഡ്രോബുകൾക്കും ഷട്ടറുകൾക്കും വി ബോർഡ് ഉപയോഗിച്ചു.

എന്റെ അളിയനാണ് നിർമാണസമയത്ത് മേൽനോട്ടം വഹിച്ചത്. ചുറ്റുമതിലും ഇൻഡസ്ട്രിയൽ വർക് ചെയ്തു തന്നത് അദ്ദേഹമാണ്. മൊത്തത്തിൽ ചെലവ് കുറയ്ക്കുന്നതിന് ഡിസൈനറുടെ ഇടപെടലുകളും അളിയന്റെ മേൽനോട്ടവും സഹായകരമായി. ചെലവ് കുറച്ചു സൗകര്യങ്ങളുള്ള വീട് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും.

പൂർണവായനയ്ക്ക്

****

3 സെന്റ്, 20 ലക്ഷം; അവിശ്വസനീയം ഈ വീട്!...

എന്റെ പേര് ജ്യോതിഷ്. പെരിന്തൽമണ്ണയാണ് സ്വദേശം. സ്വന്തമായി ഒരു വീട് ആഗ്രഹിച്ചപ്പോൾ മുതൽ പ്രതിബന്ധങ്ങൾ ഒരുപാടുണ്ടായിരുന്നു. ആകെയുള്ളത് മൂന്നു സെന്റ് സ്ഥലമാണ്. പിന്നെ കൈവശമുള്ളത് ചെറിയ 'പോക്കറ്റും'. എന്നാൽ മോഹങ്ങൾ അതിവിശാലമായിരുന്നു. 

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1250 ചതുരശ്രയടിയുള്ള വീട്ടിൽ ഒരുക്കിയത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിന് ഫ്ലാറ്റ് റൂഫാണ് നൽകിയത്. മുറ്റത്ത് ബേബി മെറ്റൽ വിരിച്ചു. അകത്തേക്ക് കയറിയാൽ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് പറയുകയേയില്ല. ബ്രൗൺ–ഐവറി നിറങ്ങളാണ് പുറംഭിത്തികളിൽ നൽകിയത്.

ഇടച്ചുവരുകൾ ഇല്ലാതെ ഓപ്പൺ ശൈലിയിലാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലത നൽകുന്നു. കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങൾ വേണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അതിനാൽ ധാരാളം ജാലകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ലളിതമായാണ് ബെഡ്റൂമുകൾ ഒരുക്കിയത്. എന്നാൽ സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി. സ്ട്രക്ച്ചറും ഫർണിഷിങ്ങും അടക്കം 20 ലക്ഷത്തിനു ഞങ്ങളുടെ സ്വപ്നഭവനം സാധ്യമായി. വീടിന്റെ ഫുൾ ക്രെഡിറ്റും ഞങ്ങൾ നൽകുന്നത് സുഹൃത്തായ സന്ദീപിനാണ്. 

പൂർണവായനയ്ക്ക്

****

രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!...

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേവലം രണ്ടാഴ്ച കൊണ്ട് നിർമിച്ച ഈ വീടിന്റെ നിർമാണച്ചെലവ് ആറര ലക്ഷം രൂപ മാത്രമാണ്!

560 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭൂനിരപ്പിൽ നിന്നും ഒന്നരമീറ്റർ ഉയർത്തി പില്ലർ നൽകിയാണ് വീടിന്റെ അടിത്തറ നിർമിച്ചത്. വീടിന്റെ ചട്ടക്കൂട് മുഴുവൻ ജിഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിക്കുന്ന റാപിഡ് കൺസ്ട്രക്ഷൻ രീതിയാണ് ഇവിടെ അവലംബിച്ചത്.

ഫൈബർ സിമന്റ് ബോർഡാണ് ഭിത്തികൾക്ക് ഉപയോഗിച്ചത്. ഭാരം കുറവ്, ഈർപ്പത്തെ പ്രതിരോധിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട് ഫൈബർ സിമന്റ് ബോർഡിന്. വെള്ളപ്പൊക്കം വന്നാൽ കേടുവരാത്ത വിധത്തിൽ നിർമിച്ച ഇത്തരം നൂറോളം പ്രീഫാബ് വീടുകൾ വിവിധ ഭാഗങ്ങളിൽ കേരളത്തിന്റെ പുനർനിർമിതിക്കായി ഒരുക്കുകയാണ് തണൽ. വയനാട് പനമരത്ത് രണ്ടാഴ്ച കൊണ്ട് 16 വീടുകൾ നിർമിക്കുന്നതാണ് തണലിന്റെ അടുത്ത ദൗത്യം.

പൂർണവായനയ്ക്ക്

****

ഒരു സെന്റ്, 5.5 ലക്ഷം! വളരുന്ന വീട് റെഡി...

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയദുരന്തത്തിനുശേഷം പുനരധിവാസ പ്രവർത്തങ്ങളുടെ മുന്നണിയിൽ ആർക്കിടെക്ട് ജി. ശങ്കറും ഉണ്ടായിരുന്നു. ദുരന്തഭൂമികളിൽ ഉടനീളം സഞ്ചരിച്ച് അദ്ദേഹം തയാറാക്കിയ നിർദേശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രളയാനന്തര കേരളത്തിന് മാതൃകയാക്കാവുന്ന ഒരു നിർമാണരീതിയുമായി ശ്രദ്ധ നേടുകയാണ് അദ്ദേഹം വീണ്ടും. 

