വീടുപണി- കരാർ കൊടുക്കാം, ചെലവ് കുറയ്ക്കാം

വീട് നിർമാണത്തിനായി നമ്മുടെ ബജറ്റിനും സൗകര്യങ്ങൾക്കുമനുസരിച്ച് രണ്ട് രീതിയിൽ കരാർ നൽകാം. (1) ലേബർ കോൺട്രാക്ട് (2) ലേബറും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ട്.

1. ലേബർ കോൺട്രാക്ട്

വീട് പണിക്കാവശ്യമായ സാമഗ്രികള്‍ (സിമന്റ്, കമ്പി, കട്ട, കല്ല്, മണൽ മുതലായവ) ഉടമ സൈറ്റിലെത്തിച്ച് നൽകി, പണിക്കൂലി മാത്രം നൽകുന്ന രീതിയാണ് ലേബർ കോൺട്രാക്ട്. ഇവ തന്നെ മൂന്ന് രീതിയിലുണ്ട്.

എ. ഡെയ്‌ലി വേജസ്: പണി ദിവസങ്ങളിലെ മേസ്തിരി തച്ചും, ഹെൽപ്പർ (മൈക്കാട്) തച്ചും കണക്കാക്കി അതത് ദിവസമോ, ആഴ്ചയിലോ പണിക്കൂലി നൽകുന്ന രീതിയാണിത്. പണിസമയത്ത് ഒപ്പം നിന്ന് നിയന്ത്രിക്കാനോ, സഹായിക്കുവാനോ സ്ഥിരം സാധിക്കുമെങ്കിൽ മേൽപ്പറഞ്ഞ രീതി അവലംബിക്കാവുന്നതാണ്. പണിക്കാവശ്യമായ ആയുധങ്ങൾ (തൂമ്പാ, കൈക്കോട്ട്, ചട്ടി, കുട്ട, വീപ്പ മുതലായവ) ഉടമസ്ഥൻ വാങ്ങി നൽകണം. കോൺക്രീറ്റിനാവശ്യമായ തട്ട് ഷീറ്റ്, പലക, മുട്ട്, ജാക്കി, സ്പാൻ, നില സ്കഫോൾഡിങ് ഇവയെല്ലാം വാടകയ്ക്ക് എടുത്ത് നൽകുക എന്നതും ഉടമസ്ഥന്റെ ഉത്തരവാദിത്തത്തിൽ വരുന്നു.

ബി. സ്ക്വയര്‍ഫീറ്റ് അടിസ്ഥാനമാക്കിയുള്ള ലേബര്‍ കോൺട്രാക്ട്: വീടിന്റെ പ്ലാൻ പ്രകാരമുള്ള തറ വിസ്തീർണം (പ്ലിന്ത് ഏരിയ) കണക്കാക്കി, ഒരു സ്ക്വയര്‍ഫീറ്റിന് ലേബർ തുക പറഞ്ഞുറപ്പിച്ച് കരാർ നൽകുന്ന രീതിയാണിത്.

വീടിന്റെ സ്ട്രക്ചറൽ (വീട് റൂഫ് വാർത്ത്, തേപ്പ് പണികൾ മൊത്തം പൂർത്തീകരിച്ച്, തറയും വാർത്ത് ബേയ്സ്മെന്റ് പോയിന്റിങ് വരെ) പണികൾ സ്ക്വയര്‍ഫീറ്റ് നിരക്ക് കരാറാക്കി പൂർത്തീകരിച്ചതിനു ശേഷം, ബാക്കിയുള്ള ഫിനിഷിങ് ജോലികൾ ഓരോന്നിനും സ്ക്വയർ ഫീറ്റ് നിരക്കിന് കരാറെടുത്ത് പൂർത്തീകരിക്കുന്ന ലേബർ കോൺട്രാക്ടിന് ആവശ്യക്കാർ ഏറെയുണ്ട്. പണിക്കാവശ്യമായ കോൺക്രീറ്റ് മിക്സ്ചർ, വൈബ്രേറ്റർ, ജാക്കി, സ്പാൻ, തകിട്, പലകകൾ ഇവയെല്ലാം സ്വന്തമായുള്ള കോൺട്രാക്ടറാണ് പണി ചെയ്യുന്നതെന്ന് മുൻകൂട്ടി ഉറപ്പാക്കണം.

