20 ലക്ഷത്തിന് ആഡംബര വീട് പണിതാലോ!

പഴയ വീടിനെ പുതിയ കാലത്തേക്ക് ഒന്നു മിനുക്കിയെടുത്തതാണ് ഈ പ്രോജക്ട്. പഴയ മുറികളിൽ സ്ഥലപരിമിതികൾ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ച് ചിന്തിച്ചത്. മലപ്പുറം എടപ്പാളിൽ 10 സെന്റ് പ്ലോട്ടിൽ 2700 ചതുരശ്രയടിയാണ് പുതിയ വീടിന്റെ വിസ്തീർണം. സമകാലിക ട്രഡീഷണൽ ശൈലികൾ പുറംകാഴ്ചയിൽ സംഗമിക്കുന്നു. 

പുറംകാഴ്ചയിലെ കൗതുകം ലാൻഡ്സ്കേപ്പിങ്ങിൽ നൽകിയിരിക്കുന്ന ടെൻസൈൽ റൂഫിങ്ങാണ്. നാച്വറൽ സ്‌റ്റോൺ വിരിച്ചാണ് മുറ്റം ഒരുക്കിയത്. ജിഐ പെയിന്റ് ഫിനിഷ് നൽകിയാണ് ഗെയ്റ്റ് ഒരുക്കിയത്.

ഇടച്ചുവരുകൾ കളഞ്ഞു അകത്തളം ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയത്.  സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ഫോർമൽ, ഫാമിലി ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി ഏരിയ ക്രമീകരിച്ചു.

പഴയ ഗോവണി നിലനിർത്തി പോളിഷ് ചെയ്തെടുത്തു. തടിയും ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ നിറയുന്നത്. ഗോവണിയുടെ താഴെയായി വരുംവിധം ഊണുമേശ ക്രമീകരിച്ചു. ഗോവണിയുടെ വശത്ത് ഡബിൾ ഹൈറ്റ് സീലിങ്ങിൽ ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും നൽകി.

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഒരുവശത്തെ ഭിത്തി മുഴുവൻ വാഡ്രോബിനായി ചെലവഴിച്ചു. മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ. കൊറിയൻ സ്‌റ്റോൺ ആണ് കൗണ്ടറിൽ വിരിച്ചത്. ബിൽറ്റ് ഇൻ ഫ്രിഡ്ജ്, അവ്ൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മാറ്റങ്ങൾ 

  • പുറംകാഴ്ചയിലെ സൺഷെയ്ഡുകൾ നവീകരിച്ചു.
  • പുതിയ പെയിന്റ് നൽകി.
  • പഴയ റൂഫ് ടൈലുകൾ പോളിഷ് ചെയ്തെടുത്തു.
  • പഴയ കുളിമുറികൾ വലുപ്പം കൂട്ടിയെടുത്തു.
  • ലാൻഡ്സ്കേപ്പിങ് നവീകരിച്ചു.
  • അടുക്കളയും വർക്കേരിയയും കൂട്ടിയെടുത്തു വിശാലമാക്കി.

ഇന്റീരിയറിന് 17 ലക്ഷവും എക്സ്റ്റീരിയറിനു 3 ലക്ഷവുമാണ് ചെലവായത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project Facts

Location- Edappal, Malappuram

Area- 2700 SFT

Plot- 10 cent

Owner- Manikanda Menon

Designers- Shafeeq, Naseer

Arcode Designs

Mob- 9400985805