തിരുവനന്തപുരത്ത് ജഗതി ഡിപിഐ ജംക്‌ഷനു സമീപം ഒരു സെന്റിൽ 23 ദിവസം കൊണ്ടാണ് ശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഈ വീട് പൂർത്തിയാക്കിയത്. 500 ചതുരശ്രയടിയുള്ള ഈ വീടിന് ചെലവ് 5.5 ലക്ഷം മാത്രം. സംസ്ഥാന പൊലീസിനു വേണ്ടി പുനരധിവാസ മാതൃക എന്ന നിലയിലാണ് ഈ കെട്ടിടം നിർമിച്ചത്. വളരുന്ന വീട് എന്ന ആശയത്തിലാണ് നിർമാണം. കോൺക്രീറ്റ് തൂണുകളിൽ ഉയര്‍ത്തിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. താഴത്തെ നില സ്‌റ്റോറേജിനായോ മറ്റ് ആവശ്യങ്ങൾക്കായോ മാറ്റിവയ്ക്കാം. 

ഉപയോഗശൂന്യമായ ഓടുകൾ കൊണ്ട് ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തത്. ചിരട്ട, സംസ്കരിച്ച മുള എന്നിവയും മേൽക്കൂരയിൽ ഉപയോഗിച്ചിട്ടുണ്ട്. മൺകട്ടകൊണ്ടാണ് ചുമരുകൾ നിർമിച്ചത്. ഇതിനു മുകളിൽ ടെറാക്കോട്ട ഫിനിഷുള്ള പെയിന്റ് നൽകി.  സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി ക്രമീകരിക്കാം. 

താഴെയും മുകളിലും ഒരു കിടപ്പുമുറി വീതം ക്രമീകരിച്ചു. ആവശ്യമെങ്കിൽ ഭാവിയിൽ മുറികൾ കൂട്ടിച്ചേർക്കാൻ പാകത്തിൽ ടെറസ് ഒഴിച്ചിട്ടിട്ടുണ്ട്‌. ഗോവണിക്കു മുകളിൽ സ്‌കൈലൈറ്റും എയർ വെന്റുകളും നൽകിയതിനാൽ പകൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യം വരുന്നില്ല. ഇനി നമുക്ക് വേണ്ടത് പരിസ്ഥിതി സൗഹൃദമായ നിർമാണരീതികളാണ്. അതിനു മാതൃകയാവുകയാണ് ഈ വീട്.

പൂർണവായനയ്ക്ക്

****

വിശ്വസിച്ചേ മതിയാകൂ, ഇതുരണ്ടും ഒരേ വീടാണ്!...

പുതിയ കാലത്തിന്റെ സൗകര്യങ്ങളിലേക്കും പറിച്ചുനട്ടിരിക്കുന്നു. പഴയ വീടിന്റെ വിദൂരഛായ പോലും തോന്നാത്ത വിധത്തിൽ മാറ്റിയെടുത്തതാണ് ഹൈലൈറ്റ്. 5 സെന്റ് സ്ഥലത്ത് 6000 ചതുരശ്രയടിയിലാണ് പുതിയ വീട് നിലകൊള്ളുന്നത്. പഴയ വീടിന്റെ അടിസ്ഥാന ഘടന മാറ്റാതെ പുതിയ ഇടങ്ങൾ കൂട്ടിച്ചേർത്താണ് പുനരുദ്ധരിച്ചത്. മേൽക്കൂര തന്നെ ചുമരുകളായി മാറുംവിധമാണ് ചിലയിടങ്ങളിൽ ക്രമീകരിച്ചത് എന്നത് കൗതുകകരമാണ്.

പ്രകൃതിയുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന നിർമാണമാണ് അവലംബിച്ചത്. മരങ്ങൾ മുറിക്കാതെയാണ് വീട് വികസിപ്പിച്ചത്. മുറ്റം ഇന്റർലോക്ക് ചെയ്യാതെ ബഫലോ ഗ്രാസ് വിരിച്ചിരിക്കുന്നു.  ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, കോർട്‌യാർഡ് എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്. 

മാറ്റങ്ങൾ

  • കോൺക്രീറ്റ് റൂഫിൽ സ്റ്റീൽ ട്രസ് വർക്ക് ചെയ്ത് ടൈൽ വിരിച്ചു.
  • താഴത്തെ നിലയിൽ സിറ്റ്ഔട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ, പൂൾ എന്നിവ കൂട്ടിച്ചേർത്തു.
  • ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലേക്ക് മാറ്റിയെടുത്തു.
  • മാസ്റ്റർ ബെഡ്റൂമിനോട് ചേർന്നുള്ള തുറന്ന ഇടം പാഷ്യോ ആക്കിമാറ്റി.
  • പഴയവീടിന്റെ സൺഷെയ്ഡ് റൂഫ് ബാൽക്കണിയാക്കി മാറ്റി.

അനാവശ്യ ഇടച്ചുമരുകൾ പൊളിച്ചു കളഞ്ഞതോടെ വീട് ഓപ്പൺ ശൈലിയിലേക്ക് മാറി. ഗോവണിയുടെ താഴെ ഫാമിലി ലിവിങ് ഒരുക്കി സ്ഥലം ഉപയുക്തമാക്കി.  വീട്ടിലെത്തുന്ന അതിഥികളുടെ പ്രധാന ആകർഷണം വാട്ടർബോഡി തന്നെയാണ്. ഇവിടേക്ക് കാഴ്ച ലഭിക്കുംവിധമാണ് ഇടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അടഞ്ഞ ഭിത്തികൾക്ക് പകരം ലൂവറുകളും ഗ്ലാസ് ജാലകങ്ങളും നൽകി. ഇതിലൂടെ സ്വാഭാവിക പ്രകാശം അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ബാൽക്കണി ഒരു പ്രധാന ഡിസൈൻ എലമെന്റാണ്. പരമ്പരാഗത ശൈലിയിൽ ചാരുപടികൾ നൽകിയാണ് ബാൽക്കണി ഒരുക്കിയത്.  

പൂർണവായനയ്ക്ക്

തുടരും...