സി. പീസ് വർക്ക് നിരക്ക് പ്രകാരമുള്ള ലേബർ കോൺട്രാക്ട്: വീട് നിർമാണത്തിലെ ഓരോ ഘട്ടത്തിലും (വാനംവെട്ട്, കരിങ്കല്ലുകെട്ട്, കോൺക്രീറ്റിങ്, തേപ്പ്, തറ, വാർക്ക മുതലായവ) ഓരോ പണിയും പൂർത്തിയാകുമ്പോൾ ക്യുബിക്കടി/ സ്ക്വയര്‍ഫീറ്റ്/ റണ്ണിങ് ഫീറ്റ് രീതിയിൽ അളന്ന് മുൻപറ്റ് കിഴിച്ച് കണക്ക് തീർക്കുന്ന മാർഗമാണിത്. ഓരോ പണിയുടെയും പൂർത്തീകരണഘട്ടത്തിൽ കൃത്യമായി അളന്ന് ലേബർ തുക കണക്കുകൂട്ടി തീർത്ത് പോകാമെന്ന പ്രയോജനവും ഇത്തരം ലേബര്‍ കോൺട്രാക്ടിനുണ്ട്.

2. ലേബറും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ട്

വീടുപണിക്കാവശ്യമായ സമാഗ്രികൾ മുൻകൂട്ടി തീരുമാനിച്ചത് (സ്പെസിഫിക്കേഷൻസ്) പ്രകാരവും ആയതിന് വരുന്ന ലേബർ ചാർജും ചേർത്ത് വരുന്ന ഇത്തരം കോൺട്രാക്ടിന് രണ്ട് വകഭേദങ്ങളുണ്ട്.

എ. സ്ക്വയർ ഫീറ്റ് നിരക്ക് പ്രകാരം: വീടിന്റെ മുഴുവൻ ജോലികളും നിശ്ചിതരീതിയിൽ തറ വിസ്തീര്‍ണം അനുസരിച്ച് സ്ക്വയര്‍ഫീറ്റിന് കരാറുറപ്പിക്കുന്ന രീതിയാണിത്. എല്ലാ പണികളും കരാറില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കി വേണം കരാർ ഉറപ്പിക്കാൻ. പണി തീർത്ത് താക്കോൽ തരുന്ന രീതിയായതിനാൽതന്നെ കോൺട്രാക്ടറുടെ വിശ്വസനീയത ഏറെ പ്രധാനമാണ്.

അഡ്വാൻസ് തുകകൾ നൽകി പണികളെല്ലാം പൂർത്തീകരിക്കുമ്പോൾ അവസാന 10% തുക നൽകി കണക്ക് തീർക്കാവുന്നതാണ്. ഒരു വർഷത്തിനകം വരുന്ന അറ്റകുറ്റപ്പണികൾ കൂടി ചെയ്തു തരേണ്ടത് കോൺട്രാക്ടറുടെ ഉത്തരവാദിത്തത്തിൽ വരുന്നതാണ്. വീട് നിർമാണത്തിലെ സ്ട്രക്ചറൽ ജോലികൾവരെയും ഇത്തരത്തിൽ സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തിൽ കരാർ നൽകാവുന്നതാണ്.

ബി. പീസ് വർക്ക് നിരക്ക് പ്രകാരം

പണിസാമഗ്രികളും ലേബർ തുകയും ചേർത്ത് ഓരോ പണിയും പൂർത്തിയാകുമ്പോൾ അതത് ഘട്ടത്തിൽ ക്യുബിക്കടി/ സ്ക്വയര്‍ഫീറ്റ്/ റണ്ണിങ് ഫീറ്റ് നിരക്കിൽ അളന്ന് കണക്ക് തീർത്തു പോകുന്ന രീതിയാണിത്. ഒപ്പം നിന്ന് ശ്രദ്ധിക്കാനാവുമെങ്കിൽ പണിക്ക് ചെലവാകുന്ന കൃത്യമായ തുക മാത്രമാണ് കോൺട്രാക്ടർക്ക് നൽകുന്നതെന്ന് ഉറപ്പിക്കാനാകുമെന്നതാണ് ഇത്തരം കോൺട്രാക്ടിന്റെ മെച്ചം.

മേൽപ്പറഞ്ഞ രണ്ട് തരത്തിലുള്ള കോൺട്രാക്ടിനും കരാറുകാരന്റെ വിശ്വാസ്യതയും പണികളുടെ ഗുണമേന്മയും, വീടുപണി പൂർത്തീകരണ സമയവും തന്നെയാണ് പ്രധാനമെന്ന് അടിവരയിട്ട് പറയാൻ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പണി പൂർത്തിയായ വീടുകളുടെ ഗുണമേന്മതന്നെയാണ് കോൺട്രാക്ടർ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം.

∙ വിവിധതരത്തിലുള്ള കോൺട്രാക്ടിൽ ഏതാണ് നമുക്ക് അനുയോജ്യമെന്ന് ഡിസൈനറുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.

∙ ഓരോ ഘട്ടത്തിലും നൽകേണ്ടിവരുന്ന തുകയും സ്പെസിഫിക്കേഷൻ പ്രകാരമുള്ള ചെലവും ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കണം.

∙ മികച്ച കോൺട്രാക്ടേഴ്സിനെ തിരഞ്ഞെടുത്താൽ തന്നെ വീടുപണിയുടെ ബുദ്ധിമുട്ടുകൾ ഒഴിവാകും.